കണ്ണീർ തോരാതെയീ അമ്മയാന !, remembering,the elephant killed, bursting cracker, enviornment daya, Padhippura, Manorama Online

കണ്ണീർ തോരാതെയീ അമ്മയാന !

വിടരും മുൻപേ കൊഴിഞ്ഞൊരു പൂവിന്റെ വേദനയായിരുന്നു ഇന്നലെ വാർത്തകളിൽ മുഴുവൻ.. അമ്മയാനയുടെ ഉള്ളിൽ തുടിച്ചു തുടങ്ങിയ ആ പിഞ്ചുജീവനെ ഇല്ലാതാക്കിയതോർത്ത് ലോകം മുഴുവൻ തേങ്ങുകയാണ്. ഈ പാപഭാരം ഉള്ളിൽ അൽപമെങ്കിലും കരുണ അവശേഷിക്കുന്നവരെ വേട്ടയാടുമെന്നുറപ്പ്. അമ്മയാനയുടെ ദാരുണമായ അന്ത്യവാർത്ത അറിഞ്ഞ മറ്റൊരു അമ്മയാന കുട്ടിയാനയെ ഓർമിക്കുന്നു.

ഒരു ആനയുടെ കണ്ണീരിലാണ് ഇന്നത്തെ പരിസ്ഥിതി ദിനം. പ്രകൃതിയെ ദ്രോഹിക്കാതെ, മനുഷ്യ കേന്ദ്രീകൃതമായ ജീവിത രീതികളിൽ മാറ്റം വരുത്തി ഈ പച്ചപ്പും ഹരിതാഭയും വരും തലമുറയ്ക്കു വേണ്ടിയും സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം

കൂട്ടമായി ജീവിക്കുന്ന സാമൂഹിക ജീവികൾ തന്നെയാണു ഞങ്ങൾ. പരസ്പരം വളരെ കരുതലുമുണ്ട്. കുഞ്ഞായിരുന്ന നാൾ മുതൽ അമ്മയെപ്പോലെ തന്നെ എന്നെ കരുതലോടെ നോക്കിയതു കൂട്ടത്തിലെ മുതിർന്നവരായിരുന്നു. എനിക്ക് 14 വയസുള്ളപ്പോഴാണ് ആദ്യമായി കൂട്ടത്തിൽ നിന്നകന്നു പോകാനൊരു ആഗ്രഹം തോന്നുന്നത്. കുറച്ചുനാൾ മാത്രം നീണ്ട ഒരു പ്രണയത്തിനു ശേഷം ഞാൻ തിരികെ പഴയ കൂട്ടത്തിലെത്തി.

കൂട്ടത്തിലെ മുത്തശ്ശിയാനയ്ക്ക് എന്നോടു പ്രത്യേക സ്നേഹമായിരുന്നു. എന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. മുത്തശ്ശി എനിക്കു ഗർഭകാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ പറഞ്ഞുതന്നു. രണ്ടു വർഷത്തോളമാണു ഞാൻ കാത്തിരുന്നത്. കൃത്യമായി പറഞ്ഞാൽ 22 മാസം, അല്ലെങ്കിൽ 660 ദിവസങ്ങൾ. എന്റെ ഉള്ളിൽ വളരുന്ന കുഞ്ഞിന്റെ സാന്നിധ്യം ഞാൻ അറിയുന്നുണ്ടായിരുന്നു. അവസാനത്തെ ഒരാഴ്ച മുതിർന്നവർ എനിക്കൊപ്പം നിന്നു. നല്ല തീറ്റക്കാരിയായ എന്നോടു തീറ്റ കുറയ്ക്കണമെന്ന് അവർ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ഞാൻ സമ്മതിച്ചു. കുട്ടിക്കു പുറത്തേക്കു വരാൻ എളുപ്പത്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അവർ പറഞ്ഞു മനസ്സിലാക്കി.

