1612 പേജ്, 5.4 കിലോ തൂക്കം; ലോകത്തിലെ ഏറ്റവും ഭാരമേറിയ പത്രം!

വിജയ്

രാവിലെ ചായയ്ക്കൊപ്പം പത്രവും മലയാളിയുടെ ശീലമാണ്... വർത്തമാന പത്രങ്ങളുടെ ചരിത്രം പല ക്ലാസുകളിലും പഠിക്കാനുണ്ടല്ലോ...പത്രങ്ങളുടെ ചരിത്രവും കണക്കുകളും അറിയാം...

റോമാ നഗരത്തിലെ പൊതുസ്ഥലങ്ങളിൽ ദിവസവും പതിച്ചു വച്ച ആക്‌റ്റാ ഡയർണ (Acta Diurna) എന്ന കൈയെഴുത്തു വാർത്താപത്രികകളാണ് പത്രങ്ങളുടെ ആദിരൂപം (59 ബിസി). പ്രതിദിന സംഭവങ്ങൾ എന്നാണ് ലാറ്റിനിൽ ആക്‌റ്റാ ഡയർണയുടെ അർഥം. സർക്കാർ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുകയായിരുന്നു മുഖ്യദൗത്യം. ചിലപ്പോൾ ജനനം, മരണം വിവാഹം തുടങ്ങിയവയുടെ അറിയിപ്പുകളുമുണ്ടാകും. ഇന്നത്തെ പത്രങ്ങളുടെ ചില ധർമങ്ങൾ ഇവ നിറവേറ്റി.

പത്രങ്ങൾ മരിക്കുന്നില്ല
ലോകത്ത് ഏറ്റവും പ്രചാരമുള്ള 100 പത്രങ്ങളിൽ 75 ഉം ഏഷ്യയിലാണ്. പ്രതിദിനം 10.7 കോടി പത്രങ്ങൾ വിൽക്കുന്ന ചൈനയാണ് ഒന്നാമത്തെ പത്രവിപണി. ഇന്ത്യയും (9.9 കോടി) ജപ്പാനും (6.8 കോടി) യുഎസും (5.1 കോടി) തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യയിൽ പത്രപ്രചാരത്തിൽ 8% വാർഷിക വളർച്ചയുണ്ട്. എന്നാൽ ചില രാജ്യങ്ങളിൽ പ്രചാരം ഇടിയുന്നു. യുകെ (12%), യുഎസ്എ (7%), ജർമനി (3%) എന്നിവ ഉദാഹരണം.

പത്രപ്രചാരം ഭാഷാടിസ്ഥാനത്തിൽ(2017)

ഭാഷ – പ്രചാരം( ലക്ഷം)
1. ഹിന്ദി – 256.84
2. ഇംഗ്ലീഷ് – 119.49
3. മലയാളം– 64.40
4. തെലുങ്ക് –44.38
5. മറാത്തി – 41.87
6. ബംഗാളി – 33.49
7. കന്നഡ –28.38
8. തമിഴ് – 27.54
9. ഗുജറാത്തി - 10.04
10. മറ്റുഭാഷകൾ –20.84

പ്രചാരം : ആദ്യ പത്ത് പത്രങ്ങൾ (2017)

പത്രം ഭാഷ പ്രചാരം( ലക്ഷം)
1. ദൈനിക് ജാഗരമൻ – ഹിന്ദി – 43.67
2. ദൈനിക് ഭാസ്കർ – ഹിന്ദി – 41.46
3. ദ ടൈംസ് ഒാഫ് ഇന്ത്യ – ഇംഗ്ലീഷ് – 31.98
4. ഹിന്ദുസ്ഥാൻ – ഹിന്ദി – 27.63
5.അമർ ഉജാല – ഹിന്ദി – 27.11
6. മലയാള മനോരമ –മലയാളം – 24.11
7. ഈ നാട് –തെലുങ്ക് – 18.42
8. രാജസ്ഥാൻ പത്രിക – ഹിന്ദി – 17.51
9. ഗിന തന്തി –തമിഴ് – 15.71
10. ദ് ഹിന്ദു – ഇംഗ്ലീഷ് – 15.48

