പണക്കാര്യം

സി.ആർ. രവി നമ്പ്യാർ‍


പണത്തിനു മുൻപ്
പണം എന്ന വിനിമയോപാധി കണ്ടെത്തുന്നതിനു മുൻപ് നിലവിലുണ്ടായിരുന്നത് ബാർട്ടർ സമ്പ്രദായമായിരുന്നു. സാധനങ്ങൾക്കു പകരം സാധനം എന്നതാണ് ഈ രീതി. നാം ഉണ്ടാക്കുന്നതോ നമ്മുടെ കൈവശം മിച്ചമുള്ളതോ ആയ വസ്തുക്കൾ നൽകി മറ്റുള്ളവരിൽനിന്നു നമുക്കാവശ്യമുള്ളവ തിരിച്ചു വാങ്ങുന്നതാണ് ബാർട്ടർ സമ്പ്രദായത്തിന്റെ സവിശേഷത. മൂല്യം കണക്കാക്കുന്നതിലും ഉൽപന്ന കൈമാറ്റത്തിലുമെല്ലാമുള്ള പ്രയാസങ്ങൾ ഈ സമ്പ്രദായത്തിന്റെ പോരായ്മയാണ്.

പണം വരുന്നു
സാധനങ്ങൾ പരസ്പരം കൈമാറിയുള്ള ബാർട്ടർ സമ്പ്രദായത്തിന്റെ വിഷമതകൾ പരിഹരിച്ചുകൊണ്ടാണ് പണം കടന്നുവരുന്നത്. ഇതുവഴി ഉൽപന്നങ്ങളുടെ മൂല്യാനുസരണമായ വിനിമയം സാധ്യമായി. കൂടുതൽ ഉള്ളവ വിൽപന നടത്തി മൂല്യം പണരൂപത്തിൽ സൂക്ഷിക്കാനും ജനങ്ങൾക്കായി. സ്വർണം, വെള്ളി എന്നിവയിൽ തീർത്ത നാണയങ്ങളായിരുന്നു മനുഷ്യൻ ആദ്യകാലത്തുപയോഗിച്ചത്. പിന്നീടാണ് ചെമ്പ്, നിക്കൽ, അലൂമിനിയം സ്റ്റെയിൻലസ് സ്റ്റീൽ എന്നിവയിൽ നാണയങ്ങളുണ്ടാക്കിയത് പണാവശ്യങ്ങൾ വർധിച്ചുവന്നതോടെയാണു കടലാസ് പണം (paper currency) പ്രചാരത്തിലാവാൻ തുടങ്ങിയത്. നോട്ടുകളടിക്കാനുള്ള റാഗ് കടലാസുകൾ ഒരുകാലത്തു ചൈനയുടെ കുത്തകയായിരുന്നു.

പണം പുറപ്പെടുവിക്കുന്നത്
രാജ്യത്ത് ആവശ്യാനുസരണം പണം പുറത്തിറക്കുന്നതും നിയന്ത്രിക്കുന്നതും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. റിസർവ് ബാങ്കിന്റെ മേധാവി ഗവർണറാണ്. ഇദ്ദേഹത്തിന്റെ ഒപ്പോടെയാണ് നോട്ടുകൾ പുറപ്പെടുവിക്കുന്നത്. ഒന്ന്, രണ്ട് രൂപ നോട്ടുകളും നാണയങ്ങളും പുറത്തിറക്കുന്നത് കേന്ദ്ര സർക്കാർ നേരിട്ടാണ്. 1935 ഏപ്രിൽ ഒന്നിന് റിസർവ് ബാങ്ക് നിലവിൽ വന്നു. രാജ്യത്തിന്റെ ബാങ്ക്, കേന്ദ്ര ബാങ്ക് എന്നീ പേരുകളിലും റിസർവ് ബാങ്ക് അറിയപ്പെടുന്നു.

സർക്കാരിന്റെ വരവും ചെലവും
രാജ്യത്തു വികസന പ്രവർത്തനങ്ങളടക്കമുള്ള പൊതുകാര്യങ്ങളിൽ പണം ചെലവഴിക്കുന്നത് സർക്കാരുകളാണ്. ഇത്തരം പൊതു ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നത് പൊതുവരുമാനത്തിലൂടെയാണ്. റോഡുനിർമാണം, ഭക്ഷ്യവിതരണം, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളിലാണു പൊതുചെലവുകളുണ്ടാവുന്നത്. ആകസ്മികമായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും നാശങ്ങളുമെല്ലാം പൊതുചെലവുകൾ വർധിപ്പിക്കുന്നവയാണ്. നികുതി, ഫീസ്, ഗ്രാന്റ്, ലാഭം എന്നിവയെല്ലാമാണ് സർക്കാരിന്റെ പൊതുവരുമാനം. കാലാനുസൃതവും ആവശ്യാനുസരണവുമായ ഏറ്റക്കുറവുകൾ ഇവയിൽ വരുത്താൻ സർക്കാരിന് അധികാരമുണ്ട്. രാജ്യം യുദ്ധം നേരിടുകയാണെങ്കിൽ വാർടാക്സ് കൊണ്ടുവരുന്നതും സർക്കാരിന്റെ ധനാഗമ മാർഗമാണ്. രാജ്യത്തെ മൊത്തം സർക്കാർ വരുമാനത്തിന്റെ 58 ശതമാനവും വിവിധ നികുതികളിലൂടെയാണ്.

