ആമയുടെ ആയുസ്സുപോലും ഇതിന് മുന്നിൽ മുട്ടുമടക്കും!

സീമ ശ്രീലയം

പ്ലാസ്റ്റിക് മലിനീകരണം തടയുക, സമുദ്രങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കു ശക്തി പകരുക (preventing plastic pollution and encouraging solutions for a healthy ocean) സമുദ്രങ്ങളുടെ പ്രാധാന്യം ഓർമിപ്പിക്കുക, സമുദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ ശ്രദ്ധയിൽ കൊണ്ടുവരിക, സമുദ്രങ്ങളുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന യുഎൻ ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 ലോക സമുദ്രദിനമായി ആചരിക്കാൻ തീരുമാനിച്ചത്. യുഎൻ ദിനാചരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതാവട്ടെ 2008 ലും.

പ്ലാസ്റ്റിക് സമുദ്രം
സമുദ്രങ്ങൾ അക്ഷരാർഥത്തിൽ പ്ലാസ്റ്റിക് സമുദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിലെ കണക്കുകൾ പറയുന്നു. സമുദ്രങ്ങളിൽ എത്തുന്ന മാലിന്യങ്ങളുടെ 80 ശതമാനവും മനുഷ്യൻ കരയിൽ നിന്നു പുറന്തള്ളുന്നതാണ്. പ്രതിവർഷം ഏതാണ്ട് 80 ലക്ഷം മുതൽ 130 ലക്ഷം ടൺ വരെ പ്ലാസ്റ്റിക് കടലിലെത്തുന്നു. ഇപ്പോൾത്തന്നെ അഞ്ചു ട്രില്ല്യൻ പ്ലാസ്റ്റിക് വസ്തുക്കൾ സമുദ്രങ്ങളിൽ എത്തിക്കഴിഞ്ഞുവെന്നു വിവിധ പഠനങ്ങൾ പറയുന്നു.

നദിയിലൂടെ കടലിലേക്ക്
സമുദ്രങ്ങളിലേക്കു പ്ലാസ്റ്റിക് മാലിന്യങ്ങളെ ഒഴുക്കിക്കൊണ്ടു വരുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് പത്തു നദികളാണെന്നു വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നൈൽ, നൈഗർ, യെല്ലോ, യാങ്‌റ്റ്സി, ഹായ്‌ഹെ, പേൾ, മെക്കോങ്, ആമർ, ഗംഗ, സിന്ധു എന്നിവയാണ് ആ നദികൾ. ∙ കടലിലെ എഴുനൂറോളം സ്പീഷീസുകൾ പ്ലാസ്റ്റിക് ഭീഷണിയിലാണ്. ഇത്തിരിക്കു‍ഞ്ഞൻ പ്ലാങ്ക്ടണുകളുടെ ശരീരത്തിൽ മുതൽ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിന്റെ ഉള്ളിലും വലിയ കടൽപക്ഷിയായ ആൽബട്രോസിന്റെ ഉള്ളിലും വരെ എത്തുന്നുണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ.

ഗാർബേജ് പാച്ച്
പസിഫിക് സമുദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻതോതിൽ നിറഞ്ഞിട്ടുള്ള ഭാഗമാണിത്. വിസ്തൃതി ഏതാണ്ട് പതിനാറു ലക്ഷം ചതുരശ്ര കിലോമീറ്റർ. 1.8 ട്രില്ല്യൻ പ്ലാസ്റ്റിക് വസ്തുക്കളാണ് ഇവിടെ ഒഴുകിനടക്കുന്നത്. ഇതിന്റെ ഭാരം ഏതാണ്ട് 80,000 ടൺ വരും. ആമയുടെ ആയുസ്സുപോലും പ്ലാസ്റ്റിക്കിനു മുന്നിൽ മുട്ടുമടക്കും. ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഗ്രീൻ ടർട്ടിലുകളുടെ പ്രിയപ്പെട്ട ആഹാരമാണു ജെല്ലിഫിഷുകൾ. സമുദ്രത്തിൽ പ്ലാസ്റ്റിക് കവറുകൾ ഒഴുകിനടക്കുമ്പോൾ അതു ജെല്ലിഫിഷ് പോലെ തോന്നും. പാവം കടലാമകൾ ഇതു ജെല്ലിഫിഷ് ആണെന്നു കരുതി അകത്താക്കുകയും ചെയ്യും. ഗാലപ്പഗോസിൽ മാത്രമല്ല, ലോകമെങ്ങും കടലാമകൾ പ്ലാസ്റ്റിക് വിഴുങ്ങി ചത്തൊടുങ്ങുന്നുണ്ട്. ഗാലപ്പഗോസ് കൺസർവേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വംശനാശ ഭീഷണി നേരിടുന്ന ഗ്രീൻ ടർട്ടിലുകളെ പ്ലാസ്റ്റിക് ഭീഷണിയിൽനിന്നു സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

രക്ഷയില്ല തിമിംഗലങ്ങൾക്കും
കാര്യം വലിയ ജീവിയൊക്കെയാണ്. എന്നാൽ, കടലിൽ പ്ലാസ്റ്റിക് നിറയുമ്പോൾ തിമിംഗലങ്ങൾക്കുമില്ല രക്ഷ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സ്പെയിനിന്റെ തെക്കൻ തീരത്തടിഞ്ഞ സ്പേം വെയ്‌ലിന്റെ വയറ്റിൽ 29 കിലോയോളം പ്ലാസ്റ്റിക് ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ബാഗും ചാക്കും കയറും വലയും വലിയ പ്ലാസ്റ്റിക് പാത്രങ്ങളുമൊക്കെ പാവം തിമിംഗലത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നു! കഴിഞ്ഞ വർഷം നോർവെയിൽ കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ മുപ്പത് പ്ലാസ്റ്റിക് ബാഗുകളാണുണ്ടായിരുന്നത്.

