അതേ.. ഇത് ആ പഴയ ആമയും മുയലും കഥ അല്ല!

ജയനാരായണൻ തൃക്കാക്കര

‘മാഷേ, എന്റെ കയ്യിലൊരു കഥയുണ്ട്, കുഞ്ഞനാമയുടെ കഥ!’ ഗോപൻ പറഞ്ഞു. ‘പറഞ്ഞോളൂ, കേൾക്കട്ടെ!’ മാഷ് അനുവദിച്ചു. ‘കുഞ്ഞനാമ അഹങ്കാരിയായിരുന്നു. തന്റെ കഴിവിൽ അവന് അമിത വിശ്വാസമുണ്ടായിരുന്നു. ചെറിയ ജയങ്ങളേക്കാൾ അവൻ വലിയ ജയങ്ങളാണു കൊതിച്ചത്. ‘പയ്യെ തിന്നാൽ പനയും തിന്നാം, എന്തും സാവകാശം ചെയ്യുന്നതാണു നല്ലത്.’ അമ്മ ഉപദേശിച്ചെങ്കിലും അവൻ ചെവിക്കൊണ്ടില്ല. പണ്ട് അപ്പൂപ്പൻ ജയിച്ചതുപോലെ മുയലിനു മേൽ ഒരു ജയം നേടുക! അതായിരുന്നു അവന്റെ ആഗ്രഹം. അങ്ങനെയൊരു ജയം നേടാനായാൽ കാട്ടുമൃഗങ്ങൾ തന്നെ പാടിപ്പുകഴ്ത്തും; മനുഷ്യർ തന്റെ വിജയകഥ പറഞ്ഞു നടക്കും. പക്ഷേ, ഇനിയും ഒരു ഭാഗ്യപരീക്ഷണത്തിന് ഏതെങ്കിലും മുയൽ തയാറാകുമോ?

അന്നു പുഴയോരത്തുവച്ചു മച്ചാൻ മുയലിനെ കണ്ടപ്പോൾ കുഞ്ഞനാമ അവനോടു കാര്യം പറഞ്ഞു. ‘പണ്ട് എന്റെ അപ്പൂപ്പനും നിന്റെ അപ്പൂപ്പനും മൽസരിച്ചപ്പോൾ എന്റെ അപ്പൂപ്പൻ തോറ്റ നാണക്കേട് ഇന്നും മാറിയിട്ടില്ല. ഞാനില്ല!’

‘ഇനി ഓടി ജയിച്ചാൽ പോരേ, ആ നാണക്കേട് മാറില്ലേ?’ കുഞ്ഞന്റെ ചോദ്യം മച്ചാന്റെ മനസ്സിൽ കൊണ്ടു. അവൻ ഓടാൻ സമ്മതിച്ചു. കുറുക്കൻകുന്നിലെ മൈതാനത്തിൽ കാട്ടുമൃഗങ്ങൾ തടിച്ചുകൂടി. കുഞ്ഞനും മച്ചാനും ഓടാനൊരുങ്ങി. ‘വൺ, ടൂ, ത്രീ’ പിപ്പു കുരങ്ങൻ വിളിച്ചു പറഞ്ഞതും മച്ചാൻ കുതിച്ചോടി.

കുഞ്ഞൻ വേഗം വേഗം ഇഴഞ്ഞുതുടങ്ങി. കുറേ ദൂരം ചെന്നു മച്ചാൻ തിരിഞ്ഞു നോക്കി. കുഞ്ഞനെ കാണുന്നില്ല. നല്ല ക്ഷീണമുണ്ടെങ്കിലും മച്ചാൻ വിശ്രമിച്ചില്ല. പണ്ട് അപ്പൂപ്പൻ വിശ്രമത്തിനിടെ ഉറങ്ങിപ്പോയപ്പോഴാണ് ആമ ജയിച്ചത്! അവൻ ഓട്ടം തുടർന്നു. ‘അപ് അപ്’ കാട്ടുമൃഗങ്ങൾ രണ്ടുപേരെയും പ്രോൽസാഹിപ്പിച്ചുകൊണ്ടിരുന്നു. മച്ചാൻ ഫിനിഷിങ് പോയിന്റിൽ എത്തിയതുകണ്ട കുഞ്ഞൻ‍ തളർന്നുപോയി. മച്ചാനെ തോളിലേറ്റി കാട്ടുമൃഗങ്ങൾ നടന്നകന്നപ്പോൾ കുഞ്ഞൻ ദുഃഖത്തോടെ മടങ്ങി. കുഞ്ഞന്റെ ദുഃഖംകണ്ട് അമ്മ കാരണം തിരക്കി. കുഞ്ഞൻ കരഞ്ഞുകൊണ്ടു കാര്യം പറഞ്ഞു.

കഥയെല്ലാം കേട്ടശേഷം അമ്മ പറഞ്ഞു: ‘അഹങ്കാരി! നിനക്ക് അങ്ങനെതന്നെ വേണം. ആത്മവിശ്വാസം നല്ലതാണ്, പക്ഷേ, അമിതമാകരുത്. ഒരു ചക്ക വീണു മുയലു ചത്തെന്നു കരുതി എന്നും അങ്ങനെയാകണമെന്നില്ല. പണ്ടു മുയൽ തോറ്റെന്നു കരുതി എന്നും അങ്ങനെ സംഭവിക്കണമെന്നില്ല. ഇനിയെങ്കിലും നിന്റെ തലക്കനം കുറയ്ക്കൂ!’
‘അഹങ്കാരം ആപത്താണ്!’ ഗോപൻ കഥ പറഞ്ഞ് അവസാനിപ്പിച്ചു.

‘ഹലോ’ പറഞ്ഞ് കൊലയാളി തിമിംഗലം; അന്തംവിട്ട് ഗവേഷകർ!!