കടലാസ് നിർമാണവും അച്ചടിവിദ്യയും ഉദ്ഭവിച്ചത് ചൈനയിലാണെങ്കിലും ഇവ സാങ്കേതികമായി വികസിച്ചത് ജർമനിയിലും യൂറോപ്പിലുമാണ്. 1450 ൽ ജോഹാൻ ഗുട്ടൻബർഗ് നിർമിച്ച ഇളക്കിമാറ്റാവുന്ന അച്ചുകളും അച്ചടിയന്ത്രവും വിപ്ലവം സൃഷ്‌ടിച്ചു. ആദ്യകാല പത്രങ്ങളുടെയെല്ലാം ഈറ്റില്ലം ജർമനിയായിരുന്നു. ലോകത്തിലെ ആദ്യ ദിനപത്രം Relation aller Furnemmen und gedenckwurdigen Historien (Account of all distinguished and commemorable news) 1605 ൽ ജർമനിയിൽ പുറത്തിറങ്ങി. പതിവായി അച്ചടിച്ചിറക്കപ്പെട്ട (News Periodical) ആദ്യ പത്രമായ അവിസാ റിലേഷൻ ഓഡർ സൈറ്റുങ് (Avisa Relation Order Zeitung) 1609 ലും. ജർമൻ ഭാഷയിൽ സൈറ്റുങ് (zeitung) എന്നാൽ പത്രമെന്നാണ് അർഥം.

കനപ്പെട്ട പത്രം
പേജുകളുടെ എണ്ണത്തിൽ ലോക റെക്കോർഡിട്ട ഒരു പത്രമുണ്ട് – ദ് ന്യൂയോർക്ക് ടൈംസ്. 1987 സെപ്റ്റം. 14 ഞായറാഴ്ച ഇതിന് 1612 പേജുകളുണ്ടായിരുന്നു. 5.4 കിലോ തൂക്കം !. ഏറ്റവും ഭാരമേറിയ പത്രവും ഇതുതന്നെ.

ഇന്നത്തെ പത്രം നാളത്തെ ചരിത്രം
ചരിത്രരചനയ്ക്കു സഹായകമായ പ്രധാന രേഖയാണ് പത്രങ്ങൾ. അച്ചടിച്ചിറക്കുന്നതിനാൽ എഴുതപ്പെട്ട ഒരു രേഖയ്‌ക്കു തുല്യമാണിവ. ടിവി, ഇന്റർനെറ്റ്, സമൂഹമാധ്യമങ്ങൾ എന്നിവയെക്കാൾ ഇവയ്ക്ക് ആധികാരികത, വിശ്വസനീയത, സ്‌ഥിരത തുടങ്ങിയവ കൂടുതലാണ്. വിവിധ പരീക്ഷകൾക്ക് തയാറെടുക്കാനും, പൊതുവിജ്‌ഞാനം വർധിപ്പിക്കാനും, ഗവേഷകർക്ക് സെക്കൻഡറി ഡേറ്റ സമാഹരിക്കാനും നല്ല ഉറവിടങ്ങളാണിവ.