ജനങ്ങൾക്കും
പൊതുചെലവുകളിലൂടെയുള്ള സർക്കാരിന്റെ വ്യയം പരോക്ഷമായി ജനങ്ങൾക്കും ലഭ്യമാവുന്നു. പൊതുരംഗത്തു സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളാണ് ജനത്തിനു വരുമാനമാവുന്നത്. ഉദാ: വികസന പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാക്കുന്ന റോഡുകൾ, പാലങ്ങൾ എന്നിവയിലൂടെ തൊഴിൽ ലഭിക്കുന്നവർക്കു സർക്കാർതന്നെ വേതനം നൽകുന്നു. രാജ്യത്തു തൊഴിൽരാഹിത്യവും ജനങ്ങൾക്കു സാമ്പത്തിക ഞെരുക്കവുമെല്ലാം അനുഭവപ്പെടുമ്പോൾ വർധിച്ചതോതിൽ സർക്കാർതന്നെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ നടത്തി ജനങ്ങളുടെ വരുമാനം ഉറപ്പുവരുത്തുന്നു. ജനക്ഷേമം ഇതിലൂടെ ഉറപ്പുവരുത്തുന്നതു സർക്കാർ ബാധ്യതയാണ്.

പ്രതിശീർഷ വരുമാനം
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി കണക്കാക്കുന്നതിൽ വ്യക്തിഗത വരുമാനം പ്രധാന പങ്കു വഹിക്കുന്നു. ഇത്തരത്തിലുള്ള ആളോഹരി വരുമാനത്തെയാണ് പ്രതിശീർഷ വരുമാനം എന്നു പറയുന്നത്. രാജ്യത്തെ മൊത്തം ദേശീയ വരുമാനത്തെ ജനസംഖ്യകൊണ്ടു ഹരിച്ചെടുക്കുന്നതാണ് ആളോഹരി വരുമാനം. ഇന്ത്യയിൽ ദേശീയ വരുമാനം വർധിക്കുന്നതിനൊപ്പം ജനസംഖ്യയും വർധിക്കുന്നു. ഇതു പ്രതിശീർഷ വരുമാനത്തെയും ബാധിക്കുന്നു.

സമ്മിശ്രം
പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും പങ്കാളിത്തമുള്ള സമ്മിശ്ര സമ്പദ്‌വ്യവസ്ഥയാണു നമ്മുടെ രാജ്യത്തു പുലരുന്നത്. റെയിൽവേ, പ്രതിരോധം തുടങ്ങി ചില മേഖലകൾ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ്. എന്നാൽ വ്യോമഗതാഗതത്തിലും ബാങ്കിങ് രംഗത്തുമെല്ലാം ഇരുവിഭാഗത്തിനും പ്രാധാന്യമുണ്ട്. ആഗോള, ഉദാരവൽക്കരണ നടപടികൾ സ്വകാര്യ മേഖലകളുടെ സ്വാധീനം വർധിപ്പിക്കുകയും ചെയ്യുന്നു. 1990 മുതലാണ് ഈയൊരു മാറ്റത്തിനു രാജ്യം വിധേയമായിത്തുടങ്ങിയത്. വിദേശ മൂലധനവും ഇതിന്റെ ഫലമായി നമ്മുടെ രാജ്യത്തു സ്വാധീനമുണ്ടാക്കിത്തുടങ്ങി.

സാമ്പത്തിക അന്തരം
ഒരു ക്ഷേമ രാഷ്ട്രം അഭിമുഖീകരിക്കുന്ന വിഷയമാണ് ജനങ്ങൾക്കിടയിലുള്ള സാമ്പത്തിക അന്തരം. ദരിദ്രർ, ഇടത്തരക്കാർ, സമ്പന്നർ എന്നിങ്ങനെ മൂന്നായി ഇതിനെ വിഭാഗീകരിക്കാം. ഈ മൂന്നു വിഭാഗങ്ങളോടും സർക്കാരിന് ഒരേ സമീപനം കൈക്കൊള്ളാൻ സാധ്യമല്ല. വിവിധതരം സർക്കാർ ആനുകൂല്യങ്ങൾ നൽകുമ്പോൾ അത് അർഹതപ്പെട്ടവർക്കു തന്നെ ലഭ്യമാക്കുക എന്നത് സർക്കാരിന്റെ ബാധ്യതയാണ്. നികുതികളും ഫീസുകളുമെല്ലാം ഏർപ്പെടുത്തുമ്പോഴും അതു സാമ്പത്തികമായി താഴെതട്ടിലുള്ളവരെ പരിഗണിച്ചുകൊണ്ടാവും നടപ്പിലാക്കുക.

വ്യക്തിഗത ആവശ്യങ്ങൾ
സ്വന്തം കഴിവുകളും (സാങ്കേതികവും വൈജ്ഞാനികവും) സാഹചര്യങ്ങളുമനുസരിച്ചാണ് ഓരോരുത്തരും തൊഴിൽ തിരഞ്ഞെടുക്കുന്നത്. ജീവിക്കാൻ പണം ആവശ്യമാണ്. ഇതിന്റെ സമ്പാദനത്തിന് ഓരോരുത്തരും ഓരോ തൊഴിൽ ചെയ്യുന്നു. കൃഷി മേഖലയിലും വ്യാവസായിക മേഖലയിലും ഔദ്യോഗിക രംഗത്തുമെല്ലാം തൊഴിൽ സാധ്യതകളുണ്ട്. അധ്വാനശേഷിയും സന്നദ്ധതയുമാണ് ഓരോ വ്യക്തിയുടെയും സാമ്പത്തിക വരുമാനത്തിന്റെ അടിസ്ഥാനം. പൗരന്റെ ജീവിതനിലവാരം നിർണയിക്കുന്നതിൽ അവന്റെ വരുമാനം മുഖ്യപങ്കു വഹിക്കുന്നു.