ചെരുപ്പുകൾ തനിയെ നീങ്ങുന്നു! അന്തം വിട്ടു ലോകം! വിഡിയോ കാണാം

നവീൻ മോഹൻ

ആരാധനാലയങ്ങളിലോ മറ്റിടങ്ങളിലേക്കോ പോകുമ്പോള്‍ ചെരുപ്പ് പുറത്തുവയ്ക്കാന്‍ പലര്‍ക്കും പേടിയാണ്. തിരിച്ചു വരുമ്പോൾ സംഗതി അവിടെ കാണില്ലെന്നതാണു പ്രശ്നം. പക്ഷേ ഊരിയിട്ട ചെരുപ്പ് അപരിചിതർ ആരെങ്കിലും എടുക്കാൻ വരുമ്പോൾ ‘അയ്യോ കള്ളൻ, കള്ളൻ...’ എന്നു ചെരുപ്പു തന്നെ നിലവിളിച്ചാൽ എങ്ങനെയുണ്ടാകും? അതുമല്ലെങ്കിൽ ചെരുപ്പിനു നേരെ ആരെങ്കിലും കൈനീട്ടിയാൽ കാറും ബസുമൊക്കെ പോകുന്നതു പോലെയങ്ങ് ഓടിക്കളഞ്ഞാലോ? എന്തു നല്ല നടക്കാത്ത സ്വപ്നം എന്നൊക്കെ പറയാൻ വരട്ടെ. അധികം വൈകാതെ ഇതും പ്രാവർത്തികമാകുമെന്നാണു സൂചനകൾ. അതിന്റെ ഒരുദാഹരണം അങ്ങു ദൂരെ ജപ്പാനിൽ നിന്നു വാർത്തയായെത്തിയിട്ടുണ്ട്.

തന്നത്താനെ പോയി ചെരുപ്പു സൂക്ഷിക്കുന്നയിടത്ത് അടങ്ങിയൊതുങ്ങി ‘ഇരിക്കുന്ന’ തരം ചെരുപ്പുകളാണ് ജപ്പാനിൽ ട്രെൻഡായിരിക്കുന്നത്. ജാപ്പനീസ് രീതിയനുസരിച്ച് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമൊന്നും ചെരുപ്പിട്ട് കയറാൻ പാടില്ല. വീടിനകത്തും പുറത്തും ഉപയോഗിക്കാവുന്ന തരം ചെരുപ്പുകളുമുണ്ട് അവിടെ. ‘റിയോകാൻ’ എന്നറിയപ്പെടുന്ന ചില സത്രങ്ങളിലാകട്ടെ ചെരുപ്പിന്റെ കാര്യത്തിൽ കർശന നിലപാടാണ്. അകത്ത് കയറുമ്പോൾ ചെരുപ്പ് അതിന് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കണം. ഫ്യൂജി അഗ്നിപർവതം കാണുവാൻ എത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയപ്പെട്ടയിടമാണ് ‘പ്രോപൈലറ്റ് പാർക് റിയോകാൻ’. ജപ്പാന്റെ പരമ്പരാഗത രീതിയിലാണ് ഇവിടെ ഭക്ഷണവും താമസവുമെല്ലാം. ഈയിടത്തിന് ഇപ്പോൾ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തന്നത്താനെ സഞ്ചരിക്കുന്ന ചെരുപ്പുകളാണത്. അതിഥികൾ ഭക്ഷണത്തിനൊരുങ്ങുമ്പോഴാണ് ആ അദ്ഭുതം. നിലത്തിരുന്ന്, ചെറിയ മേശയിൽ ഭക്ഷണം വച്ചു കഴിക്കുന്നതാണ് ജാപ്പനീസ് രീതി. ഭക്ഷണം കഴിക്കുമ്പോൾ ചെരുപ്പ് ഊരിയിടുകയും വേണം.

പ്രോപൈലറ്റ് പാർക്കിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് സത്രത്തിനകത്ത് ധരിക്കാൻ ഒരു ചെരുപ്പ് നൽകും. ഭക്ഷണസമയത്ത് അത് ചുമ്മാതെ ഊരിയിട്ട് ഒരു കുഞ്ഞു റിമോട്ടിലെ ബട്ടണമർത്തിയാൽ മതി, തനിയെ നിരങ്ങിപ്പോയി മറ്റു ചെരുപ്പുകൾക്കിടയിൽ ഭംഗിയായി ചെന്നിരിക്കും. നിരന്നു കിടക്കുന്ന ചെരുപ്പുകൾക്കിടയിൽ കിട്ടുന്ന സ്ഥലം തനിയെ കണ്ടെത്തിയാണ് ചെരുപ്പ് അവിടേക്ക് കടന്നിരിക്കുക! ചെരുപ്പ് മാത്രമല്ല, ഭക്ഷണം കഴിക്കാനുള്ള കുഞ്ഞുമേശയും കുഷ്യനുകളുമെല്ലാം ഇത്തരത്തിൽ തനിയെ സഞ്ചരിക്കുന്നവയാണ്. ‘സെൽഫ് ഡ്രൈവിങ് സ്ലിപ്പർ’ എന്നാണ് ഇവിടത്തെ ചെരുപ്പുകൾക്ക് നൽകിയിരിക്കുന്ന പേരും.

രണ്ട് കുഞ്ഞൻ ചക്രങ്ങൾ, ഒരു മോട്ടോർ, പിന്നെ കുറച്ച് സെൻസറുകൾ ഇവയെല്ലാം ചേർന്നാൽ സെൽഫ് ഡ്രൈവിങ് സ്ലിപ്പറായി. സെൽഫ് ഡ്രൈവിങ് എന്നു വിളിക്കാനൊരു കാരണവുമുണ്ട്. കാർ നിർമാതാക്കളായ ‘നിസാൻ’ ആണ് ഈ സാങ്കേതികത തയാറാക്കിയെടുത്തത്. അവരുടെ ഇലക്ട്രിക് കാറായ ‘ലീഫിൽ’ ഇതു പ്രയോഗിച്ച് വിജയം കാണുകയും ചെയ്തു. സാധാരണക്കാർക്കും ഈ പുതിയ സാങ്കേതികത പരിചയപ്പെടുത്താനാണ് റിയോകാനിലെ നിസാന്റെ ചെരുപ്പു പരീക്ഷണം. നിരന്നു കിടക്കുന്ന വാഹനങ്ങൾക്കിടയിൽ ചെറിയൊരു ഇടമുണ്ടെങ്കിൽ അതു തനിയെ കണ്ടെത്തി അവിടെ കാർ പാർക്ക് ചെയ്യുന്നതാണ് നിസാന്റെ ഓട്ടോ പാർക്കിങ് സോഫ്റ്റ്‌വെയര്‍; ഡ്രൈവർ കാര്യമായൊന്നും ചെയ്യേണ്ട. റിമോട്ടിലെ ഒരൊറ്റ ക്ലിക്കിൽ നടക്കും ഈ ‘സെൽഫ് പാർക്കിങ്’. സംഗതി എന്തായാലും സൂപ്പർഹിറ്റായി. സഞ്ചാരികളെല്ലാം റിയോകാനില്‍ തങ്ങളുടെ ചെരുപ്പുകൾ തനിയെ നീങ്ങി സ്വയം ‘പാർക്ക്’ ചെയ്യുന്നതു കണ്ട് അന്തംവിടുകയാണിപ്പോൾ.