ആരാണ് ഈ നിഗൂഢ ചിത്രങ്ങൾക്കു പിന്നിൽ?; ഗവേഷകരെ ഞെട്ടിച്ച് ഇന്ത്യയിൽ ‘കംഗാരു’

ഒരു ദിവസം രാവിലെ മുറ്റത്തേക്കിറങ്ങി നോക്കുമ്പോഴുണ്ട് ഒരു കംഗാരു തുള്ളിച്ചാടി അങ്ങനെ നടക്കുന്നു. സ്കൂളിലേക്കു പോകുംവഴി തൊട്ടടുത്തു കൂടെ കുണുങ്ങിക്കുണുങ്ങി ഒരു ഹിപ്പൊപൊട്ടാമസ് പോകുന്നു. ഇതെന്താ സംഗതി? ഈ മൃഗങ്ങളെയൊന്നും കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലല്ലോ! ഇനിയിപ്പോൾ ഇതു സ്വപ്നമായിരിക്കുമോ? ഇതേ ആശയക്കുഴപ്പത്തിലാണ് ഇപ്പോൾ ഇന്ത്യയിലെ ഒരു കൂട്ടം പുരാവസ്തു ഗവേഷകരും.

മഹാരാഷ്ട്രയിലെ 52 ഗ്രാമങ്ങളിൽ നിന്നായി ഇവർ ഒരു ഗംഭീര കണ്ടെത്തൽ നടത്തിയിരുന്നു. ഇന്നേവരെ തിരിച്ചറിയാത്ത ഒരു ജനവിഭാഗത്തെപ്പറ്റിയായിരുന്നു അത്. പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ ജീവിച്ചിരുന്ന ഇവർ ഒരിടത്തും സ്ഥിരമായി താമസിച്ചിരുന്നില്ല. മാത്രവുമല്ല ഇവരുടെ പ്രധാന ജോലി വേട്ടയാടലായിരുന്നു. അതുകാരണം പോകുന്നിടത്തെല്ലാം പലതരം മൃഗങ്ങളുടെ ചിത്രങ്ങളും വരച്ചിട്ടു. പാറകളിലും മറ്റും ഇത്തരത്തിൽ വരച്ചിട്ട ചിത്രങ്ങൾക്ക് ‘പെട്രോഗ്ലിഫ്സ്’ എന്നായിരുന്നു പേര്.

പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ കാലങ്ങളായി മണ്ണു മൂടിക്കിടന്നിരുന്ന ഈ ചിത്രങ്ങൾ അടുത്തിടെയാണു ഗവേഷകർ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ഒന്നുരണ്ടു ചിത്രങ്ങളാണു കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ആയിരക്കണക്കിനു വരുന്ന ചിത്രങ്ങൾ പരിശോധിച്ചപ്പോൾ സകലരും അമ്പരന്നു പോയി. മഹാരാഷ്ട്രയിൽ അക്കാലത്ത് ഒരു കാരണവശാലും കാണാനിടയില്ലാത്ത ജീവികളുടെ ചിത്രം വരെയുണ്ടായിരുന്നു അവയിൽ. പ്രത്യേകിച്ച് കംഗാരുവും ഹിപ്പൊപൊട്ടാമസും തിമിംഗലവും പോലുള്ള ജീവികൾ!

നടന്നല്ലാതെ എവിടെയും എത്താൻ സാധിക്കാത്ത അക്കാലത്ത് വൻകരകൾ താണ്ടി ഈ വിഭാഗക്കാർ എങ്ങനെ യാത്ര ചെയ്തു എന്നാണു ഗവേഷകർ ചോദിക്കുന്നത്. ഒന്നുകിൽ ഇവർ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയവരാണ്. ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന ജീവികളുടെ ചിത്രങ്ങളാണു കൂടുതൽ എന്നതാണു ഈ സംശയത്തിനു കാരണം. അല്ലെങ്കിൽ അക്കാലത്തു മൃഗങ്ങള്‍ വൻകരകൾ കടന്ന് ദേശാടനം നടത്തുന്നതു പതിവായിരുന്നിരിക്കണം. അതുമല്ലെങ്കിൽ ഒരു കാലത്ത് കംഗാരുവും ഹിപ്പോപൊട്ടാമസുമെല്ലാം ഇന്ത്യയിൽ ജീവിച്ചിരുന്നു!

ഇന്നേവരെ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും പഴക്കം ചെന്ന പെട്രോഗ്ലിഫ്സ് ആണ് ഇവയെന്നാണു മഹാരാഷ്ട്ര പുരാവസ്തു വകുപ്പിന്റെ നിഗമനം. അതായത് ബിസി 10,000ത്തിലാണ് അവ വരച്ചതെന്നു കരുതപ്പെടുന്നു. ഇവ വേട്ടക്കാർ വരച്ചതാണെന്നു പറയാൻ മറ്റൊരു കാരണവുമുണ്ട്. വരകളിലൊന്നും കൃഷി ചെയ്യുന്നതിന്റെയോ മറ്റോ യാതൊരു ചിത്രങ്ങളുമില്ല. എന്നാൽ മൃഗങ്ങളെ വേട്ടയാടുന്ന പലതരം ചിത്രങ്ങളുണ്ടു താനും. ഓരോ മൃഗങ്ങളുടെയും കൃത്യമായ രൂപവും വരകളിലുണ്ട്. സ്രാവും തിമിംഗലവും കടലാമകളുമെല്ലാം ചിത്രങ്ങളിലുണ്ട്. അതിനാൽത്തന്നെ വേട്ടയാടലാണ് ഈ വിഭാഗക്കാരുടെ പ്രധാന തൊഴിലെന്നും കരുതുന്നു. മനുഷ്യരുടെ രൂപങ്ങൾക്കൊപ്പം കോഡ് ഭാഷ പോലെ ചില ജാമ്യതീയ രൂപങ്ങളും വരച്ചവയിൽ പെടുന്നു. വളരെ വ്യക്തമായി കാണാവുന്ന 400 പെട്രോഗ്ലിഫുകളെപ്പറ്റി വിശദ പഠനത്തിനൊരുങ്ങുകയാണ് പുരാവസ്തു വകുപ്പ്. ഇതിനായി മഹാരാഷ്ട്ര സർക്കാർ 24 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.