മാതാപിതാക്കൾക്കെതിരെ സമരവുമായി കുരുന്നുകൾ തെരുവിലേക്ക്, കാരണമോ?

ജെ.എം

ജർമനിയിലെ ഹാംബർഗ് നഗരം കഴിഞ്ഞദിവസം വ്യത്യസ്തമായ സമരത്തിനു സാക്ഷ്യം വഹിച്ചു. കുറേ സ്കൂൾ വിദ്യാർഥികൾ വലിയ ബാനറുകൾ ഉയർത്തി, മുദ്രാവാക്യവും മുഴക്കി തെരുവു കീഴടക്കി. ഏഴു വയസുകാരൻ എമിൽ ആയിരുന്നു പ്രക്ഷോഭകാരികളുടെ നേതാവ്. ആർക്കെതിരെയായിരുന്നു സമരം എന്നറിയുമ്പോഴാണു നാം അത്ഭുതപ്പെടുക... അവരുടെ മാതാപിതാക്കൾക്കെതിരായിരുന്നു സമരം. മാതാപിതാക്കളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം അവരുടെ ബാല്യത്തെ നശിപ്പിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ആ കുഞ്ഞുങ്ങൾ തെരുവിൽ ഇറങ്ങിയത്. ഫോണിൽ ചെലവഴിക്കുന്ന സമയത്തിന്റെ പത്തിലൊരു ശതമാനം പോലും തങ്ങൾക്കൊപ്പം ചെലവഴിക്കാനോ തങ്ങളോടൊത്തു കളിക്കാനോ തയാറാകുന്നില്ലെന്നതാണ് അവരുടെ പരാതി.

‘ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങളെ ശ്രദ്ധിക്കുക. നിങ്ങൾ മൊബൈൽ ഫോണിൽ അടയിരിക്കുന്നതിനാലാണു ഞങ്ങൾ ശബ്ദമുയർത്തുന്നത്’ ഇതായിരുന്നു കുട്ടികൾ ബാനറുകളിൽ എഴുതി ലോകത്തോടു വിളിച്ചു പറഞ്ഞത്. ‘ഞങ്ങളുടെ പ്രകടനം അവസാനിക്കുമ്പോൾ ആളുകൾക്കു മാറ്റമുണ്ടാകുമെന്നും അവർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കുമെന്നും പ്രതീക്ഷയുണ്ടെന്ന് എമിൽ പറഞ്ഞു. മൊബൈൽ ഫോണിനോടുള്ള മാതാപിതാക്കളുടെ അമിതമായ ആസക്തി കുട്ടികളുടെ ജീവിതം അപകടത്തിലാക്കുമെന്നാണു വിധഗ്ദർ പറയുന്നത്. കുട്ടികൾ ഹൈപ്പർ ആക്ടീവോ നിരാശരോ ആയിപ്പോകാൻ സാധ്യതയുണ്ടെന്നും പഠനങ്ങളുണ്ട്. മൊബൈലിനോടൊപ്പമല്ല, ഞങ്ങളോടൊത്തു സമയം ചെലവഴിക്കൂ എന്നാണു കുട്ടികൾ മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്.

ഇപ്പോൾ കുഞ്ഞുങ്ങൾ സമരവുമായി തെരുവിലിറങ്ങിയത് ജർമനിയിലാണെങ്കിൽ അധികം വൈകാതെ നമ്മുടെ നാട്ടിലും ഈ കുഞ്ഞുശബ്ദങ്ങൾ മുഴങ്ങിക്കേട്ടേക്കാം. അതിനു വഴിയൊരുക്കാതിരിക്കാൻ മാതാപിതാക്കൾ ഇപ്പോഴെ ശ്രമിക്കേണ്ടിയിരിക്കുന്നു.

സ്വീഡനിൽ നടന്ന ചില പഠനങ്ങൾ ശ്രദ്ധിക്കാം
മാതാപിതാക്കളുടെ മൊബൈൽ ഫോൺ ഉപോയഗത്തെക്കുറിച്ചറിയാൻ സ്വകാര്യ ന്യൂസ് പേപ്പർ ഏജൻസി പഠനം നടത്തി. ഭൂരിഭാഗം കുട്ടികളും മാതാപിതാക്കളുടെ മൊബൈൽ ഫോൺ ഉപയോഗത്തെ എതിർക്കുന്നവരാണ്. മൊബൈൽ ഫോൺ താഴെവച്ച് അവരെ ശ്രദ്ധിക്കണമെന്നതായിരുന്നു കുരുന്നുകളുടെ ആവശ്യം. മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന് അധ്യാപകർക്കിടയിൽ നടത്തിയ സർവേയിലും പരാതി ഉയർന്നു. ‘നിങ്ങളുടെ സ്മാർട് ഫോൺ ഉപയോഗത്തെക്കുറിച്ചു കുഞ്ഞുങ്ങൾ പരാതിപ്പെടാറുണ്ടോ’ എന്ന ചോദ്യവുമായി 521 മാതാപിതാക്കൾക്കിടയിൽ നടത്തിയ സർവേയിൽ അഞ്ചിലൊന്നു മാതാപിതാക്കളും ‘ഉണ്ട്’ എന്നു പ്രതികരിച്ചു. സ്റ്റോക്കോമിൽ മൂന്നിൽ ഒന്ന് മാതാപിതാക്കളുടെയും ഉത്തരം ഉണ്ട് എന്നായിരുന്നു.