പ്ലാസ്റ്റിക്കിലെ ഈ വസ്തു മാരകവിഷം!

വിജയകുമാർ ബ്ലാത്തൂർ

പ്ലാസ്റ്റിക്കിനോട് ജാഗ്രത ഇക്കൊല്ലം യുഎൻ പരിസ്ഥിതി ദിനാചരണത്തിന്റെ ആതിഥേയ രാജ്യം ഇന്ത്യ പ്ലാസ്റ്റിക് പൂർണമായി ഉപേക്ഷിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ പറ്റില്ല. എന്നാൽ, കരുതലോടെ ഉപയോഗിച്ച് പ്രകൃതിക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കാം

നിർമാണച്ചെലവ് വളരെ കുറവ്, ഇഷ്ടരൂപത്തിൽ മാറ്റിമറിക്കാം, ദീർഘകാലം ഉപയോഗിക്കാം എന്നതൊക്കെയാണു പ്ലാസ്റ്റിക്കിനെ എല്ലാവരുടെയും പ്രിയവസ്തുവാക്കിയത്. പ്ലാസ്റ്റിക് പൂർണമായും ഇല്ലാത്ത ഒരു സംവിധാനം ചിന്തിക്കാൻ കൂടിയാവില്ല. പക്ഷേ, പ്ലാസ്റ്റിക് വില്ലനാകുന്നത് അതിന്റെ രാസഘടനയുടെ പ്രത്യേകതകൊണ്ടു കൂടിയാണ്. സാധാരണ പ്രകൃതി പ്രതിഭാസങ്ങൾ കൊണ്ടൊന്നും എളുപ്പത്തിൽ ഇവ നശിക്കില്ല. നൂറുകണക്കിനു വർഷം ഇവ മണ്ണിലും വെള്ളത്തിലും വിഷ രാസഘടകങ്ങൾ പുറപ്പെടുവിപ്പിച്ചു കിടക്കും.

പ്ലാസ്റ്റിക് സർജറി
ശരീരഭാഗങ്ങളെ രൂപമാറ്റം വരുത്തുന്ന ശസ്ത്രക്രിയയാണ് പ്ലാസ്റ്റിക് സർജറി. സുപരിചിതമായ ‘പ്ലാസ്റ്റിക് വസ്തുക്കൾ’ കൊണ്ടല്ല അങ്ങനെ ചെയ്യുന്നത്. പ്ലാസ്റ്റിക്കിന് ആ പേരു വന്നതും ഇഷ്ടം പോലെ രൂപമാറ്റം വരുത്താനുള്ള അതിന്റെ കഴിവുകൊണ്ടു കൂടിയാണ്.

വിഷമയം
കടൽ വെള്ളത്തിലെ പ്ലാസ്റ്റിക്, കരയിലുള്ളതിലും വേഗം ഘടകങ്ങളായി വേർതിരിയും. ബിസ്ഫിനോൾ A പോലുള്ള വിഷാംശങ്ങൾ അവ പുറപ്പെടുവിപ്പിക്കും. ഡൈ ഈതൈൽ ഹെക്സൈൽ താലേറ്റ് (diethylhexyl phthalate) പോലുള്ള കാൻസറിനു കാരണമാകുന്ന വിഷപദാർഥങ്ങൾ കൂടാതെ മെർക്കുറി, ലെഡ് തുടങ്ങിയ ലോഹാംശങ്ങളും ഇവയിലുണ്ടാകും. ഭക്ഷ്യശൃംഖലയുടെ ഭാഗമായി സസ്യങ്ങളിലും കടൽ ജീവികളിലും മത്സ്യങ്ങളിലും അവ ഭക്ഷിക്കുന്ന മനുഷ്യരിലും ഈ ഗുരുതര വിഷവസ്തുക്കൾ എത്തും.
കടൽ ജീവികളുടെ കഷ്ടകാലം
മണ്ണിൽ ഉപേക്ഷിച്ചും, ഒഴുകി കടലിലെത്തിയും കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് വസ്തുക്കളിൽ കടൽ ജീവികൾ കുരുക്കിലാകുന്നുണ്ട്. സ്വൈരമായി സഞ്ചരിക്കാനാകാതെയും, ഇരപിടിയന്മാരിൽ നിന്നു രക്ഷപ്പെടാനാകാതെയും പട്ടിണികൊണ്ടും ഇവ ചാകുന്നു. ഭക്ഷണമെന്നു തെറ്റിദ്ധരിച്ചു പ്ലാസ്റ്റിക് തിന്ന കടലാമ, കടൽ പക്ഷി എന്നിവ അന്നനാളം അടഞ്ഞ് പിന്നൊന്നും കഴിക്കാനാവാതെ ചത്തുപോകുന്നതു സാധാരണമാണ്. തിമിംഗലങ്ങൾ വരെ വയറിൽ പ്ലാസ്റ്റിക് കുടുങ്ങി ചത്തുപോകുന്നുണ്ട്.

പ്ലാസ്റ്റിക് കഷണങ്ങൾ
അഞ്ച് മില്ലിമീറ്റർ വ്യാസത്തിൽ കുറവ് വലുപ്പമുള്ള പ്ലാസ്റ്റിക് അംശങ്ങളെ മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നാണു വിളിക്കുന്നത്. ഇവ ചിലപ്പോൾ നമ്മുടെ മുടിനാരിന്റെ വണ്ണം പോലും ഇല്ലാത്തത്ര ചെറുതാവും - ഒരു ചതുരശ്ര കിലോമീറ്റർ കടൽപരപ്പിൽ ഇത്തരം മൂന്നുലക്ഷം പ്ലാസ്റ്റിക് തരികൾ വരെ ഉണ്ടാവും 20 മില്ലിമീറ്റർ വരെ വലുപ്പമുള്ളവ മാക്രോ അവശിഷ്ടങ്ങളായാണു കണക്കാക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകൾ, ചെരിപ്പുകൾ, വലകൾ, തുണികൾ, സൗന്ദര്യ വർധക വസ്തുക്കൾ, കത്തിച്ചുകളയാതെ വലിച്ചെറിഞ്ഞ ആശുപത്രി മാലിന്യങ്ങൾ തുടങ്ങിയവ ദീർഘകാലം കൊണ്ടു പൊടിഞ്ഞ് ചെറിയ കഷണങ്ങളും തരികളുമായി കടലിൽ പൊങ്ങിക്കിടക്കും. അഞ്ചുലക്ഷം കോടി പ്ലാസ്റ്റിക് കഷണങ്ങളാണു നമ്മുടെ കടലുകളിൽ പൊങ്ങിക്കിടക്കുന്നത്

പത്തുലക്ഷം കടൽപക്ഷികളും ഒരുലക്ഷം കടൽ സസ്തനികളും പ്ലാസ്റ്റിക് മൂലം കൊല്ലപ്പെടുന്നുണ്ട്.

കത്തിച്ചു കളഞ്ഞ കുറച്ച് അളവൊഴിച്ച് ഭൂമിയിൽ ഇതുവരെ നിർമിച്ച സർവ പ്ലാസ്റ്റിക്കും ഇപ്പോഴും എവിടെയെങ്കിലുമായി ബാക്കി കിടപ്പുണ്ട്.

A + കിട്ടിയതിന് അഭിനന്ദിക്കാനും കല്യാണാശംസയ്ക്കും വിനോദയാത്ര വണ്ടിയിൽ കെട്ടാനും പോലും ഫ്ലെക്സ് ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ ചെയ്യാം.