ഞാനുമായി എല്ലാവരും അരുവിക്കു സമീപമുള്ള സുരക്ഷിതമായ സ്ഥലത്തേക്കു മാറി. കുട്ടിയുണ്ടാകുന്ന സമയമായപ്പോൾ എല്ലാവരും എനിക്കു ചുറ്റും ജാഗ്രതയോടെ നിന്നു. ഇടയ്ക്ക് അടുത്ത് എവിടെയോ ശബ്ദം കേട്ടതും ഒന്നു രണ്ടു മിടുക്കന്മാർ ആ ഭാഗത്തേക്കു പാഞ്ഞു പോകുന്നതു കണ്ടു. ഒരു വാഹനത്തിലെത്തി ഞങ്ങളുടെ ചിത്രം എടുക്കാൻ ശ്രമിച്ച മനുഷ്യരെയാണ് അവർ ആട്ടിയകറ്റിയത്. എന്തൊരു ശല്യമാണ് എന്നോർക്കണേ, ഇവരുടെയൊക്കെ വീടുകളിൽ പോയി ഞങ്ങൾ ഇങ്ങനെ നോക്കി നിൽക്കാറില്ലല്ലോ ? എന്റെ കുട്ടിയെ ഒക്കെ ഇക്കൂട്ടരുടെ കണ്ണിൽ പെടാൻ അനുവദിക്കരുത്. അവനു മൂന്നര അടിയോളം ഉയരവും 110 കിലോ തൂക്കവും ഒക്കെയുണ്ടെങ്കിലും എല്ലാം കുട്ടിക്കളിയാണ്. അവനെ കാണുമ്പോൾ എനിക്കിപ്പോൾ ഓർമ വരുന്നത് ഇക്കഴിഞ്ഞ ദിവസം പരുക്കേറ്റു ദിവസങ്ങളോളം പട്ടിണി കിടന്നു വെള്ളത്തിൽ നിന്നു മരിച്ച അമ്മയാനയെയും ജനിക്കും മുൻപേ വിടപറഞ്ഞ ആ കുഞ്ഞിനെയുമാണ്.

പ്രിയപ്പെട്ട പഠിപ്പുര കൂട്ടുകാർക്ക് ഞാൻ കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം

ആനക്കാര്യങ്ങൾ
∙ഞങ്ങൾ, ആനകളുടെ ആയുസ്സ് 60–70 വർഷമാണ്. 5–12 കുഞ്ഞുങ്ങൾക്കു വരെ ജന്മം നൽകാറുണ്ട്.
∙ഓരോ വർഷവും ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ഞങ്ങൾ, പിടിയാനകൾക്ക് ഇണ ചേർന്നു ഗർഭധാരണത്തിനു സാധിക്കൂ. ഇണചേരൽ സമയത്തു പിടിയാനകൾ കൂട്ടത്തിൽ നിന്നു മാറി നടക്കും.
∙സസ്തനികളിൽ ഏറ്റവും കൂടുതൽ ഗർഭകാലമുള്ളത് ഞങ്ങൾക്കാണ്, 640 മുതൽ 660 ദിവസങ്ങൾ വരെ (ശരാശരി 95 ആഴ്ചകൾ).
∙സാധാരണ പ്രസവത്തിൽ ഒരു കുഞ്ഞ് മാത്രമേ ഉണ്ടാകാറുള്ളൂ.
∙പ്രസവ സമയത്ത് ആനക്കൂട്ടം അമ്മയാനയുടെ ചുറ്റും ഒരു സംരക്ഷണ വലയം തീർക്കും. ശല്യങ്ങളുണ്ടായാൽ ഈ സമയത്തു ഞങ്ങൾ സ്വയരക്ഷാർഥം, ആക്രമിക്കാൻ സാധ്യത വളരെ കൂടുതലാണ്.
∙ അമ്മയെയും കുഞ്ഞിനെയും സംരക്ഷിക്കാനോ വളർത്താനോ കൊമ്പൻമാർ മെനക്കെടാറില്ല.
∙പിറക്കുമ്പോൾ ആനക്കുട്ടിക്കു 110 കിലോഗ്രാം ഭാരരവും ഒരു മീറ്ററോളം ഉയരവുമുണ്ടാകും.

തയാറാക്കിയത്: എസ്. അഖിൽ
വിവരങ്ങൾക്ക് കടപ്പാട് – ഡോ.പി.ബി.ഗിരിദാസ്, ആന ചികിത്സാ കേന്ദ്രം, തൃശൂർ