ബ്ലാക്ക് പാന്തറിന്റെ സാമ്രാജ്യവും കടലും തമ്മിലെന്താണ് ബന്ധം?, Fish, wakanda, Tanzania, Padhippura, Manorama Online

ബ്ലാക്ക് പാന്തറിന്റെ സാമ്രാജ്യവും കടലും തമ്മിലെന്താണ് ബന്ധം?

ലോകത്തിൽ സാങ്കേതികമായി ഏറ്റവും വികസിച്ച രാജ്യം. കിഴക്കൻ ആഫ്രിക്കയിലെ കാടുകൾക്കും പർവതങ്ങൾക്കുമിടയിലാണത്. വക്കാണ്ട എന്നു പേര്. അവിടത്തെ രാജാവാണ് ബ്ലാക്ക് പാന്തർ... സംശയിക്കേണ്ട, പറഞ്ഞു വരുന്നത് മാർവൽ കോമിക്സിലെ വക്കാണ്ടയുടെ കഥ തന്നെയാണ്. ഇനി പറയാൻ പോകുന്ന വക്കാണ്ടയും കിഴക്കൻ ആഫ്രിക്കയിലാണ്. പക്ഷേ, അതു രാജ്യമല്ലെന്നു മാത്രം. ടാന്‍സാനിയയിലെ സാൻസിബാറിൽ തീരത്തു നിന്ന് അൽപംമാറി ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ കണ്ടെത്തിയ ഒരു കുഞ്ഞുമീനാണ് ഇക്കഥയിലെ വക്കാണ്ട.

ആഫ്രിക്കയിൽ പലയിടത്തും കടലിൽ പവിഴപ്പുറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം പലപ്പോഴും ഗവേഷകർക്ക് അവിടേക്ക് എത്താൻ സാധിക്കാറില്ല. സാൻസിബാർ തീരത്തെ പവിഴപ്പുറ്റുകളാകട്ടെ ‘ട്വിലൈറ്റ് സോൺ’ എന്നറിയപ്പെടുന്ന മേഖലയിലുമായിരുന്നു. ഭൂമിയിലെ സമുദ്രങ്ങളുടെ ഏകദേശം മധ്യഭാഗമാണിത്. ഇവിടെ സമുദ്രജലം സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയാണു പതിവ്. അതിനാൽ അധികം ആഴങ്ങളിലേക്കു പ്രകാശം ഇറങ്ങിച്ചെല്ലാറില്ല. വെള്ളത്തിലെ ചെളിയുടെ കലങ്ങൽ അനുസരിച്ച് ഏകദേശം 660 മുതൽ 3300 അടി വരെ ആഴത്തിലുള്ള ഭാഗമാണ് ട്വിലൈറ്റ് സോൺ എന്നറിയിപ്പെടുന്നത്.

പകൽ ഇവിടെ കടലിനടിയിലെ കാഴ്ചകൾ കാണാനുള്ളത്ര സൂര്യപ്രകാശമുണ്ടെങ്കിലും പ്രകാശസംശ്ലേഷണത്തിന് ആ പ്രകാശം പോരാതെ വരും. ‘ഭക്ഷണ’മുണ്ടാക്കാനുള്ള വഴിയില്ലാതായതോടെ ചെടികളൊന്നും മേഖലയിൽ വളരാതായി. ഇരുട്ടും തണുപ്പും കൂടാതെ താഴേക്കു പോകുന്തോറും മർദം കൂടിയായതോടെ സമുദ്രത്തിലെ പവിഴപ്പുറ്റുകൾ പുറംലോകം അറിയപ്പെടാതെ നിലനിൽക്കുകയും ചെയ്തു. ശരിക്കും ബ്ലാക്ക് പാന്തറിന്റെ വക്കാണ്ട പോലെത്തന്നെ. അടുത്തിടെ കലിഫോർണിയ അക്കാദമി ഓഫ് സയൻസസിലെ ഒരു കൂട്ടം ഗവേഷകർ ഈ പവഴിപ്പുറ്റുകളെപ്പറ്റി പഠിക്കാനിറങ്ങി. ആഴങ്ങളിൽ നീന്തുന്നതിനിടെയായിരുന്നു ആ കുഞ്ഞൻ മീൻ കണ്ണിൽപ്പെട്ടത്. തിളങ്ങുന്ന പർപ്പിൾ നിറം. ഏകദേശം ആറു സെന്റിമീറ്ററേയുള്ളൂ നീളം.

