പണ്ടത്തെ പാഠശാല

കെ.വി. മനോജ്

മധ്യകാല കേരളത്തിൽ ക്ഷേത്രങ്ങളോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന വിദ്യാ കേന്ദ്രങ്ങളായിരുന്നു ശാലകൾ. ഒൻപതാം നൂറ്റാണ്ടു മുതൽ 11–ാം നൂറ്റാണ്ടുവരെ കേരളം ഭരിച്ചിരുന്ന കുലശേഖരൻമാരുടെ കാലത്താണു ശാലകൾ സ്ഥാപിക്കപ്പെടുന്നത്. ഘടികകൾ, മഠങ്ങൾ, അഗ്രഹാരങ്ങൾ എന്നിങ്ങനെ വിവിധ പേരുകളിൽ ശാലകൾ അറിയപ്പെട്ടു. ശാലകളിൽ എല്ലാവർക്കും വിദ്യാഭ്യാസം നൽകിയിരുന്നില്ല. ബ്രാഹ്മണ വിദ്യാർഥികൾക്കു മാത്രമാണു പ്രവേശനം അനുവദിച്ചിരുന്നത്. ശാലകൾ വേദപഠന കേന്ദ്രങ്ങൾ മാത്രമല്ല, ആയുധപരിശീലന കേന്ദ്രങ്ങൾ കൂടിയായിരുന്നു.

ഏതെല്ലാം ശാലകൾ
കാന്തളൂർ, പാർഥിവപുരം, ശ്രീവല്ലഭപുരം, തിരുവല്ല, മൂഴിക്കളം എന്നീ ശാലകളെക്കുറിച്ച് ആദ്യകാല ലിഖിതങ്ങളിലും ശുകപുരം, തിരുനെല്ലി, കൊട്ടാരക്കര ശാലകളെക്കുറിച്ച് പിൽക്കാല ലിഖിതങ്ങളിലും പരാമർശമുണ്ട്.

കാന്തളൂർ ശാല
മധ്യകാല കേരളത്തിലെ പ്രസിദ്ധമായ പഠനകേന്ദ്രമായിരുന്നു കാന്തളൂർ ശാല. പാർഥിവപുരം ശാസനത്തിലാണ് കാന്തളൂർ ശാലയെക്കുറിച്ചുള്ള പരാമർശങ്ങളുള്ളത്. ആയ് രാജാവ് കരുനന്തടക്കനാണ് കാന്തളൂർ ശാല സ്ഥാപിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തായിരുന്നു കാന്തളൂർ ശാലയെന്നു വിശ്വസിക്കപ്പെടുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും ദർശനങ്ങളിലും ആയുധവിദ്യയിലും ഇവിടെ ഉന്നതപഠനം നടന്നിരുന്നു. ഭരണകൂടത്തിനാവശ്യമായ ഉദ്യോഗസ്ഥരെയും സൈനിക നേതാക്കളെയും വളർത്തിയെടുക്കുക എന്നതായിരിക്കണം ശാല സ്ഥാപിക്കുന്നതിലൂടെ കരുനന്തടക്കൻ ലക്ഷ്യമിട്ടത്. ഒൻപത്, പത്ത് നൂറ്റാണ്ടുകളിൽ ചേര രാജ്യത്തിലെങ്ങും കാന്തളൂർ പ്രസിദ്ധമായിരുന്നു. പല ലിഖിതങ്ങളിലും ആവർത്തിച്ചുവരുന്ന ‘കാന്തളൂർശാലൈ കല മറുത്ത രാജരാജ ചോളൻ’ എന്ന പ്രയോഗം കാന്തളൂർ ശാലയുടെ തകർച്ചയെ സൂചിപ്പിക്കുന്നു. പത്താം നൂറ്റാണ്ടിൽ ചോളൻമാർ രാജരാജ ചോളന്റെ നേതൃത്വത്തിൽ കാന്തളൂർ ആക്രമിച്ചു കീഴടക്കി. അതോടെ കാന്തളൂ‍ർ ശാലയുടെ പ്രതാപം അസ്തമിച്ചു.

ശുകപുരം ശാല
മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്ത് ശുകപുരം ഗ്രാമത്തിൽ ഒരു വൈദികശാല നിലനിന്നിരുന്നതായി തെളിവുകളുണ്ട്. ശുകപുരം ദക്ഷിണമൂർത്തി ക്ഷേത്രത്തോടനുബന്ധിച്ചാണ് ശാല പ്രവർത്തിച്ചത്. ശുകപുരം ബ്രാഹ്മണ ഗ്രാമത്തെക്കുറിച്ച് വീരരാഘവ പട്ടയത്തിലും ബ്രാഹ്മണ വിദ്യാർഥികൾ പഠനം നടത്തിയിരുന്ന ശുകപുരം ശാലയെക്കുറിച്ച് ചന്ദ്രോൽസവകാവ്യത്തിലും പരാമർശിക്കുന്നു.

