ജപ്പാനില്‍ കണ്ടെത്തി, ദിനോസറുകള്‍ക്കും മുകളില്‍ ‘ഗ്ലൈഡ’ ചെയ്ത പക്ഷി!, Pigeon sized bird, Dinosaurs, 120 million years ago, Padhippura, Manorama Online

ജപ്പാനില്‍ കണ്ടെത്തി, ദിനോസറുകള്‍ക്കും മുകളില്‍ ‘ഗ്ലൈഡ’ ചെയ്ത പക്ഷി !

ദിനോസറുകളുടെ കാലത്തെ പക്ഷികളെപ്പറ്റി ആലോചിക്കുകയാണെങ്കില്‍ ഭൂരിപക്ഷം പേരുടെയും മനസ്സിലേക്ക് ആദ്യമെത്തുന്ന പേര് ആര്‍ക്കിയോപ്‌ടെറിക്‌സ് എന്നതിന്റെയായിരിക്കും. മറ്റൊന്നും കൊണ്ടല്ല, ജൂറാസിക് പാര്‍ക്ക് സിനിമകളില്‍ എല്ലായിപ്പോഴും അക്കാലത്തെ പക്ഷികളില്‍ പ്രധാനി ഇതാണെന്ന മട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ വമ്പന്‍ പക്ഷികള്‍ക്കു ശേഷവും പല കുഞ്ഞന്‍ പക്ഷികളും ദിനോസറുകളുടെ തലയ്ക്കു മുകളിലൂടെ പറന്നിരുന്നു. ഏകദേശം 15 കോടി വര്‍ഷം മുന്‍പ്് ജൂറാസിക് കാലഘട്ടത്തിലായിരുന്നു ആര്‍ക്കിയോപ്‌ടെറിക്‌സുകള്‍ ജീവിച്ചിരുന്നത്. എന്നാല്‍ 12 കോടി വര്‍ഷം മുന്‍പ് ക്രെറ്റേഷ്യസ് യുഗത്തില്‍ ജീവിച്ചിരുന്ന ഒരു പക്ഷിയുടെ ഫോസിലാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതും ജപ്പാനില്‍ നിന്ന്.

ജപ്പാനിലെ ഫുക്കുയ് മേഖലയില്‍ നിന്നായിരുന്നു ക്രെറ്റേഷ്യസ് യുഗത്തിലെ പക്ഷിയുടെ ഫോസില്‍ കണ്ടെത്തിയത്. പക്ഷേ ദിനോസറുകളുടെ കാലത്താണു ജീവിച്ചിരുന്നതെങ്കിലും അവയ്ക്കു വലുപ്പം വളരെ കുറവായിരുന്നു. അതായത് ഏകദേശം ഒരു പ്രാവിന്റെ അത്രയും വലുപ്പം മാത്രം. ഫുക്കുയ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിന്റെ ഫോസില്‍ കണ്ടെത്തിയത്. ഫുക്കുയില്‍ നിന്നു കണ്ടെത്തിയതിനാല്‍ സ്ഥലപ്പേര് കൂടി ചേര്‍ത്താണ് ഈ ദിനോസര്‍ പക്ഷിക്കു പേരിട്ടതും- ഫുക്യുപ്‌ടെറിക്‌സ് പ്രൈമ. കൃത്യമായ രൂപത്തിലായിരുന്നില്ല ഗവേഷകര്‍ക്ക് ഈ ഫോസില്‍ ലഭിച്ചത്. മാത്രവുമല്ല പക്ഷിയുടെ ശരീരത്തിലെ താടിയെല്ല് നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു. എങ്കിലും അത്യാധുനിക കംപ്യൂട്ടര്‍ മോഡലുകളുടെ സഹായത്താല്‍ ഇതിന്റെ ഒരു ഏകദേശം രൂപം ഗവേഷകര്‍ തയാറാക്കി.

