ആഹാരത്തിനായി സ്വയം കൃഷി ചെയ്യുന്ന ഉറുമ്പുകള്‍!

ജസ്റ്റിൻ മാത്യു

ഉറുമ്പുകളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ജാഥപോലെ, ഒന്നിനു പിന്നാലെ ഒന്നായി വരി തെറ്റാതെ നടക്കുന്ന കുഞ്ഞനുറുമ്പുകൾ സത്യത്തിൽ അത്ര നിസാരരല്ല. മനുഷ്യൻ സമൂഹമായി ജീവിക്കുന്നതിനും എത്രയോ മുൻപ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയവരാണ് ഇവർ. അവയെ സൂക്ഷിച്ചു നിരീക്ഷിച്ചാൽ കൂട്ടുകാർക്കു പല അത്ഭുതവും കാണാം. വെറുതെ കൂട്ടമായി ജീവിക്കുക മാത്രമല്ല, ആഹാര സാധനങ്ങൾ വളർത്തുകയും ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നവരാണ് ഉറുമ്പുകൾ! അതിശയം തോന്നുന്ന രീതിയിൽ ജീവിക്കുന്ന ഒരുകൂട്ടം ഉറുമ്പുകളെ നമുക്കു പരിചയപ്പെടാം.

ആറ്റ എന്നാണ് ഇക്കൂട്ടരുടെ പേര്. തങ്ങളെക്കാൾ വലിപ്പ‌മുള്ള ഇലകൾ ചുമന്നുകൊണ്ടു കൂടുകളിലേക്കു പോകുന്ന ഇക്കൂട്ടരുടെ വാസസ്ഥലം തെക്കേ അമേരിക്കയാണ്. ഒറ്റനോട്ടത്തിൽ കുട ചൂടിപ്പോകുന്നതായേ തോന്നു. അതിനാൽ ഇവയ്ക്കു പാരസോൾ ആന്റ്സ് എന്നും പറയാറുണ്ട്. പാരസോൾ എന്നാൽ അലങ്കാരക്കുടയെന്നാണ് അർഥം. ഉറുമ്പുകൾ ഇങ്ങനെ കഷ്ടപ്പെട്ടു വലിയ ഇലകൾ കൊണ്ടുപോകുന്നതു കൂടു നിർമി‌ക്കാനൊന്നുമല്ല. തങ്ങളുടെ കൂടുകളിലെ തോട്ടത്തിലേക്കു വളമാക്കാനാണ്. വളരെ താഴ്ചയുള്ള മാളങ്ങളിലാണ് ഉറുമ്പുകൾ താസിക്കുന്നത്. ഈ മാളങ്ങളിൽ വിശാലമായ അറകളുമുണ്ടാകും. ഈ അറകളിലാണ് ഉറുമ്പുകളുടെ തോട്ടം നിർമാണവും പരിപാലവും. ഇഷ്ട ആഹാരമായ ഒരുതരം പൂപ്പലാണ് ഇവർ വളർത്തിയെടുക്കുന്നത്.

ഈ പൂന്തോട്ടങ്ങളിൽ വളമിടാനും സംരക്ഷിക്കാനും അനേകായിരം ഉറുമ്പുകള്‍ നിത്യേന കഠിന ശ്രമത്തിലാണ്. ഇല കൊണ്ടുവരുന്നതും പരിപാലിക്കുന്നതും വെവ്വേറെ കൂട്ടരാണ്. കൂട്ടത്തിൽ കരുത്തന്മാരും വലുപ്പമേറിയ‌വരുമാണ് ഇല കൊണ്ടുവരാൻ പോകുന്നത്. മൂർച്ചയേറിയ താടികൊണ്ടാണ് ഇല മുറിക്കുന്നത്. വലിയ ഇലയാണെങ്കിൽ രണ്ടോ മൂന്നോ പേർ ചേർന്നാണു മുറിക്കുക. അവർ ഒരുമിച്ചാണു ചുമക്കുന്നതും. ചെറിയ ഇലകൾ കൂട്ടത്തിലെ ശക്തന്മാർ ഒറ്റയ്ക്കും എടുത്തുകൊണ്ടു പോകാറുണ്ട്. ചുമട്ടുകാർ ഇലകൾ കൂടുകളിൽ എത്തിക്കുന്നതോടെ അവരുടെ ജോലി കഴിയും. മറ്റൊരു സംഘമാണു കൂട്ടിലെത്തിയ ഇലകൾ മുറിച്ചു െചറുതാക്കുന്നതും ചുമന്ന് അറകളിൽ എത്തിക്കുന്നതും. ചെറുതാക്കിയ ഇലകൾ വായിലെ ഉമിനീരു ചേർത്തു ചവച്ചാണ് വളമാക്കുന്നത്. പൂപ്പൽ തകർക്കാൻ ചില ശത്രുക്കളും തക്കം പാർത്തിരിക്കാറുണ്ട്. അത്തരം പ്രാണികളെ ‌ഉറുമ്പുകൾ കൂട്ടത്തോടെ ചെറുത്തു തോൽപ്പിക്കും. ഉമിനീർ കുത്തിവച്ചാണ് അവയെ നശിപ്പിക്കുന്നത്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നതു റാണി ഉറുമ്പാണ്.

മാളങ്ങളിൽ റാണിമാരുടെ എണ്ണം കൂടിയാൽ പുതിയ വീടുവച്ച് മറ്റൊരു സമൂഹമായി ഇവ മാറിത്താമസിക്കും. പോകുമ്പോൾ പൂപ്പലുകളുടെ വിത്തുകളും കൊണ്ടുപോകും. പിന്നെ പുതിയ മാളങ്ങളിൽ അവർ അറകൾ നിർമിച്ചു കൃഷിയിടം വികസിപ്പിച്ചെടുക്കും.അതോടൊപ്പം മുട്ടയിട്ട് പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കും. പണിക്കാരൻ ഉറുമ്പുകൾ ഉണ്ടാകുന്നതോടെ ഇലകൾ കൊണ്ടുവരാനും വളമാക്കാനുമുള്ള ഉത്തരവാദിത്വം അവർക്കാണ്. മഴക്കാലത്തൊഴികെ മറ്റു കാലങ്ങളിലൊക്കെ ഈ പണിക്കാരൻ ഉറുമ്പുകൾ ഇലയും ചുമന്നുകൊണ്ടു പോകുന്നതു കാണാം.

മഴക്കാലത്ത് ഇലകൾ ചുമക്കുക പാടാണെന്നതും നനഞ്ഞ ഇലകൾ പൂപ്പലുകൾക്കു നല്ലതല്ല എന്ന തിരിച്ചറിവുമാണു മഴക്കാലത്തെ ഒഴിവാക്കുന്നത്. എന്തെങ്കിലും കാരണത്താൽ ഈ പൂപ്പലുകൾ വളർത്താനായില്ലെങ്കിൽ ഉറുമ്പുകൾ കൂട്ടത്തോടെ ചത്തുപോകും. ഉറുമ്പുകള്‍ക്കല്ലാതെ ഈ പൂപ്പലുകൾ വളർത്താനും കഴിയില്ല.