മലയാളപത്രങ്ങൾ
മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ബാസൽ മിഷനറിയായ ഹെർമൻ ഗുണ്ടർട്ടിന്റെ സൃഷ്‌ടിയാണ്. 1847 ൽ തലശ്ശേരിക്കടുത്ത നെട്ടൂരിൽ ഇല്ലിക്കുന്നിലെ ബാസൽ മിഷൻ പ്രസ്സിലാണ് ഇത് അച്ചടിമഷി പുരണ്ടത്. മതപരമായ കാര്യങ്ങളായിരുന്നു ഈ സൗജന്യപത്രത്തിന്റെ ഉള്ളടക്കം. രാജ്യസമാചാരം എന്ന പേര് തന്നെ സ്വർഗരാജ്യത്തെയാണ് അർഥമാക്കിയത്. തൊട്ടടുത്ത വർഷം കോട്ടയത്തെ സിഎംഎസ് പ്രസ്സിൽ നിന്നും ജ്‌ഞാനനിക്ഷേപം എന്ന മാസിക പുറത്തിറങ്ങി. മതവിഷയങ്ങളോടൊപ്പം പൊതുവിജ്‌ഞാനവും, ലേഖനങ്ങളും, വാർത്തകളും, സർക്കാർ അറിയിപ്പുകളും ഉൾപ്പെടുത്തിയ എട്ടു പേജുള്ള പത്രമായിരുന്നു ഇത്. അച്ചടിയന്ത്രത്തിൽ അച്ചടിച്ച ആദ്യ മലയാള പ്രസിദ്ധീകരണവും ഇതാണ്.

ചാൾസ് ലോസൻ എന്ന ഇംഗ്ലിഷുകാരന്റെ പത്രാധിപത്യത്തിൽ 1860 ൽ കൊച്ചിയിൽ തുടങ്ങിയ വെസ്‌റ്റേൺ സ്‌റ്റാർ (Western Star) ആണ് കേരളത്തിലെ ആദ്യ 'മതനിരപേക്ഷ' വർത്തമാനപത്രം. 1864 ൽ 'പശ്‌ചിമതാരക' എന്ന പേരിൽ ഇതിന്റെ മലയാളം പതിപ്പും പുറത്തിറങ്ങി. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത പത്രം എന്നു വിശേഷിപ്പിക്കാവുന്ന കേരളമിത്രം 1881 ൽ കൊച്ചിയിൽ പ്രസിദ്ധീകരണം ആരംഭിച്ചു. ദേവ്‌ജി ഭീംജി എന്ന ഗുജറാത്തുകാരൻ സ്‌ഥാപിച്ച ഇതിന്റെ ആദ്യ പത്രാധിപർ പിന്നീട് മലയാള മനോരമയുടെ സ്‌ഥാപകനായ കണ്ടത്തിൽ വർഗീസ് മാപ്പിളയായിരുന്നു.

19–ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ മലയാളികളുടെ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും വായനാശീലത്തിലും വൻ പുരോഗതിയുണ്ടായി. കേരളം (1866), സന്ദിഷ്‌ടവാദി (1867), ട്രാവൻകൂർ ഹെറാൾഡ് (ഇംഗ്ലിഷ്, 1867), കേരളോപകാരി (1874), സത്യനാദകാഹളം (1876), മലയാളമിത്രം (1878), തിരുവിതാംകൂർ അഭിമാനി (1878), കേരളചന്ദ്രിക (1879), കേരളപത്രിക (1884), നസ്രാണിദീപിക (1887), മലയാള മനോരമ (1888) എന്നിവയെല്ലാം ഈ സാമൂഹികാവസ്‌ഥയുടെ സൃഷ്ടികളാണ്.