രക്ഷയ്ക്കായ്
സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയുക, ലോകമെങ്ങുമുള്ള ജനങ്ങളിൽ ഇതേക്കുറിച്ച് അവബോധമുണ്ടാക്കുക തുടങ്ങിയവയാണ് യുഎൻഇപി (യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം)യുടെ ക്ലീൻ സീസ് ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്. 2017ൽ ആണ് ഇതിനു തുടക്കമായത്.

കുപ്പത്തൊട്ടികൾ
ആഗോളതാപനം കരയെ മാത്രമല്ല, കടലിനെയും ചുട്ടുപൊള്ളിക്കുന്നുണ്ട്. അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് റെക്കോർഡ് നിലയിൽ എത്തുമ്പോൾ സമുദ്രത്തിൽ ലയിച്ചുചേരുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവും കൂടുന്നുണ്ട്. ഫലമോ, സമുദ്രജലത്തിന്റെ അമ്ലത കൂടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു പുറമേ വ്യവസായ ശാലകളിൽനിന്നുള്ള മാലിന്യങ്ങളും നഗര മാലിന്യങ്ങളും ഓടയിൽനിന്നുള്ള മാലിന്യങ്ങളും കൃഷിയിടങ്ങളിൽനിന്നു രാസകീടനാശിനികൾ അടക്കമുള്ള മാലിന്യങ്ങളും കപ്പലുകളിൽനിന്നുള്ള എണ്ണച്ചോർച്ചയും ആണവ മാലിന്യങ്ങളും ഒക്കെച്ചേർന്ന് കുപ്പത്തൊട്ടിയായി മാറുകയാണു സമുദ്രങ്ങൾ.

തീരാത്ത കനിവുകൾ
എണ്ണിയാൽ തീരില്ല കടലമ്മയുടെ കനിവുകൾ. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലൂടെ, ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നതിലൂടെ, സസ്യപ്ലവകങ്ങൾ പ്രകാശസംശ്ലേഷണ സമയത്തു പുറത്തു വിടുന്ന ഓക്സിജനിലൂടെ, ദശലക്ഷക്കണക്കിനാളുകൾക്കു ജീവനോപാധിയാവുന്ന മൽസ്യസമ്പത്ത് അടക്കമുള്ള സമുദ്രവിഭവങ്ങളിലൂടെ ഒക്കെ സമുദ്രങ്ങൾ നമ്മെ സഹായിച്ചുകൊണ്ടേയിരിക്കുന്നു. ടൂറിസം മേഖലയിലും രാജ്യാന്തര വ്യാപാരത്തിലുമൊക്കെ സമുദ്രങ്ങൾക്കു സവിശേഷ സ്ഥാനമുണ്ട്. കടലമ്മ നൽകുന്ന സേവനങ്ങൾ എന്തൊക്കെയെന്നു കൂടുതൽ അറിയാൻ ശ്രമിക്കൂ.

മായുന്ന പവിഴഭംഗി
വിസ്മയവും കൗതുകവും ജനിപ്പിക്കുന്ന സമുദ്ര ആവാസ വ്യവസ്ഥയാണു പവിഴപ്പുറ്റുകൾ. സമുദ്രജീവികളിൽ ഇരുപത്തിയഞ്ചു ശതമാനത്തോളം ജീവികൾ അധിവസിക്കുന്നുണ്ട് പവിഴപ്പുറ്റുകളിൽ. ദശലക്ഷക്കണക്കിനാളുകൾ ഭക്ഷണത്തിനായും ജീവിതോപാധിയായും പവിഴപ്പുറ്റുകളെ ആശ്രയിക്കുന്നുണ്ട്. ചുഴലിക്കാറ്റിൽനിന്നും സമുദ്രജലവിതാന ഉയർച്ചയിൽനിന്നും തീരത്തെ രക്ഷിക്കുന്നുമുണ്ട് ഇവ. സമുദ്രജലത്തിന്റെ താപനിലയും അമ്ലതയും കൂടുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളും അനിയന്ത്രിത മൽസ്യബന്ധനവുമൊക്കെ പവിഴപ്പുറ്റുകൾക്കു ഭീഷണി സൃഷ്ടിക്കുന്നതു കൂടാതെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. ഏഷ്യ - പസിഫിക് പ്രദേശത്തെ 159 പവിഴപ്പുറ്റുകളിൽ മാത്രം നടത്തിയ പഠനങ്ങൾ തെളിയിക്കുന്നതനുസരിച്ച് അവയിൽ 1110 കോടി പ്ലാസ്റ്റിക് വസ്തുക്കൾ ഇതിനകം കുരുങ്ങിയിട്ടുണ്ട്!