അതെ പ്ലാസ്റ്റിക്ക് കൊല്ലുകയാണ്...കടലിനെയും കടൽ ജീവികളെയും ഇഞ്ചിഞ്ചായി !

തയാറാക്കിയത്: നവീൻ മോഹൻ

ഒരു വർഷം ഒരു കോടി സമുദ്രജീവികൾ, 10 ലക്ഷം കടൽപ്പക്ഷികൾ, ആയിരത്തിലേറെ കടലാമകൾ...ഇതെന്തു കണക്കാണെന്ന് ആലോചിക്കാൻ വരട്ടെ! സന്തോഷിക്കുന്നതല്ല, സങ്കടപ്പെടുത്തുന്ന കണക്കുകളാണിത്. ലോകത്ത് പ്ലാസ്റ്റിക് മലിനീകരണം കാരണം കൊല്ലപ്പെടുന്ന സമുദ്രജീവികളുടെ ഈ കണക്ക് ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ലോകം ജൂൺ അഞ്ചിനു പരിസ്ഥിതി ദിനം ആചരിക്കുമ്പോൾ ഈ കണക്കുകൾ നാമൊരിക്കലും മറക്കാനും പാടില്ല. ഇത്തവണത്തെ പരിസ്ഥിതിദിനത്തിന്റെ സന്ദേശവും ‘പ്ലാസ്റ്റിക് മലിനീകണം ഇല്ലാതാക്കൂ...’ എന്നതാണ്. 1975ൽ പുറത്തു വന്ന ഒരു കണക്കു പ്രകാരം 630 കോടി കിലോഗ്രാം മാലിന്യം ഓരോ വർഷവും ലോകത്തിലെ വിവിധ സമുദ്രങ്ങളിൽ തള്ളുന്നുണ്ട്. അതായത് മണിക്കൂറിൽ 6.75 ലക്ഷം കിലോഗ്രാം എന്ന കണക്കിൽ. ഇതിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. മനുഷ്യരെപ്പോലെയല്ല, കടൽജീവികൾക്ക് പ്ലാസ്റ്റിക്കും ഭക്ഷ്യമാലിന്യങ്ങളും വേർതിരിച്ചറിയാനാകില്ല. ഭക്ഷ്യയോഗ്യമാണെന്നു കരുതി അവ പ്ലാസ്റ്റിക് സഞ്ചികളും കപ്പുകളും കുപ്പികളും വരെ തിന്നും. വൈകാതെ ദഹനവ്യവസ്ഥ തകർന്നു ചാവുകയും ചെയ്യും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടുത്തിടെയുണ്ടായ ഒരു സംഭവം ലോകം ചർച്ച ചെയ്യുകയാണിപ്പോൾ.

സ്കോട്‌ലൻഡിലാണു സംഭവം. അവിടെ ‘ഐൽ ഓഫ് സ്കെ’ എന്നറിയപ്പെടുന്ന സ്ഥലത്തെ സമുദ്രതീരത്ത് ഒരു ഹാർപ് സീലിന്റെ മൃതശരീരം വന്നടിഞ്ഞു. ആർട്ടിക്കിലെയും അറ്റ്‌ലാന്റിക്കിലെയും മുങ്ങാംകുഴി വിദഗ്ധരാണ് ഈ സീലുകൾ. വെള്ളത്തിൽ 1000 അടി താഴേക്കു വരെ പോകാനുള്ള കഴിവുണ്ട്. 15 മിനിറ്റു വരെ വെള്ളത്തിൽ മുങ്ങിയിരിക്കാനും സാധിക്കും. മുഴുവൻ സമയവും വെള്ളത്തിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഇവയ്ക്ക് ‘ഡൈവിങ്’ ആണ് ഏറെ ഇഷ്ടം. ഉത്തരാർധഗോളത്തിൽ കാണപ്പെടുന്നവയാണ് ഇത്തരം സീലുകൾ. സ്കോട്‌ലൻഡിൽ ഒരുതരത്തിലും കാണാൻ സാധ്യതയില്ലാത്തത്. വംശനാശ ഭീഷണി നേരിടുന്ന ജീവിയുമല്ല ഇത്. ആ കൗതുകത്തിലാണു സമുദ്രഗവേഷകർ ഇതിന്റെ മൃതശരീരം പരിശോധിക്കാൻ തീരുമാനിച്ചത്. ഏകദേശം ഒരു വയസ്സു മാത്രം പ്രായമുള്ള സീൽ ആയിരുന്നു അത്. മൃതദേഹ പരിശോധനയിലാണ് സീൽ ചത്തുപോയതിന്റെ കാരണം കണ്ടെത്തിയത്– അതിന്റെ വയറ്റിൽ കിടന്നിരുന്ന ഒരു പ്ലാസ്റ്റിക് കഷ്ണം!