മലയാളികളും വായനാശീലവും

64 വർഷം
ഇന്ത്യയിൽ ഹിന്ദിയും ഇംഗ്ലിഷും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പത്രപ്രചാരമള്ള ഭാഷ മലയാളമാണ്. ദൃശ്യമാധ്യമങ്ങൾ കേരളത്തിലെത്തുന്ന കാലത്ത് വെറും 10 ലക്ഷമായിരുന്നു ആകെ പത്രപ്രചാരം. ദൃശ്യമാധ്യമങ്ങൾക്കു പിന്നാലെ ഇന്റർനെറ്റ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയവ വ്യാപകമായിട്ടും ആകെ ‌പത്രപ്രചാരം (circulation) ഇപ്പോൾ 64 ലക്ഷം കവിഞ്ഞിരിക്കുന്നു.
82.35%
മാധ്യമപ്രചാരത്തിന്റെ അളവുകോലായി കണക്കാക്കുന്ന, ലോകത്തിലെ ഏറ്റവും വിപുലപഠനമായ ഇന്ത്യൻ റീഡർഷിപ് സർവേ (ഐആർഎസ്) 2017 പ്രകാരം കേരളത്തിൽ മറ്റെല്ലാ മാധ്യമങ്ങളെക്കാളും പ്രചാരമുള്ളതു പ്രസിദ്ധീകരണങ്ങൾക്കാണ്. അവ കേരള ജനസംഖ്യയുടെ 82.35 % പേരിലെത്തുമ്പോൾ ടിവി പ്രേക്ഷകർ 81.77 ശതമാനമേയുള്ളൂ. മലയാള ഭാഷ അറിയുന്നവരിൽ 66% പേരും ഏതെങ്കിലുമൊരു പ്രസിദ്ധീകരണം പതിവായി വായിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഷകളുടെയും ശരാശരിയുടെ നാലു മടങ്ങാണിത്.
59.73%
മലയാള ദിനപത്രങ്ങളുടെ വായനക്കാർ 2.38 കോടി (2017) യാണ്. കേരളത്തിൽ ദിനപത്രങ്ങൾ മാത്രം ദിവസവും 59.73% ആളുകളിലെത്തുന്നു – അഖിലേന്ത്യാ ശരാശരി (16.55%) യുടെ നാലിരട്ടിയോളം. ഡൽഹിയിലിതിന്റെ പകുതി ആളുകളിലേ ദിനപത്രങ്ങൾ എത്തുന്നുള്ളൂ. 12 മുതൽ 29 വരെ പ്രായക്കാരിൽ ഏകദേശം 61% പേരും ദിനപത്രങ്ങൾ വായിക്കുന്നു. ദേശീയ ശരാശരി 16% മാത്രം.

വരിക്കാരും വായനക്കാരും
വരിക്കാരുടെ എണ്ണവും (circulation) വായനക്കാരുടെ എണ്ണ (readership) വുമാണ് ഒരു പത്രത്തിന്റെ പ്രചാരത്തിന്റെ അളവുകോൽ. വിറ്റുപോകുന്ന ആകെ കോപ്പികളുടെ എണ്ണമാണ് circulation. വിറ്റുപോകുന്ന ഓരോ കോപ്പിയും ഒന്നിലേറെ ആൾക്കാർ വായിക്കുമല്ലോ. ഒരു പത്രത്തിന്റെ ഒരു ദിവസത്തെ ശരാശരി വായനക്കാരുടെ എണ്ണമാണ് അതിന്റെ readership. ഇന്ത്യയിൽ പത്രം വായിക്കുന്നവരുടെ എണ്ണത്തിൽ 40% വർധനയുണ്ട്. 2014 ൽ 29.5 കോടിയായിരുന്ന വായനക്കാരുടെ എണ്ണം 2017 ൽ 40.7 കോടിയായി. വായനക്കാർ നഗരങ്ങളിൽ 53%, ഗ്രാമങ്ങളിൽ 31%. 7.03 കോടി വായനക്കാരുള്ള ഹിന്ദിയിലെ ദൈനിക് ജാഗരൻ (Dainik Jagran) ആണ് ഒന്നാമത്. മലയാളത്തിൽ 1.59 കോടി വായനക്കാരുമായി മലയാള മനോരമയാണ് ഒന്നാമത്.

വായനക്കാരുടെ എണ്ണം – ആദ്യ പത്തു പത്രങ്ങൾ (2017)

പത്രം - ഭാഷ - വായനക്കാർ-(കോടിയിൽ)
1. ദൈനിക് ജാഗരൺ – ഹിന്ദി –7.03
2. ഹിന്ദുസ്ഥാൻ – ഹിന്ദി – 5.23
3. അമർ ഉജാല –ഹിന്ദി –4.60
4. ദൈനിക് ഭാസ്കർ –ഹിന്ദി –4.51
5. ദിന തന്തി – തമിഴ് –2.31
6. ലോക്മത് – മറാത്തി –1.80
7. രാജസ്ഥാൻ പത്രിക ––ഹിന്ദി –1.63
8. മലയാള മനോരമ – മലയാളം –1.59
9. ഈ നാട് – തെലുങ്ക് – 1.58
10. പ്രഭാത് ഖബർ –ഹിന്ദി 1.34

