7 വർഷം ‘ഒളിവിൽ’, ഒടുവിൽ ആ രാത്രി കണ്ടെത്തി ആലിസിന്റെ അദ്ഭുത ആട്ടിൻകുട്ടിയെ!, The fall of the khmer empire, Angkor Wat, Padhippura, Manorama Online

7 വർഷം ‘ഒളിവിൽ’, ഒടുവിൽ ആ രാത്രി കണ്ടെത്തി ആലിസിന്റെ അദ്ഭുത ആട്ടിൻകുട്ടിയെ!

ഓസ്ട്രേലിയൻ ദ്വീപായ ടാസ്മാനിയയിലെ തീരദേശ ഗ്രാമങ്ങളിലൊന്നാണ് ഡണലി. 2013ൽ അവിടെ ഒരു വമ്പൻ കാട്ടുതീയുണ്ടായി. ഒട്ടേറെ കെട്ടിടങ്ങളും പതിനായിരക്കണക്കിന് ഏക്കർ പ്രദേശവും കത്തിനശിച്ചു. അതിനിടയിൽ പ്രദേശത്തെ ഫാമുകളിലൊന്നിൽനിന്ന് ഒരു ചെമ്മരിയാടിനെ കാണാതായി. പ്രിക്ക്ൾസ് എന്നായിരുന്നു അവളുടെ പേര്. കുറച്ചുനാൾ അതിനെ അന്വേഷിച്ച് ഉടമസ്ഥ ആലിസ് ഗ്രേ നടന്നു. പിന്നെ ശ്രമം ഉപേക്ഷിച്ചു. ആലിസിന്റെ ഫാമിന്റെ കുറേ ഭാഗവും തീപിടിത്തത്തിൽ നശിച്ചിരുന്നു. പക്ഷേ ഏഴു വർഷത്തിനൊടുവിൽ ഒരു ദിവസം ആലിസിന്റെ കണ്മുന്നിലേക്ക് അദ്ഭുതകരമായി ആ ആട്ടിൻകുട്ടി തിരിച്ചെത്തി. കോവിഡ് കാലത്ത് ഒട്ടേറെ പേർക്ക് സഹായകരവുമായി ആ തിരിച്ചുവരവ്! ഏഴു വർഷം ഇവളെവിടെപ്പോയതാണ്? ഇപ്പോഴും ആർക്കുമറിയില്ല.

2013ലെ കാട്ടുതീ കാലത്ത് ഒട്ടേറെ മൃഗങ്ങൾ ഓടിരക്ഷപ്പെട്ടിരുന്നു. എന്നാൽ അക്കൂട്ടത്തിൽ ഇതുവരെ തിരിച്ചെത്തിയത് പ്രിക്ക്ൾസ് മാത്രമായിരുന്നു‌. പോകുമ്പോൾ വലുപ്പം കുറഞ്ഞ് സുന്ദരിയായിരുന്ന പ്രിക്ക്ൾസ് തിരിച്ചെത്തിയപ്പോൾ ദേഹമാകെ രോമം നിറഞ്ഞ നിലയിലായിരുന്നു. ഈ ആടിനെ കണ്ടെത്തിയ കഥയും രസകരമാണ്. ആലിസിന്റെ ഫാമിനു ചുറ്റും കള്ളന്മാരെ പിടികൂടാൻ നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഒരു ദിവസം അതിന്റെ വിഡിയോ പരിശോധിച്ചപ്പോഴുണ്ട് ആടുകൾക്കിടയിൽ ദേഹം മുഴുവന്‍ വെളുത്ത രോമങ്ങളുമായി ‘ഉരുണ്ട’ ഒരു ചെമ്മരിയാട് നിൽക്കുന്നു. അതിനെ പിന്നെ കണ്ടതുമില്ല.


ആലിസിന്റെ മകന്റെ ആറാം പിറന്നാൾ പാർട്ടിക്കിടെയായിരുന്നു പിന്നീടതിനെ ഒരു മിന്നായം പോലെ കാട്ടിൽ കണ്ടത്. രാത്രിയായതിനാൽ പിറകെ പോകാനുമായില്ല. പിറ്റേന്ന് ഭർത്താവുമൊത്ത് പ്രദേശം മുഴുവൻ അരിച്ചുപെറുക്കിയപ്പോഴാണ് സാധാരണ ചെമ്മരിയാടിനേക്കാൾ അഞ്ചിരട്ടി വലുപ്പവുമായി പ്രിക്ക്ൾസിനെ കണ്ടെത്തുന്നതും പിടികൂടി വീട്ടിലേക്കു കൊണ്ടുവരുന്നതും. തന്റെ ആട്ടിൻപറ്റത്തിന്റെ പഴയ ഒരു ഫോട്ടോയുമായി താരതമ്യം ചെയ്തു നോക്കിയാണ് പ്രിക്ക്ൾസിനെ ആലിസ് തിരിച്ചറിഞ്ഞത്. ഇത്രയും കാലം കഴിയുമ്പോൾ സാധാരണ ചെമ്മരിയാടുകളുടെ മുഖത്തും രോമം നിറഞ്ഞ് കാഴ്ച മറയേണ്ടതായിരുന്നു. എന്നാൽ മുഖത്തു രോമം വളരാത്ത ഇനമായതിനാൽ സ്വാതന്ത്ര്യത്തോടെ എല്ലായിടത്തും മേഞ്ഞു നടന്ന് ഭക്ഷണം കണ്ടെത്തി ജീവിക്കാനും ഇതിനായി.

