അദ്ഭുതം ആ കാഴ്ച; ആകാശത്തു നിന്നു നമ്മെ നോക്കി ചിരിക്കുന്ന നക്ഷത്രം!

ആകാശത്ത് എത്ര നക്ഷത്രങ്ങളുണ്ട്? ഒന്നെണ്ണി നോക്കിയാലോ? ഒന്ന്, രണ്ട്, മൂന്ന്, പത്ത്, ഇരുപത്, നാൽപത്, അൻപത്...അയ്യോ...എണ്ണാന്‍ പറ്റുന്നില്ലല്ലോ! എണ്ണിപ്പോയാൽ അങ്ങു കാക്കത്തൊള്ളായിരം നക്ഷത്രങ്ങളെയും അതിനപ്പുറത്തേക്കും എണ്ണേണ്ടി വരും. ഈ നക്ഷത്രങ്ങളെല്ലാം ഗുരുത്വാകർഷണം കൊണ്ട് പരസ്പരം ബന്ധപ്പട്ടു കിടക്കുകയാണ്. അങ്ങനെ കുറേ നക്ഷത്രങ്ങൾ ചേരുമ്പോൾ ആ കൂട്ടത്തെ നാം ഗാലക്സി എന്നു വിളിക്കും. ഒട്ടേറെ ഗാലക്സികൾ ചേർന്നതാണു നമ്മുടെ പ്രപഞ്ചം. സൂര്യനും അതിനെ ചുറ്റിക്കറങ്ങുന്ന ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളും മറ്റും ചേർന്ന നമ്മുടെ സൗരയൂഥമില്ലേ, അത് സ്ഥിതി ചെയ്യുന്നതും ഒരു ഗാലക്സിയിലാണ്. ക്ഷീരപഥം അഥവാ മിൽക്കിവേ എന്നാണതിനു പേര്.

നമ്മളങ്ങനെ ആകാശത്തെ നക്ഷത്രങ്ങളെയും നോക്കി നിൽക്കുന്നതിനിടെ ഒരു നക്ഷത്രം നോക്കി ചിരിച്ചാലെങ്ങനെയുണ്ടാകും? ആരായാലും അന്തംവിട്ടു പോകും. എന്നാൽ അത്തരമൊരു അന്തംവിട്ട കാഴ്ച ലോകത്തിനു സമ്മാനിച്ചിരിക്കുകയാണ് നാസ. അമേരിക്കയുടെ ഈ ബഹിരാകാശ ഏജൻസി ആകാശത്തേക്കു വിട്ട ഹബിൾ സ്പേസ് ടെലസ്കോപ്പ് എന്ന കൂറ്റൻ ദൂരദർശിനിയാണ് അതിനു സഹായിച്ചത്. അകാശത്തൊരു ഇമോജി എന്നാണ് ഈ പ്രതിഭാസത്തെ നാസ വിശേഷിപ്പിച്ചത്. തിളങ്ങുന്ന രണ്ടു മഞ്ഞക്കണ്ണുകൾ. ചിരിക്കുന്ന ചുണ്ടിനു സമാനമായ ഒരു ‘ആർക്’ പോലുള്ള വരയും കൂടെയുണ്ട്. ഫോട്ടോയിൽ അതൊരു കുഞ്ഞൻ കാഴ്ചയായി തോന്നാം. പക്ഷേ കോടാനുകോടി നക്ഷത്രങ്ങൾ ചേർന്ന രണ്ടു ഗാലക്സികളാണ് ആ കണ്ണുകൾ. ചിരിയാകട്ടെ പ്രപഞ്ചത്തിലെ മറ്റൊരു പ്രതിഭാസവും.

ഗാലക്സികളുടെ ഈ ‘ചിരിക്കൂട്ട’ത്തിന് എസ്ഡിഎസ്എസ് ജെ0952+3434 എന്നാണു ഗവേഷകർ പേരിട്ടിരിക്കുന്നത്. എസ്ഡിഎസ്എസ് ജെ0952+3434–യുടെ ചിരി രൂപപ്പെട്ടത് ‘ഗ്രാവിറ്റേഷനൽ ലെൻസിങ്’ എന്ന പ്രക്രിയ വഴിയാണ്. കടിച്ചാൽ പൊട്ടാത്ത പേരാണെങ്കിലും സംഗതി സിംപിളാണ്. ഒരു വമ്പൻ വസ്തു, അതായത് നക്ഷത്രങ്ങളുടെ ഒരു കൂട്ടം. അതിനു ചുറ്റും പ്രകാശം ചുറ്റിക്കറങ്ങിയാണ് ഭൂമിയിലേക്കു വരിക. അപ്പോൾ ഗുരുത്വാകർഷണം കാരണം ആ വെളിച്ചത്തിനൊരു വളവ് വരും. ആ ‘ആർക്’ ആണ് നാസയുടെ ഇമോജിയുടെ ചിരിയായത്. സത്യത്തിൽ അതിനു കൃത്യമായ ആർക്കിന്റെ രൂപമൊന്നുമില്ല, പ്രകാശത്തിന്റെ രൂപമൊക്കെ ചിതറിത്തെറിച്ച അവസ്ഥയാണെന്നു സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും.

ഗ്രാവിറ്റേഷനല്‍ ലെൻസിങ് വഴി വന്ന ‘ആർക്കും’ രണ്ടു കൂറ്റൻ ഗാലക്സികളും ചേർന്നതാണ് ഇമോജിയെന്നു ചുരുക്കം. ഹബിൾ സ്പെയ്സിലെ വൈഡ് ഫീൽഡ് ക്യാമറ 3 ഉപയോഗിച്ചായിരുന്നു ഈ ഫോട്ടോയെടുപ്പ്. നക്ഷത്രങ്ങളുടെ രൂപീകരണം സംബന്ധിച്ചുള്ള പഠനത്തിനു വേണ്ടി ഓരോ ഗാലക്സിയിലേക്കും സസൂക്ഷ്മം തുറന്നുവച്ചിരിക്കുന്ന ക്യാമറയാണിത്. 1990ൽ ബഹിരാകാശത്തെത്തിച്ച ഹബിൾ സ്പെയ്സ് ടെലസ്കോപ്പ് ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനികളിലൊന്നാണ്. പ്രപഞ്ചത്തിലെ ഒട്ടേറെ രഹസ്യങ്ങളാണ് ഈ ‘ഭീമൻ’ ഇതിനോടകം ഭൂമിയിലെത്തിച്ചിരിക്കുന്നത്. നേരത്തേ എസ്ഡിഎസ്എസ് ജെ1038+4849 എന്ന പേരിലുള്ള മറ്റൊരു ‘ഹാപ്പി ഫെയ്സിന്റെ’ ചിത്രവും നാസ പുറത്തുവിട്ടിരുന്നു.