പത്രങ്ങൾ ഇന്ത്യയിൽ
ഇന്ത്യയിൽ പത്രങ്ങളുടെ ചരിത്രം തുടങ്ങുന്നത് ജയിംസ് അഗസ്‌റ്റസ് ഹിക്കി (James Augustus Hicky) എന്ന ഇംഗ്ലിഷുകാരനിൽ നിന്നാണ്. 1780 ൽ ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റ് (Bengal Gazette) ഹിക്കി പുറത്തിറക്കി. കൽക്കത്ത ജനറൽ അഡ്വടൈസർ (Calcutta General Advertiser), ഹിക്കീസ് ഗസറ്റ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പിന്നീട് ഇന്ത്യാ ഗസറ്റ്, ബംഗാൾ ഹർക്കർ, ജോൺ ബുൾ തുടങ്ങിയ പത്രങ്ങൾ രംഗപ്രവേശം ചെയ്‌തു. എല്ലാം ഇംഗ്ലിഷുകാർക്കു വേണ്ടി ഇംഗ്ലിഷുകാർ നടത്തിയ ഇംഗ്ലിഷ് പത്രങ്ങൾ. 19–ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇന്തോ–ആംഗ്ലിയൻ പത്രങ്ങൾക്കു തുടക്കമായി. ഗംഗാധർ ഭട്ടാചാര്യയുടെ ബംഗാൾ ഗസറ്റ് (Vangal Gazette) ആണ് ഇത്തരത്തിലുള്ള ആദ്യ പത്രം (1816). തുടർന്ന് ഇന്ത്യൻ ഭാഷാ പത്രങ്ങളുടെ (Vernacular Press) യുഗമായിരുന്നു. സെറാംപൂർ മിഷനറിമാർ 1818ൽ ബംഗാളിയിൽ പുറത്തിറക്കിയ ദിഗ്‌ദർശൻ ആണ് ആദ്യത്തേത്. ഇതേ വർഷം ബംഗാളിയിൽ സമാചാർ ദർപ്പൺ (Samachar Darpan) എന്ന പത്രവും പുറത്തിറങ്ങി. തുടർന്ന് ഗുജറാത്തിയിൽ ബോംബേ സമാചാർ (1822), മറാത്തിയിൽ ദർപ്പൺ (1832), തെലുങ്കിൽ സത്യദൂത (1836) തുടങ്ങി ഒട്ടേറെ പത്രങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിലായി പ്രസിദ്ധീകരണം തുടങ്ങി.

ഒന്നാമൻ ജപ്പാൻ
പത്രവിൽപനയിൽ ചൈനയാണ് ഒന്നാമതെങ്കിലും ജനസംഖ്യയുമായി തട്ടിച്ചു നോക്കിയാൽ ജപ്പാനാണ് പത്രപ്രചാരത്തിൽ മുൻപൻ. 12.6 കോടി മാത്രം ജനസംഖ്യയുള്ള ജപ്പാനിൽ 6.8 കോടി പത്രങ്ങൾ പ്രതിദിനം വിൽക്കപ്പെടുമ്പോൾ 138 കോടി ജനസംഖ്യയുള്ള ചൈനയിലിത് 10.7 കോടി മാത്രമാണ്. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പത്തു പത്രങ്ങളിൽ നാലും ജപ്പാനിലാണ്. പ്രതിദിനം അരക്കോടിയിലധികം കോപ്പികളുമായി രണ്ട് ലോക റെക്കോർഡുകാർ ജപ്പാനിലുണ്ട് – 90.17 ലക്ഷം പ്രചാരമുള്ള യുമ്യൂറി ഷിംബുൻ (Yomiuri Shimbun) 65.72 ലക്ഷം പ്രചാരമുള്ള അസാഹി ഷിംബുൻ (Asahi Shimbun).

