ഒരാഴ്ച ലണ്ടനിൽ!

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഉപന്യാസ രചനാ മൽസരമാണ് ‘ദ് ക്വീൻസ് കോമൺവെൽത്ത് എസ്സേ കോംപറ്റീഷൻ.’ കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള കുട്ടിഎഴുത്തുകാരെ കണ്ടെത്തുന്നതിനുള്ള അടുത്ത വർഷത്തെ മൽസരം തുടങ്ങിക്കഴിഞ്ഞു. 1883ൽ റോയൽ കോമൺവെൽത്ത് സൊസൈറ്റിയാണ് മൽസരത്തിനു തുടക്കമിട്ടത്.

ആർക്കൊക്കെ പങ്കെടുക്കാം?
കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള 18 വയസ്സിൽ താഴെയുള്ള ആർക്കും പങ്കെടുക്കാം. 14 വയസ്സിൽ താഴെ യുള്ളവരെ ‍ജൂനിയർ കാറ്റഗറിയിലും 14 നും 18 നും ഇടയിൽ പ്രായമുള്ളവരെ സീനിയർ കാറ്റഗറിയിലും ഉൾപ്പെടുത്തിയാണ് മൽസരം.

എങ്ങനെ പങ്കെടുക്കാം ?
‘കോമൺവെൽത്ത് രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധികൾ എങ്ങനെ മറികടക്കാം, മികച്ച ഭാവി എങ്ങനെ കെട്ടിപ്പടുക്കാം’ എന്നതാണു വിഷയം. ഇംഗ്ലിഷിൽ തയാറാക്കിയ രചനകളാണു പരിഗണിക്കുക. രാജ്യങ്ങളുടെ സുസ്ഥിരത, സുരക്ഷ, അഭിവൃദ്ധി തുടങ്ങിയവയ്ക്ക് ഊന്നൽ നൽകിയാവണം എഴുത്ത്. കഥയായോ കവിതയായോ കത്തായോ ഡയറിക്കുറിപ്പായോ ഉപന്യാസമായോ രചനകൾ അയയ്ക്കാം. ജൂനിയർ കാറ്റഗറയിൽപ്പെട്ടവർക്കു വരകളും ഉൾപ്പെടുത്താം. സീനിയർ വിഭാഗക്കാർ 1,500 വാക്കുകളിലും ജൂനിയർ വിഭാഗത്തിൽപ്പെടുന്നവർ 750 വാക്കുകളിലും കവിയാത്ത കുറിപ്പു വേണം തയാറാക്കാൻ. മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി തയാറാക്കിയ സൃഷ്ടികളാണു ക്ഷണിക്കുന്നത്. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ 2018 ജൂൺ ഒന്നിനും ഓഫ്‌ലൈൻ വഴിയുള്ള അപേക്ഷകൾ 2018 മേയ് ഒന്നിനും മുൻപായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതുമായ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.thercs.org/competition എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.