ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത്  എന്തുകൊണ്ട്?, Rain, facts and information, Padhippura, Manorama Online

ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് എന്തുകൊണ്ട്?

സീമ ശ്രീലയം

ഇതാ മഴയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ.
മേഘങ്ങളെക്കുറിച്ചും മേഘരൂപീകരണത്തെക്കുറിച്ചുമൊക്കെ പഠിക്കുന്ന ശാസ്ത്രശാഖയാണ് നെഫോളജി. ജല കണികകളുടെ കൂട്ടമാണു മേഘങ്ങൾ. 0.01 മില്ലിമീറ്ററിൽ താഴെ മാത്രം വ്യാസമുള്ള ജലകണികകൾ വായുവിൽ തങ്ങിനിൽക്കും. ഇവയുടെ വലുപ്പം കൂടി വായുവിൽ തങ്ങിനിൽക്കാൻ പറ്റാത്ത ഘട്ടം എത്തുമ്പോഴാണ് ഇവ മഴത്തുള്ളികളായി താഴോട്ട് പതിക്കുന്നത്.

സാധാരണയായി ഒരു മഴത്തുള്ളിയുടെ വ്യാസം 0.5 മില്ലി മീറ്റർ മുതൽ നാലോ അഞ്ചോ മില്ലിമീറ്റർ വരെ ആകാം

ഗുരുത്വാകർഷണ ബലത്താൽ താഴേക്കു പതിക്കുന്ന മഴത്തുള്ളിക്ക് ത്വരണം(acceleration) ഉണ്ടാവുകയും അതിന്റെ വേഗം കൂടി വരികയും ചെയ്യും. എന്നാൽ അതേ സമയം മഴത്തുള്ളിയിൽ വായുവിന്റെ പ്രതിരോധവും അനുഭവപ്പെടും. ഒരു പ്രത്യേക ഘട്ടത്തിൽ ഈ പ്രതിരോധ ബലവും ഗുരുത്വാകർഷണ ബലവും തുല്യമാവുന്നതോടെ മഴത്തുള്ളിയുടെ ത്വരണം പൂജ്യം ആവുകയും ഒരു സ്ഥിര വേഗത കൈവരിക്കുകയും ചെയ്യും. പിന്നെ അതിന്റെ വേഗം കൂടില്ല.

മഴയോടൊപ്പം ചിലയിടങ്ങളിൽ ആലിപ്പഴവും പെയ്യാറുണ്ട്. ഭൂമിയിൽ നിന്ന് അന്തരീക്ഷത്തിലേക്ക് ഉയരുന്ന നീരാവി പെട്ടെന്നു തണുക്കുകയും മുകളിൽ നിന്ന് താഴേക്ക് പ്രവഹിക്കുന്ന തണുത്ത വായുവുമായി സമ്പർക്കത്തിൽ വരികയും ചെയ്യുമ്പോൾ അവ പെട്ടെന്ന് ഘനീഭവിച്ച് ചെറിയ ഐസ് കഷണങ്ങളായി മാറും. ക്രമേണ ഇവയുടെ വലുപ്പം കൂടുകയും ഐസ് കഷണങ്ങൾ താഴേക്കു വീഴുകയും ചെയ്യുന്നതാണ് ആലിപ്പഴം.

ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ അല്ലേ കാണപ്പെടുന്നത്? ജലത്തിന്റെ പ്രതലബലമാണ് ഇതിനു കാരണം.മഴത്തുള്ളികൾ ജനൽ ചില്ലിലും വാഹനങ്ങളുടെ ഗ്ലാസിലുമൊക്കെ പറ്റിപ്പിടിക്കാൻ കാരണം അഡ്‌ഹിഷൻ ബലമാണ്.

വെള്ളത്തുള്ളികളെ തമ്മിൽത്തമ്മിൽ ചേർത്തു നിർത്തുന്നത് കൊഹിഷൻ ബലമാണ്.