പരീക്ഷയ്ക്ക് നല്ല മാർക്ക് നേടാം, സൂപ്പർ വിദ്യ

പരീക്ഷയെ ഓര്‍ത്ത് കൂട്ടുകാര്‍ ടെന്‍ഷനിലാണോ..? പഠിക്കാത്ത ഭാഗത്തു നിന്നാകും ചോദ്യം വരിക, സമയത്ത് എഴുതിത്തീരില്ല, സ്കോര്‍ കുറഞ്ഞുപോകും എന്നിങ്ങനെ ചിന്തിച്ച് പിരിമുറുക്കത്തിലാണോ..?. ഇവ ഒഴിവാക്കാൻ ഒരു വഴി പറയാം– കോഗ്നിറ്റീവ് ബിഹേവിയർ തെറപ്പി. നെഗറ്റീവ് ചിന്തകളെ മാറ്റി അവിടെ പോസിറ്റീവ് ചിന്തകൾ കൊണ്ടു നിറയ്ക്കുക. നല്ല ചിന്തകളിലൂടെ മനോഭാവം മാറ്റിയെടുക്കുകയാണിവിടെ.

നമ്മൾ വിചാരിക്കാതെ തന്നെ നെഗറ്റീവ് ചിന്തകള്‍ വന്നുകൊണ്ടേയിരിക്കും. ഇതിനെ ഓട്ടമാറ്റിക് നെഗറ്റീവ് തോട്സ് അഥവാ ANTS എന്നു വിളിക്കാം. പേരു പോലെ തന്നെ, സകലയിടത്തും നുഴഞ്ഞുകയറി കടിച്ചുകൊണ്ടിരിക്കുന്ന ഉറുമ്പുകളുടെ സ്വഭാവം തന്നെ ഇവയ്ക്കും. ഈ ഉറുമ്പുകളെ ഓട്ടമാറ്റിക് പോസിറ്റീവ് തോട്സ് അഥവാ APT ആക്കി മാറ്റണം. ഞാൻ നന്നായി പഠിക്കും, പരീക്ഷ എളുപ്പമാകും, പഠിച്ചതെല്ലാം ഓർത്തിരിക്കും എന്നു തുടരെ പറയുക. ഇവ മനസ്സിനുള്ള നിർദേശങ്ങളായി മാറും.

കുഴപ്പം പിടിച്ച ചിന്തകളെ ഇല്ലാതാക്കാൻ ഒരു മാർഗം കൂടി പറയാം. ഇതിനെ പേപ്പർ പെൻസി‍ൽ ടെക്നിക് എന്നു വിളിക്കുന്നു. പേപ്പറും പെൻസിലുമെടുക്കുക– ഇനി നിങ്ങളുടെ ചിന്തകളും ചോദ്യങ്ങളും അതിൽ എഴുതിക്കോളൂ. ‘എനിക്ക് പഠിക്കാൻ പറ്റില്ല’ എന്ന് എഴുതിയെങ്കിൽ ഉടൻ തന്നെ ഒരു ചോദ്യവും എഴുതണം. വൈ? എന്തുകൊണ്ട്. ഇനി ഉത്തരം വരട്ടെ. ഞാൻ വിചാരിക്കാത്തതു കൊണ്ടാണു പഠിക്കാത്തത്, ശ്രദ്ധയില്ലാത്തതു കൊണ്ടാണ്.. എന്നിങ്ങനെ ഉത്തരങ്ങൾ എഴുതി വരുമ്പോൾ നിങ്ങൾക്കു നിങ്ങളെ ശരിക്കു മനസ്സിലാകും (സെൽഫ് അനാലിസിസ്). സ്വയം എന്തെല്ലാം കാര്യങ്ങളാണു തിരുത്തേണ്ടതെന്നു തിരിച്ചറിയാനുമാകും.