പ്രചാരം 2.5 കോടി
ഗിന്നസ് റെക്കോർഡ് പ്രകാരം പ്രചാരത്തിൽ റെക്കോർഡിട്ട പത്രം പഴയ സോവിയറ്റ് റഷ്യയില പ്രവ്ദ (Pravda) യാണ്. 1990 ൽ ഇതിന്റെ പ്രതിദിന പ്രചാരം 2.15 കോടിയായിരുന്നു. പത്രകാര്യത്തിൽ ഇന്ത്യയ്ക്കും ഒരു റെക്കോർഡുണ്ട് – ലോകത്ത് ഏറ്റവും കൂടുതൽ പത്രങ്ങളും ആനുകാലികങ്ങളുമുള്ള രാജ്യം (ഒരു ലക്ഷത്തോളം പ്രസിദ്ധീകരണങ്ങൾ) വെനീസിലെ ഭരണകൂടം ബുള്ളറ്റിനുകൾ പുറത്തിറക്കിയിരുന്നു (എഡി 1550). ഒരു ഗസറ്റ് (നാണയം) ആയിരുന്നു വില. പല പത്രങ്ങൾക്കും ഗസറ്റ് എന്ന പേരു വീഴാൻ കാര്യമിതാണ്.

കയ്യെഴുത്തുപത്രം
കൈകൊണ്ടെഴുതി പ്രസിദ്ധീകരിക്കുന്ന (കാലിഗ്രഫി) ലോകത്തിലെ ഏക ദിനപത്രം ചെന്നൈയിലാണ്. 1927ൽ പ്രസിദ്ധീകരണം തുടങ്ങിയ ‘ദ് മുസൽമാൻ’ (The Musalman). മഷിക്കുപ്പിയിൽ പേന മുക്കിയാണ് ഓരോ അക്ഷരവുമെഴുതുന്നത്. തെറ്റുവന്നാൽ കുഴഞ്ഞു. എല്ലാം ഒന്നിൽ നിന്നു തുടങ്ങണം. എഴുതിയ ശേഷം നെഗറ്റീവ് എടുത്ത് അച്ചടിക്കും. 21000 കോപ്പിയാണ് ഈ സായാഹ്ന പത്രത്തിന്റെ പ്രചാരം.

നൂറ്റാണ്ടുകൾ പിന്നിട്ട്
ലോകത്ത് പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴയ പത്രം 'ദ് വീനർ സൈറ്റുംഗ്' (The Weiner Zeitung) ആണ്. ഓസ്‌ട്രിയയിലെ വിയന്നയിൽ 1703 ലായിരുന്നു ജനനം. ഓസ്ട്രിയയുടെ ഔദ്യോഗിക മാധ്യമമാണിത്. എന്നാൽ ഇതിലും പഴയ ഒരു പത്രവും ഇപ്പോഴുണ്ട് – Post-och Inrikes Tidninger. സ്വീഡനിൽ 1645 ൽ തുടങ്ങിയ ഇത് 2007 മുതൽ ഓൺലൈൻ മാത്രമായി. ഇന്ത്യയിൽ (ഏഷ്യയിലും) ഇപ്പോഴുള്ളതിൽ ഏറ്റവും പ്രായമേറിയ പത്രം ബോംബേ സമാചാർ (Bombay Samachar) ആണ് (1822). 19–ാം നൂറ്റാണ്ടിൽ പിറന്ന ഏതാനും പത്രങ്ങൾക്ക് ഇപ്പോഴും വൻ പ്രചാരമുണ്ട്. ടൈംസ് ഓഫ് ഇന്ത്യ (1838), ഗുജറാത്ത് മിത്ര (1863), പയനിയർ (1865), സ്‌റ്റേറ്റ്‌സ്‌മാൻ (1875), ദ് ഹിന്ദു (1878), ദ് ട്രിബ്യൂൺ (1881), മലയാള മനോരമ (1888) എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു.