പരിശോധിച്ച ഗവേഷകരും അമ്പരന്നു; ഫൊറദാദ ഗുഹയിലെ അദ്ഭുത എല്ല്!, Neanderthal, Eagle talon jewelry, Padhippura, Manorama Online

പരിശോധിച്ച ഗവേഷകരും അമ്പരന്നു; ഫൊറദാദ ഗുഹയിലെ അദ്ഭുത എല്ല്!

കൂട്ടുകാർ ഫൊറദാദ ഗുഹ എന്നു കേട്ടിട്ടുണ്ടോ? സംഗതി ഇന്ത്യയിലൊന്നുമല്ല, അങ്ങൂ ദൂരെ സ്പെയിനിലെ കലഫെൽ എന്ന ഗ്രാമത്തിലാണ്. മനുഷ്യരുടെ പരിണാമത്തെ കുറിച്ചു പഠിക്കുന്നവർക്കു പ്രിയപ്പെട്ട ഇടമാണ് ആ ഗുഹ. നിയാൻഡർതാൽ മനുഷ്യരുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ അവിടെ നിന്നു കണ്ടെത്താനായിട്ടുണ്ട്. ഇന്നത്തെ രൂപത്തിലുള്ള ആധുനിക മനുഷ്യരാണ് ഹോമോസാപിയൻസ് എന്നറിയപ്പെടുന്നത്. ആഫ്രിക്കയിലെ ബോട്‌സ്വാനയിലാണ് ആധുനിക മനുഷ്യൻ രൂപപ്പെട്ടതെന്നാണു കരുതുന്നത്. ഹോമോസാപിയൻസിനും തൊട്ടു മുൻപേയുള്ളവരാണ് നിയാൻഡർതാൽ മനുഷ്യർ. അവരാകട്ടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു ജീവിച്ചിരുന്നത്.

ആഫ്രിക്കയിൽ നിന്ന് ആധുനിക മനുഷ്യർ ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കീഴടക്കിയതോടെ നിയാൻഡർതാൽ മനുഷ്യർ ഇല്ലാതായി. ഒരു ഘട്ടത്തിൽ ഇരുവിഭാഗം മനുഷ്യരും കൂടിക്കണ്ടുവെന്നും ഗവേഷകർ വിശ്വസിക്കുന്നു. അത്തരമൊരു സിദ്ധാന്തത്തിനു ശക്തിപകരുന്ന കണ്ടെത്തലാണ് ഇപ്പോൾ ഫൊറദാദ ഗുഹയിൽ നിന്നെത്തിയിരിക്കുന്നത്. പരുന്തിന്റെ കാൽപ്പാദത്തിലെ അസ്ഥി കൊണ്ടു തയാറാക്കിയ ആഭരണമാണ് സംഗതി. ആഭരണമെന്നു പറയുമ്പോൾ ഇന്നത്തെപ്പോലെ അലങ്കാരങ്ങളൊന്നുമില്ല. പക്ഷേ നിയാൻഡർതാൽ മനുഷ്യരുടെ കയ്യൊപ്പു പതിഞ്ഞ അവസാനത്തെ ആഭരണമെന്ന നിലയ്ക്കാണ് ഇപ്പോൾ ഈ അസ്ഥിക്കഷ്ണം അറിയപ്പെടുന്നത്. അവയ്ക്ക് ഹോമോസാപിയൻസുമായും ബന്ധമുണ്ടാകാമെന്നും ഗവേഷകർ പറയുന്നു. അക്കഥയിങ്ങനെ.
സ്പാനിഷ് ഇംപീരിയൽ പരുന്തിന്റെ കാൽപ്പാദത്തിലെ അസ്ഥി കൊണ്ടുള്ള ആഭരണം 2015ലാണ് ഗവേഷകർക്കു ലഭിക്കുന്നത് (ഈ പരുന്തുകൾ ഇപ്പോൾ വംശനാശഭീഷണിയിലാണ്) ഒറ്റനോട്ടത്തിൽത്തന്നെ സംഗതി ഒരു എല്ലിൻ കഷ്ണമല്ലെന്ന് ഉറപ്പായി. അതിൽ ഏതോ ഉപകരണം കൊണ്ടുണ്ടാക്കിയ ആഴത്തിലുള്ള മുറിവുണ്ട്. മനുഷ്യന്റെ ആ ഇടപെടൽ 3ഡി കംപ്യൂട്ടർ മോഡലിങ്ങിലൂടെയായിരുന്നു സ്ഥിരീകരിച്ചത്. ഏകദേശം 1.2 ലക്ഷം വർഷം മുൻപു തന്നെ തെക്കൻ യൂറോപ്പിലെ മനുഷ്യർ ഇത്തരം ആഭരണങ്ങൾ നിർമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഫൊറദാദയിൽ നിന്നു കണ്ടെത്തിയത് 40,000 വർഷത്തെ പഴക്കമേയുള്ളൂ. അതായത് നിയാൻഡർതാൽ മനുഷ്യർ ഇല്ലാതാകുന്നതിനു തൊട്ടു മുൻപത്തെ കാലം! കാർബൺ ഡേറ്റിങ്ങിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്നത്തെ സ്പെയിനും പോർച്ചുഗീസും ഉൾപ്പെട്ട ഐബീരിയൻ പെനിൻ‍‍‍‍സുലയിൽ ആദ്യമായാണ് ഇത്തരമൊരു ആഭരണം കണ്ടെത്തുന്ന്. ഇതുപക്ഷേ എന്തിനാണ് ഉപയോഗിച്ചത്? ഗവേഷകർ പറയുന്നത് സമൂഹത്തിലെ സ്ഥാനമോ മറ്റോ കാണിക്കുന്നതിനുള്ള അടയാളമായിരുന്നു ഈ ആഭരണമെന്നാണ്. ആചാരങ്ങളുടെ ഭാഗമായല്ലാതെ, ഒരു അടയാളമായി അക്കാലത്ത് ഇത്തരം ആഭരണങ്ങൾ നിർമിക്കുന്ന പതിവുമുണ്ടായിരുന്നു. കടൽശംഖും മറ്റുമുപയോഗിച്ചും നിയാൻഡർതാൽ മനുഷ്യർ ആഭരണങ്ങളുണ്ടാക്കിയിരുന്നെന്നാണു കരുതുന്നത്. അവയും ലക്ഷ്യമിട്ടത് സമൂഹത്തിലെ പദവി കാണിക്കുകയെന്നതു തന്നെയാകണം. പരുന്തിന്റെ അസ്ഥി കൊണ്ടുള്ള പതക്കം മാലകളിലാണ് ഉപയോഗിച്ചിരുന്നതെന്നും കരുതുന്നു.

ഒരുപക്ഷേ നിയാൻഡർതാൽ മനുഷ്യർ യൂറോപ്പിലെത്തിയ ഹോമോസാപിയൻസിനു തങ്ങളുടെ ആഭരണവിദ്യ കൈമാറിയതാകാമെന്നും ഗവേഷകർ കരുതുന്നു. അങ്ങനെയെങ്കിൽ പരിണാമ ചരിത്രത്തിലെ നിർണായക കണ്ടെത്തലുമാകും ഇത്. ക്രൊയേഷ്യയിൽ നിന്നാണ് ഇത്തരത്തിലുള്ള ഏറ്റവും പഴക്കം ചെന്ന അസ്ഥികൊണ്ടുള്ള പതക്കം കണ്ടെത്തുന്നത്– 1.3 ലക്ഷം വർഷം പഴക്കമുള്ളതാണ് അത്. അന്ന് ഹോമോസാപിയൻസ് രൂപപ്പെട്ടിട്ടില്ല. ഇപ്പോൾ കണ്ടെത്തിയതാകട്ടെ ഏറ്റവും ‘യുവത്വം’ ചെന്ന പതക്കവും. അതുനിർമിച്ചത് നിയാൻഡർതാലോ ഹോമോസാപിയൻസോ എന്നു കൺഫ്യൂഷനുമാണ്. പഠനത്തിന്റെ കൂടുതൽ വിവരങ്ങൾ സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചതു കൂട്ടുകാർക്കും വായിക്കാം.