മലിനീകരണം പരിശോധിക്കാൻ മഴയുടെ സാംപിളെടുത്തു, പക്ഷേ ഗവേഷകർ കണ്ടത്...!, Raining plastic, Microscopic fibers, Padhippura, Manorama Online

മലിനീകരണം പരിശോധിക്കാൻ മഴയുടെ സാംപിളെടുത്തു, പക്ഷേ ഗവേഷകർ കണ്ടത്...!

വർണമഴ, തവളമഴ, മഞ്ഞുമഴ, ഒച്ചുമഴ, മീൻമഴ... അങ്ങനെ പലതരം മഴകളെപ്പറ്റി കേട്ടിട്ടുണ്ട്. അവയെപ്പറ്റിയെല്ലാം വാർത്തകളും വന്നിട്ടുണ്ട്. പക്ഷേ നമ്മളാരും കേൾക്കാൻ ആഗ്രഹിക്കാത്ത തരം ഒരു മഴയാണ് യുഎസിൽ പെയ്തിറങ്ങിയത്– പ്ലാസ്റ്റിക് മഴ! ഡെൻവറിലും കൊളറാഡോയിലെ ബോൾഡറിലും ഉൾപ്പെടെ പെയ്ത മഴയിലാണ് ഗവേഷകർ പ്ലാസ്റ്റിക് നാരുകൾ കണ്ടെത്തിയത്. യുഎസ് ജിയോളജിക്കൽ സർവേയുടെ(യുഎസ്ജിഎസ്) നേതൃത്വത്തിലായിരുന്നു എട്ടിടത്തു നിന്നു മഴവെള്ള സാംപിൾ ശേഖരിച്ചത്. അവരുടെ ലക്ഷ്യം പക്ഷേ മഴയിൽ പ്ലാസ്റ്റിക്കുണ്ടോയെന്നു കണ്ടെത്തലായിരുന്നില്ല. മറിച്ച് നൈട്രജൻ മലിനീകരണം മഴയിൽ എത്രമാത്രം രൂക്ഷമാണെന്നു പരിശോധിക്കുകയായിരുന്നു.

അങ്ങനെ ഓരോ സാംപിളും പരിശോധിക്കുന്നതിനിടെയായിരുന്നു ഡെൻവർ, ബോൾഡർ എന്നിവിടങ്ങളില്‍ നിന്നു ലഭിച്ച മഴവെള്ളത്തിൽ പ്ലാസ്റ്റിക് കണ്ടെത്തുന്നത്. ശേഖരിച്ച സാംപിളിൽ 90 ശതമാനത്തിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകുമായിരുന്നില്ല ഇവയെ. ഒരു ഡിജിറ്റൽ ക്യാമറയിൽ ബൈനോക്കുലർ മൈക്രോസ്കോപ് വച്ചു നടത്തിയ പരിശോധനയിലാണ് നാരിന്റെ രൂപത്തിലുള്ള പ്ലാസ്റ്റിക് കണ്ടെത്തിയത്. സിന്തറ്റിക് ഉൽപന്നങ്ങളിൽ നിന്നുള്ള ൈമക്രോ ഫൈബറുകളാണ് ഇവയെന്നാണു കരുതുന്നത്. അതായത് തുണിത്തരങ്ങളിൽ നിന്നും മറ്റും പൊടിഞ്ഞു വേർപെടുന്നത്.

ഇത്തരത്തിൽ പല നിറത്തിലുള്ള ഫൈബറുകൾ കണ്ടെത്തി. നീലനിറത്തിലുള്ള പ്ലാസ്റ്റിക് ഫൈബറായിരുന്നു ഏറെയും. വെള്ളിനിറം, ചുവപ്പ്, പർപ്പിൾ, പച്ച, മഞ്ഞ നിറങ്ങളിലുമുള്ള പ്ലാസ്റ്റിക് നാരുകളും കണ്ടെടുത്തു. പക്ഷേ അപ്പോഴും ഒരു ചോദ്യം മാത്രം ബാക്കി; ഇവയെല്ലാം എങ്ങനെ മഴയുമായി ചേർന്നു? അതിനുത്തരം യുഎസ്ജിഎസിനും നൽകാനായിട്ടില്ല. കാരണം അവർ ലക്ഷ്യമിട്ട പഠനം മഴയിലെ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്താനായിരുന്നില്ല എന്നതുതന്നെ. പക്ഷേ ഒട്ടും താമസിയാതെ പഠനം നടത്തിയേ മതിയാകൂ. കുടിവെള്ളത്തെ വരെ ബാധിക്കുന്ന പ്രശ്നമാണ്.
നേരത്തെയും മഴവെള്ളത്തിൽ പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. തെക്കൻ ഫ്രാൻസിലെ വിവിധ പ്രദേശങ്ങളിലായിരുന്നു അത്. എന്നാൽ അവയെല്ലാം നഗരത്തിൽ നിന്ന് ഏറെമാറി ദ്വീപുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലുമൊക്കെയായിരുന്നു. യുഎസിലെ പഠനം ആശങ്ക കൂട്ടാൻ സമാനമായ ഒരു കാരണം കൂടിയുണ്ട്. നഗരപ്രദേശത്തോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിലും മഴയിൽ പ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അതായത് മനുഷ്യൻ പോലും അധികമാരും എത്തിപ്പെടാത്തയിടങ്ങളിൽ, അവിടങ്ങളിലെ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വളരെ കുറവായിരുന്നു. ചിലയിടത്ത് ഇല്ലായിരുന്നുവെന്നു തന്നെ പറയാം. റോക്കി മൗണ്ടൻസിൽ സമുദ്രനിരപ്പിൽ നിന്ന് 10,400 അടിയോളം ഉയരെയുള്ള പ്രദേശം തന്നെ ഉദാഹരണം.

എങ്കിലും നഗരപ്രദേശങ്ങളിലെ സാംപിളിൽ തന്നെയാണ് പ്ലാസ്റ്റിക്കിന്റെ അംശം കൂടുതൽ. മലിനീകരണം തടയാൻ പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ചിട്ടു പോലും രക്ഷയില്ല. മഴയിൽ ഏറ്റവുമധികം കണ്ടെത്തിയ പ്രദേശങ്ങളിലൊന്നായ ബോള്‍ഡറിൽ പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ചിരിക്കുകയാണ്! ഓരോ വർഷവും മനുഷ്യൻ 70,000ത്തോളം മൈക്രോ പ്ലാസ്റ്റിക് വയറ്റിലെത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ കുഞ്ഞൻ പ്ലാസ്റ്റിക്കിന് 95 കിലോമീറ്റർ വരെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാനാകുമെന്നും തെളിഞ്ഞിട്ടുണ്ട്. അങ്ങനെയായിരിക്കും മഴയിലും പ്ലാസ്റ്റിക് തരി കലർന്നതെന്നാണു കരുതുന്നത്. ‘പ്ലാസ്റ്റിക് പെയ്യുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു യുഎസ്ജിഎസ് ഇതു സംബന്ധിച്ച പഠനം പുറത്തുവിട്ടത്. വെള്ളത്തിലും ഭക്ഷണത്തിലും പ്ലാസ്റ്റിക് കലരുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി പഠനങ്ങൾ നടക്കുന്നതേയുള്ളൂ. അതിനു മുൻപേ ഈ അപകടകാരികളായ കുഞ്ഞന്മാർ എവിടെ നിന്നു വരുന്നു, എങ്ങനെ വെള്ളത്തിൽ കലരുന്നു എന്നൊക്കെ കണ്ടെത്തേണ്ടതുണ്ട്.