രണ്ട് ഇഞ്ച് മാത്രമായിരുന്നു ആ പ്ലാസ്റ്റിക്കിന്റെ വലുപ്പം. ഏതോ സഞ്ചിയുടെ കഷ്ണമായിരുന്നു ഹാർപ് സീൽ വിഴുങ്ങിയത്. പ്ലാസ്റ്റിക് കഴിച്ചുള്ള മരണം വളരെ അപൂർവമായേ സീലുകളിൽ സംഭവിക്കാറുള്ളൂ. ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക്കും തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ അവയ്ക്കുണ്ടെന്നാണു കരുതിയിരുന്നത്. എന്നാൽ അതു മുതിർന്ന സീലുകൾക്കേ സാധിക്കുകയുള്ളൂവെന്നും ഹാർപ് സീലിന്റെ മരണത്തോടെ ഗവേഷകർ ഉറപ്പിച്ചു. സാധാരണഗതിയിൽ മത്സ്യബന്ധന വലകളിൽപ്പെട്ടാണ് സീലുകൾ ചാകാറുള്ളത്. കടലിൽ ഉപേക്ഷിക്കുന്ന വലകളും സീലുകൾക്കു വൻ ഭീഷണിയാണ്. സ്കോട്ടിഷ് തീരത്തടിഞ്ഞ ഹാർപ് സീലിന്റെ മൃതദേഹം മെലിഞ്ഞുണങ്ങിയിരുന്നു. ദേഹം നിർജലീകരണത്തിനും വിധേയമായി. ആകെ ശോഷിച്ച രൂപം. രോഗങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ കണ്ടെത്താനായില്ല. ആമാശയത്തിൽ കുടുങ്ങിയ ആ പ്ലാസ്റ്റിക് തന്നെയായിരുന്നു വില്ലൻ.

ആമാശയത്തിനും ചെറുകുടലിനും ഇടയിലുള്ള ‘പൈലറിക് സ്ഫിൻക്റ്റർ’ എന്ന വാൽവിലാണ് പ്ലാസ്റ്റിക് കഷ്ണം കുടുങ്ങിക്കിടന്നിരുന്നത്. ആമാശയത്തിൽ നിന്നു പാതി ദഹിച്ച ഭക്ഷണം ചെറുകുടലിലേക്കു കടക്കുന്നത് ഈ വാൽവിന്റെ പ്രവർത്തനത്താലാണ്. ഹാർപ് സീലിന്റെ വയറ്റിലെ ഈ വാല്‍വ് അടയ്ക്കുകയാണ് പ്ലാസ്റ്റിക് ചെയ്തത്. അതവിടെ ദ്രവിക്കാതെ കിടക്കുകയും ചെയ്തു. ‘കുട്ടി സീൽ’ ആയതിനാൽ ദഹനപ്രക്രിയ തകർന്നു പെട്ടെന്നു ചാവുകയും ചെയ്തു. കടൽജീവികൾക്കു ഭീഷണിയായ പ്ലാസ്റ്റിക്കിനെപ്പറ്റി ബോധവത്കരണവുമായി സ്കോട്ടിഷ് മറൈൻ ആനിമൽ സ്ട്രാന്റിങ്സ് സ്കീമിന്റെ നേതൃത്വത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ചത്തുകിടക്കുന്ന സീലിന്റെ ചിത്രവും ഫെയ്സ്ബുക് പേജിലൂടെ അവർ പുറത്തുവിട്ടു. ‘അപൂർവ’ സംഭവം എന്നാണ് ഗവേഷക സംഘം ഇതിനെ വിശേഷിപ്പിച്ചതും. എന്തായാലും കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തെപ്പറ്റിയുള്ള കൂടുതൽ ചർച്ചകളിലേക്കാണ് ഈ ഹാർപ് സീലിന്റെ മരണം ലോകത്തെ നയിച്ചിരിക്കുന്നത്.