ആലിസിന്റെ ഫാമിനോടു ചേർന്നുതന്നെ ഏകദേശം 200 ഏക്കർ വരുന്ന വനപ്രദേശമായിരുന്നു. തീപിടിത്തത്തിനു ശേഷം ആ ഭാഗത്തെയും ഫാമിനെയും വേർതിരിച്ച് വലിയൊരു വേലി കെട്ടിപ്പൊക്കിയിരുന്നു. അതുകൊണ്ടാകാം പ്രിക്ക്ള്‍സിന് മടങ്ങിവരാനാകാഞ്ഞത് എന്നാണു കരുതുന്നത്. എന്തായാലും പുള്ളിക്കാരി ഏറെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് തിരിച്ചെത്തിയത്. കോവിഡ് ലോക്ഡൗൺകാലത്തെ പ്രിക്ക്ൾസിന്റെ തിരിച്ചുവരവിനെ ആ രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിനുതന്നെ ഉപയോഗിച്ച് ആലിസ് കയ്യടിയും നേടി. കോവിഡ് കാലത്തിനു മുൻപേതന്നെ ഫലപ്രദമായി ‘സാമൂഹിക അകലം’ പാലിച്ച് പ്രിക്ക്ൾസ് മാതൃകയായെന്നായിരുന്നു ചിലർ പറഞ്ഞത്.

അഭയാർഥികൾക്കായുള്ള യുഎൻ കൂട്ടായ്മയായ യുഎൻഎച്ച്സിആറിനെ സഹായിക്കാനും പ്രിക്ക്ൾസിനെ ആലിസ് ഉപയോഗപ്പെടുത്തി. ‘വലിയൊരു കമ്പിളിപ്പന്ത്’ എന്നായിരുന്നു ആലിസ് ഈ ചെമ്മരിയാടിനെ വിശേഷിപ്പിച്ചത്. അതിന്റെ ദേഹത്തെ രോമം മുഴുവൻ വെട്ടിയെടുത്താൽ ഏകദേശം എത്ര കിലോഗ്രാം ഉണ്ടാകുമെന്ന് ഊഹിക്കാനുള്ള മത്സരമായിരുന്നു ഒരു വെബ്സൈറ്റ് വഴി ആലിസ് നടത്തിയത്. മത്സരത്തിന് എൻട്രി ഫീ ഏർപ്പെടുത്തി അതുവഴി 5000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 2.4 ലക്ഷം രൂപ) സ്വരുക്കൂട്ടുകയായിരുന്നു ലക്ഷ്യം, പക്ഷേ ലഭിച്ചത് 12,000 ഡോളറിലേറെ! അതായത് ആറു ലക്ഷത്തിലേറെ രൂപ.

ശുചിത്വസംവിധാനങ്ങൾ പോലുമില്ലാതെ ലോകത്ത് പലയിടത്തും ബുദ്ധിമുട്ടുന്നവർക്കു വേണ്ടിയായിരിക്കും ഈ തുക ഉപയോഗിക്കുകയെന്നും ആലിസ് പറയുന്നു. ഏകദേശം 13.6 കിലോഗ്രാം രോമമാണ് ആടിന്റെ ദേഹത്തുനിന്നു വെട്ടിയെടുത്തത്. ഇതിന് ആറു മിനിറ്റേ വേണ്ടിവന്നുള്ളൂ. ഉരുണ്ട പന്തിന്റെ രൂപത്തിൽനിന്ന് സാധാരണ ആട്ടിൻകുട്ടിയായുള്ള പ്രിക്ക്ൾസിന്റെ രൂപമാറ്റത്തിന്റെ ചിത്രങ്ങളും ആലിസ് പങ്കുവച്ചിരുന്നു. കൃത്യമായി കമ്പിളിയുടെ അളവ് പ്രവചിച്ച വിജയിക്ക് ഒരു സർട്ടിഫിക്കറ്റാണു സമ്മാനം, ഒപ്പം നല്ലൊരു ലക്ഷ്യത്തിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായതിന്റെ ആനന്ദവും.