അച്ഛൻ മകൾക്ക് സമ്മാനിച്ച രാജ്യം! | Princess Emily Of Heaton Kingdom | Padippura | Manorama Online

അച്ഛൻ മകൾക്ക് സമ്മാനിച്ച രാജ്യം!

വി.ആർ. വിനയരാജ്

രാജ്യങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും ഉള്ള അതിർത്തി തർക്കങ്ങളുടെ വാർത്തകൾ നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. രാജ്യാതിർത്തി നിർണയിച്ചപ്പോൾ സംഭവിച്ച ഒരു തെറ്റും അതുവഴി ഉടമസ്ഥനില്ലാതായ ഒരു സ്ഥലത്തിന്റെ കഥയും അറിയാം ഒന്നിലധികം രാജ്യങ്ങൾ തങ്ങളുടേതാണെന്ന് പറയുന്ന വിവിധ ഭൂവിഭാഗങ്ങളെപ്പറ്റി നമുക്കറിയാം. എന്നാൽ ആരും അവകാശം ഉന്നയിക്കാത്ത ഒരു സ്ഥലം ഉണ്ട് ആഫ്രിക്കയിൽ. ഇത്തരം സ്ഥലങ്ങളെ ടെറാ നള്ളിയസ് (Terra nullius) എന്നു വിളിക്കും. രാജ്യാന്തര നിയമങ്ങളാൽ അന്റാർട്ടിക്ക ഒഴിവാക്കിയാൽ അത്തരം ഒരേയൊരു സ്ഥലമേ ഇന്നു ഭൂമിയിൽ ഉള്ളൂ. അതാണ് ബിർ തവിൽ (Bir Tawil). അതിന്റെ കഥയിതാ..

ഏഴുവയസ്സുകാരിയായ മകൾ എമിലിക്ക് ഒരു രാജകുമാരിയാകണമെന്നു പറഞ്ഞപ്പോൾ അമേരിക്കക്കാരനായ ജെറേമിയ ഹീറ്റൺ അതൊരു തമാശയായി എടുത്തില്ല. ഭൂമിയിലെവിടെയെങ്കിലും ആരും അവകാശപ്പെടാത്ത സ്ഥലങ്ങളുണ്ടോ എന്ന് അയാൾ ഇന്റർനെറ്റ് എടുത്ത് തിരഞ്ഞുതുടങ്ങി. ആകെ കണ്ട ഒരിടം അന്റാർട്ടിക്ക മാത്രമായിരുന്നു, പക്ഷേ, രാജ്യാന്തര ഉടമ്പടികൾ പ്രകാരം ആർക്കും അന്റാർട്ടിക്കയിൽ സ്ഥലം സ്വന്തമാക്കാനാവില്ലായിരുന്നു. പിന്നെയും തിരച്ചിൽ തുടർന്നു. ഈജിപ്തിനും സുഡാനും ഇടയിൽ ആരും ഉടമസ്ഥത അവകാശപ്പെടാത്ത ഒരു സ്ഥലമുണ്ടെന്നു മനസ്സിലാക്കി. ആ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് അന്വേഷിക്കാൻ അവിടേക്ക് വിമാനം കയറി.ഈജിപ്തിനും സുഡാനും ഇടയിൽ രണ്ടുരാജ്യങ്ങളും അവകാശപ്പെടാതെ കിടക്കുന്ന ഏതാണ്ട് 2060 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് ബിർ തവിൽ (Bir Tawil). 1899ലും 1902ലും സുഡാനും ഈജിപ്തും കൂടി അതിർത്തികൾ രേഖപ്പെടുത്തിയപ്പോൾ ഉണ്ടായ ചെറിയൊരു പിശകു കാരണമാണ് ഇങ്ങനെ സംഭവിച്ചത്. അതിനാൽ ഈ ഒരു പ്രദേശം മാത്രമാണ് ഇന്ന് ലോകത്തിൽ ആരാലും അവകാശപ്പെടാതെ കിടക്കുന്ന ഏകസ്ഥലം. ബദുക്കൾ (Bedouins) എന്നറിയപ്പെടുന്ന ഒരു നാടോടിക്കൂട്ടം ഇതിലെ ചുറ്റിയടിക്കുന്നതൊഴിച്ചാൽ ഈ മരുഭൂമിയിൽ സ്ഥിരതാമസക്കാരൊന്നും വേറെയില്ല. ഇങ്ങനെ ആരാലും അവകാശപ്പെടാതെ ആരുടേതും അല്ലാത്ത ബിർ തവിൽ ഒരു ടെറാ നള്ളിയസ് ആണ്.

അങ്ങനെ കയ്റോയിൽ വന്നിറങ്ങിയ ഹീറ്റൺ ഒരു മരുഭൂമി സഞ്ചാരക്കൂട്ടത്തിന്റെ കൂടെ 14 മണിക്കൂർ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് ബിർ തവിലിൽ എത്തി. മക്കൾ തയാറാക്കി കൊടുത്തുവിട്ട കൊടി അവിടെ നാട്ടി.

അത് ഇനിമുതിൽ ഹീറ്റൺ എന്ന രാജ്യമായി അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് കുട്ടികളുടെ നിർദേശം മാനിച്ച് ഔദ്യോഗികമായി അതിന് കിങ്ഡം ഓഫ് നോർത്ത് സുഡാൻ എന്ന് നാമകരണം ചെയ്തു. തിരിച്ചെത്തിയ ഹീറ്റൺ തന്റെ കൊച്ചുരാജകുമാരിക്ക് ഒരു ചെറുകിരീടം ഉണ്ടാക്കി നൽകുകയും അവളെ എല്ലാവരും എമിലി രാജകുമാരി എന്നു വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പലരും ഓൺലൈൻ ആയും മറ്റുമൊക്കെ ഈ സ്ഥലത്തിന് അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും അവിടെ നേരെപോയി കൊടിനാട്ടിയതിനാൽ തനിക്കാണ് അതിന്റെ അവകാശമെന്ന് ഹീറ്റൺ പറയുന്നു. കാര്യം ഒക്കെ തമാശയാണെങ്കിലും തന്റെ കൊച്ചുമകൾക്ക് രാജകുമാരിയാവാനുള്ള ആഗ്രഹം നിറവേറ്റാൻ ഏതറ്റം വരെയും പോകാൻ തയാറായ പിതാവായി ഹീറ്റൺ മാറി.