ക്രെറ്റേഷ്യസ് കാലഘട്ടത്തിലെ പക്ഷികളുടെ ഫോസില്‍ നേരത്തേ വടക്കു കിഴക്കന്‍ ചൈനയില്‍ നിന്നു മാത്രമാണു ലഭിച്ചിരുന്നത്. കോടിക്കണക്കിനു വര്‍ഷം മുന്‍പു ചൈനയില്‍ കൊടുംശൈത്യമായിരുന്നു. അതിനാല്‍ത്തന്നെ അത്തരം കാലാവസ്ഥയില്‍ മാത്രമേ പക്ഷികള്‍ ജീവിച്ചിരുന്നുള്ളൂവെന്നാണു കരുതിയിരുന്നത്. എന്നാല്‍ ഫുക്യുപ്‌ടെറിക്‌സിനെ ജപ്പാനില്‍ കണ്ടെത്തിയതോടെ ആ സംശയത്തിന് അറുതിയായി. കാരണം ജപ്പാനില്‍ ഫോസില്‍ കണ്ടെത്തിയ സ്ഥലത്ത് അക്കാലത്ത് വരണ്ടതും ഈര്‍പ്പമേറിയതുമായ അന്തരീക്ഷമായിരുന്നു. മാത്രവുമല്ല നദികളുടെയും മറ്റും തീരത്തായിരുന്നു ഇത്തരം പക്ഷികള്‍ ജീവിച്ചിരുന്നത്.

പ്രാവിന്റെ വലുപ്പവും കൊക്കും തൂവലുമൊക്കെയുണ്ടെങ്കിലും ഫുക്യുപ്‌ടെറിക്‌സിന് ഇന്നത്തെ കാലത്തെ പക്ഷികളെപ്പോലെ ദീര്‍ഘദൂരം പറക്കാനുള്ള കഴിവുണ്ടായിരുന്നില്ല. അല്‍പദൂരമൊക്കെ പറക്കുമെന്നു മാത്രം. അതും ചിറകടിച്ചൊന്നുമല്ല. പരുന്തുകളും മറ്റും ആകാശത്ത് ഗ്ലൈഡ് ചെയ്യുന്നതു കണ്ടിട്ടില്ലേ? അതുപോലെയായിരുന്നു പറക്കല്‍. ഈ പക്ഷികള്‍ എന്തുതരം ഭക്ഷണമാണു കഴിച്ചിരുന്നതെന്നും കണ്ടെത്താനായിട്ടില്ല. ആധുനിക കാലത്തെ പക്ഷികളില്‍ നിന്ന് ഇവയെ വേര്‍തിരിക്കുന്ന മറ്റൊരു ഘടകവുമുണ്ട്. വാലിലുള്ള തൂവലുകളെയും പേശികളെയും ‘സപ്പോര്‍ട്ട്’ ചെയ്യാന്‍ ഇന്നത്തെ കാലത്തെ പക്ഷികളുടെ നട്ടെല്ലിന്റെ അറ്റത്ത് പൈഗോസ്‌റ്റൈല്‍ എന്നൊരു ത്രികോണാകൃതിയിലുള്ള എല്ലു ഭാഗമുണ്ട്. ഫുക്യുപ്ടെറിക്‌സില്‍ അതു കണ്ടെത്താത്തിനാല്‍ത്തന്നെ ആധുനിക പക്ഷികളുടെ കൂട്ടത്തില്‍ കൂട്ടാനും പറ്റില്ല. പക്ഷേ ചൈനയ്ക്കു പുറത്തു നിന്ന് ആദ്യമായി ലഭിച്ച ക്രെറ്റേഷ്യസ് യുഗത്തിലെ പക്ഷിയെന്ന നിലയ്ക്ക് ശാസ്ത്രലോകത്ത് വന്‍ സംഭവമായിക്കഴിഞ്ഞു ഫുക്യുപ്‌ടെറിക്‌സ്.