ചട്ടൻമാരും ചട്ടപ്പെരുമക്കളും
ശാലകളിലെ വൈദിക വിദ്യാർഥികളെ ചട്ടൻ അഥവാ ചാത്തിരൻ എന്നു വിളിച്ചിരുന്നു. ചട്ടൻ കർശനമായ അച്ചടക്കവും ബ്രഹ്മചര്യവും പാലിക്കണമായിരുന്നു. ഗുരുകുല സമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായിരുന്നു ശാലകളിലെ പഠനം. അധ്യാപകർക്കു ശമ്പളവും വിദ്യാർഥികൾക്കു സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും താമസവും നൽകിയിരുന്നു. അധ്യാപകരെ ചട്ടപ്പെരുമക്കൾ എന്നറിയപ്പെട്ടിരുന്നു. ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും നിർണായക സംഭാവനകൾ നൽകിയ സംഗമഗ്രാമമാധവനും നീലകണ്ഠസോമയാജിയുമെല്ലാം ശാലകളുടെ വിജ്ഞാനപാരമ്പര്യത്തിന്റെ പിൻതുടർച്ചക്കാരാണ്.

പാർഥിവപുരം ശാല
തിരുവിതാംകൂറിലെ ആയ് രാജാവായ കരുനന്തടക്കനാണു 866ൽ പാർഥിവപുരം ശാല സ്ഥാപിച്ചതെന്നു ഹജൂർ ലിഖിതങ്ങൾ വ്യക്തമക്കുന്നു. പാർഥിവപുരം വിഷ്ണു ​ക്ഷേത്രത്തോടനുബന്ധിച്ചാണ് ശാല പ്രവർത്തിച്ചിരുന്നത്. വേദപഠനത്തിനൊപ്പം ആയുധവിദ്യയിലും പരിശീലനം നൽകിയിരുന്നു. 95 വിദ്യാർഥികൾക്കാണ് ശാലയിൽ പ്രവേശനം നൽകിയിരുന്നത്. കാന്തളൂർ ശാലയുടെ മാതൃകയിലായിരിക്കണം പാർഥിവപുരം ശാല പ്രവർത്തിക്കേണ്ടത് എന്നു ലിഖിതങ്ങളിൽ സൂചനയുണ്ട്. വേദങ്ങൾ, വ്യാകരണം, ദർശനം എന്നിവയിൽ നല്ല ധാരണയുള്ളവർക്കു മാത്രമേ ശാലയിൽ പ്രവേശനം നൽകിയിരുന്നുള്ളൂ. പ്രവേശനത്തിന് അഞ്ചു പ്രഗത്ഭ വ്യക്തികളുടെ സാക്ഷ്യപത്രം ആവശ്യമായിരുന്നു. സംസ്കൃതത്തിലായിരുന്നു പഠനം. ഗ്രന്ഥങ്ങളിലുള്ള അറിവിനൊപ്പം രാഷ്ട്രീയ, ധനതത്വശാസ്ത്ര, ഭൂമിശാസ്ത്ര അറിവുകളും മറ്റു പ്രായോഗിക അറിവുകളും നേടണമായിരുന്നു. കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിലാണു പാർഥിവപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

മഹാഭാരത പട്ടത്താനവും കടവല്ലൂർ അന്യോന്യവും
ശാലകൾ എല്ലാവിഭാഗം വിദ്യാർഥികളുടെയും പഠനകേന്ദ്രമായിരുന്നില്ല. ക്ഷേത്രപരിസരങ്ങളിൽ നടന്നിരുന്ന പുരാണേതിഹാസങ്ങളുടെ പാരായണവും വ്യാഖ്യാനവുമായിരുന്നു ബ്രാഹ്മണേതര വിഭാഗങ്ങളുടെ പരിമിത പഠന സാധ്യതകൾ. അതുപോലും നിഷേധിക്കപ്പെട്ടവരുമുണ്ടായിരുന്നു. മഹാഭാരത കഥ വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന മഹാഭാരതപട്ടത്താനം ക്ഷേത്രങ്ങളി‍ൽ നടന്നിരുന്നു. മാവാരത പട്ടൻമാർ എന്നറിയപ്പെട്ടിരുന്ന സംസ്കൃത പണ്ഡിതൻമാരാണ് ഇത് നിർവഹിച്ചിരുന്നത്. കൂടാതെ കീർത്തനങ്ങളും പുരാണ കഥാപ്രവചനവും ചാക്യാർകൂത്തും വേദംചൊല്ലൽ മൽസരങ്ങളും നടന്നിരുന്നു. മധ്യകാലഘട്ടത്തിലാരംഭിച്ച് ഇപ്പോഴും തുടരുന്ന വേദംചൊല്ലൽ മൽസരമാണ് കടവല്ലൂർ അന്യോന്യം.