മീനിന്റെ ചിത്രമെടുത്ത് യൂണിവേഴ്സിറ്റി ഓഫ് സി‍ഡ്നിയിലെ ടാക്സോണമി വിദഗ്ധൻ യി– കായ് ടീയെ കാണിച്ചു. അദ്ദേഹമാണ് ഇത്രയും കാലം തങ്ങൾ തേടിക്കൊണ്ടിരുന്ന ‘കക്ഷിയാണ്’ കണ്മുന്നിലുള്ളതെന്നു തിരിച്ചറിഞ്ഞത്. ആഫ്രിക്കയിലെ കടലിനടിയിൽ അധികമാരും അറിയപ്പെടാതെ നിലനിന്നിരുന്ന പവിഴപ്പുറ്റുകൾക്കിടയിൽ നിന്നു ലഭിച്ചതിനാൽത്തന്നെ വക്കാണ്ടയെന്നു മീനിനു പേരുമിട്ടു. ജീവശാസ്ത്രത്തിലേക്ക് കുട്ടികളെ ഉൾപ്പെടെ കൂടുതൽ പേരെ ആകർഷിക്കാനാണ് ഇത്തരമൊരു പേരിട്ടതെന്നും യി–കായ് പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും ഈ മീനിന്റെ ഏഴുതരം ബന്ധുക്കളെ നേരത്തേ കണ്ടെത്തിയിരുന്നു. അപ്പോഴും കൂട്ടത്തിൽ ഒരെണ്ണം മാത്രം പിടിതരാതിരിക്കുകയായിരുന്നു. അത് കിഴക്കൻ ആഫ്രിക്കയിൽത്തന്നെയുണ്ടെന്നും ഗവേഷകർ വിശ്വസിച്ചു. ആ വിശ്വാസം ഒടുവിൽ സത്യമാവുകയും ചെയ്തു, വക്കാണ്ടയുടെ രൂപത്തിൽ.

ജീവജാലങ്ങളെ തരംതിരിക്കുന്ന ശാസ്ത്രശാഖയായ ടാക്സോണമിയിലേക്ക് അധികമാരും ആകർഷിക്കപ്പെടുന്നില്ലെന്ന സങ്കടവും ഗവേഷകർക്കുണ്ടായിരുന്നു. ആ പ്രശ്നം മാറ്റാനും കൂടിയാണ് കോമിക് കഥാപാത്രങ്ങളുടെയും ഭാവനാനഗരങ്ങളുടെയുമെല്ലാം പേര് പുതിയ ജീവികൾക്കും ചെടികൾക്കുമൊക്കെ നൽകാൻ തീരുമാനിച്ചത്. വക്കാണ്ട മീൻ ജീവിച്ചിരുന്ന കടലിനടിയിലെ മേഖലയ്ക്കും ഏറെ പ്രത്യേകതകളുണ്ട്. ആവശ്യത്തിനു വെളിച്ചമില്ലാത്തതിനാൽ ഇവിടത്തെ ജീവികൾക്കെല്ലാം വലിയ കണ്ണുകളാണ്. ഇരുട്ടിലും ചെളി നിറഞ്ഞ വെള്ളത്തിലും തെളിഞ്ഞു കാണാൻ ഇതുവഴി സാധിക്കും. മിക്ക ജീവികളും വലുപ്പത്തിൽ ഏറെ ചെറുതും ഇരുണ്ട നിറമുള്ളവയുമാണ്. ഇരുട്ടിൽ ശത്രുക്കളെ കബളിപ്പിച്ച് രക്ഷപ്പെടാൻ വേണ്ടിയാണിത്.