ആയ് രാജവംശവും കരുനന്തടക്കനും
കുമാരി ജില്ല ഉൾപ്പെടുന്ന ദക്ഷിണ കേരളത്തിൽ ഭരണം നടത്തിയിരുന്നവരാണ് ആയ് രാജവംശം. ആയ് വേളുകൾ എന്നും അവരെ വിളിച്ചിരുന്നു. അണ്ടിരൻ, തിതിയൻ, അതിയൻ എന്നീ മൂന്ന് ആദ്യകാല ആയ് രാജാക്കൻമാരെക്കുറിച്ച് തൊൽക്കാപ്പിയത്തിൽ പരാമർശമുണ്ട്. പുറനാനൂറിലെ പാട്ടുകളിൽ കപിലർ പാരി എന്ന ആയ് വേളിനെ വാഴ്ത്തുന്നുണ്ട്. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആയ് രാജാവാണ് കരുനന്തടക്കൻ. പാർഥിവശേഖരൻ, ശ്രീവല്ലവഭൻ എന്നും പേരുകളുണ്ട്. 857 ലാണ് കരുനന്തടക്കൻ രാജാവായതെന്നു വിശ്വസിക്കപ്പെടുന്നു. വിളവംകോട് താലൂക്കിൽ മുഞ്ചിറയ്ക്കു സമീപം പാ‍ർഥിവപുരം വിഷ്ണു ക്ഷേത്രവും പാഠശാലയും ഉണ്ടാക്കി വിദ്യാർഥികൾക്ക് സൗജന്യമായി താമസിച്ചു പഠിക്കാൻ സൗകര്യം ചെയ്തുകൊടുക്കുന്ന കരുനന്തടക്കന്റെ ശാസനമാണ് പാർഥിവപുരം ശാസനം. മധ്യകാലഘട്ടത്തിൽ ദക്ഷിണ കേരളത്തിലുണ്ടായിരുന്ന ശാലകളിൽ പലതും കരുനന്തടക്കൻ സ്ഥാപിച്ചതാണെന്നു കരുതുന്നു.

തിരുവല്ല ശാല
തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തോടനുബന്ധിച്ചുണ്ടായിരുന്ന ശാല, പ്രാചീന, മധ്യ കാലഘട്ടത്തിൽ പ്രശസ്തമായ വൈഷ്ണവകേന്ദ്രങ്ങളിലൊന്നായിരുന്നു. തിരുവല്ല ശാലയിൽ വേദം, വേദാന്തം, തർക്കം, മീമാംസ, ജ്യോതിഷം, ആയുർവേദം എന്നിവയെല്ലാം പ്രധാന പഠനവിഷയങ്ങളായിരുന്നു. 175 വിദ്യാർഥികൾക്കു പ്രവേശനം നൽകിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ഓണക്കാലത്ത് 350 നാഴിനെല്ല് ഭക്ഷണത്തിനായി ചെലവാക്കിയിരുന്നുവെന്ന് തിരുവല്ല ചെപ്പേടുകൾ സൂചിപ്പിക്കുന്നു.

മൂഴിക്കളം ശാല
തൃശൂരിൽ ചാലക്കുടിക്കടുത്ത് സ്ഥിതിചെയ്തിരുന്ന വേദപഠന ശാലയായിരുന്നു മൂഴിക്കളം ശാല. വേദങ്ങൾക്കു പുറമെ തത്വചിന്തയും വ്യാകരണവും നിയമവും ഇവിടെ പഠിപ്പിച്ചിരുന്നു. വൈഷ്ണവ കേന്ദ്രമായിരുന്ന തിരുമൂഴിക്കളം ലക്ഷ്മണ പെരുനാൾ ക്ഷേത്രത്തോടനുബന്ധിച്ചാണു മൂഴിക്കളം ശാല പ്രവർത്തിച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്നു.

ശ്രീവല്ലഭ പെരുംശാല
കന്യാകുമാരിക്കടുത്താണ് ശ്രീവല്ലഭ പെരുംശാല സ്ഥിതിചെയ്തിരുന്നത്. പാണ്ഡ്യരാജാവായ ശ്രീവല്ലഭനാണു ശാല സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ശാലകളുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങൾ

∙ ആര്യശാല – ചാലക്കുടി

∙ വലിയശാല –ചാലപ്പുറം

∙പാറശാല – മണ്ണാറശാല, ചാലക്കര