കുട്ട്യോളെ പഠിപ്പിക്കാൻ 'നാസപ്പാവക്കുട്ടി'

നവീൻ മോഹൻ

ചന്ദ്രനിലേക്ക് ഒരു തവണ കൂടി പോകുക, ചൊവ്വാഗ്രഹത്തിലേക്ക് ഏതുവിധേനയും എത്തുക, ഭൂമിയെപ്പോലുള്ള മറ്റു ഗ്രഹങ്ങളുണ്ടോയെന്നു കണ്ടെത്തുക... ഇനിയുള്ള വർഷങ്ങളിൽ ഇവയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ പ്രധാന ലക്ഷ്യങ്ങൾ. 2030 ആകുമ്പോഴേക്കും ചൊവ്വ വെട്ടിപ്പിടിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അതിനാകട്ടെ ഗവേഷകരും എൻജിനീയർമാരും ബഹിരാകാശ സഞ്ചാരികളും ശാസ്ത്രജ്ഞരുമെല്ലാമായി വൻ സംഘം തന്നെ വേണം. പക്ഷേ കുട്ടികളിൽ പലർക്കും ശാസ്ത്രത്തോടും സാങ്കേതികതയോടും എൻജിനീയറിങ്–കണക്കു വിഷയങ്ങളോടും അത്ര സ്നേഹമൊന്നുമില്ല. പഠിച്ചെടുക്കാൻ ബുദ്ധിമുട്ടാണെന്നാണ് അവർ പറയുന്ന കാര്യം. പക്ഷേ കണക്കും സയന്‍സുമൊക്കെ കഥകളിലൂടെ പഠിക്കാൻ സാധിച്ചാലോ? അതൊക്കെ പഠിപ്പിക്കാൻ ഒരു പാവക്കുട്ടിട്ടീച്ചറും വന്നാലോ? അടിപൊളിയായിരിക്കുമല്ലേ!

കുട്ടിക്കൂട്ടത്തിനു ശാസ്ത്രവിഷയങ്ങളോട് ഇഷ്ടം തോന്നാൻ ഒടുവിൽ നാസ തന്നെ അങ്ങനെയൊരു വഴിയൊരുക്കി. ലോകപ്രശസ്ത കളിപ്പാട്ട നിർമാതാക്കളായ മറ്റെലിനു കീഴിലുള്ള ‘അമേരിക്കൻ ഗേൾ’ കമ്പനിയാണ് ഇതിന് നാസയ്ക്കൊപ്പം രംഗത്തു വന്നത്. ബഹിരാകാശ യാത്രികയാകാൻ കൊതിക്കുന്ന ഒരു പെൺപാവക്കുട്ടിയെ അമേരിക്കൻ ഗേൾ കമ്പനി നിർമിച്ചെടുത്തു. പുതുവത്സരദിനത്തിൽത്തന്നെ വിൽപനയ്ക്കുമെത്തിച്ചു–പേര് ലൂസിയാന വേഗ. ചിലെയാണ് ഈ കുരുന്നിന്റെ സ്വദേശം, വയസ്സ് 11. ലൂസിയാനയ്ക്ക് ഒരു വലിയ സ്വപ്നമുണ്ട്– ആദ്യമായി ചൊവ്വയിലെത്തുന്ന ആസ്ട്രോനോട്ട് ആകണം.(അമേരിക്കൻ ബഹിരാകാശ യാത്രികരെയെല്ലാം വിളിക്കുന്നത് ആസ്ട്രോനോട്ട് എന്നാണ്) തവിട്ടു നിറമുള്ള കണ്ണും അത്ര വെളുപ്പല്ലാത്ത നിറവുമൊക്കെയുള്ള ഈ സുന്ദരിപ്പാവയ്ക്ക് ഉഗ്രൻ മുടിയുമുണ്ട്. കറുത്ത മുടിയിഴകൾക്കിടയിൽ പർപ്പിൾ നിറത്തിലൊരു വരയും! അതിന്റെ ലക്ഷ്യം മറ്റൊന്നുമല്ല, വേറിട്ടു ചിന്തിക്കുന്നയാളാണു ലൂസിയാനയെന്നു വ്യക്തമാക്കുക.

ഫ്ലൈറ്റ് സ്യൂട്ടിട്ടും സ്പെയ്സ് സ്യൂട്ടിട്ടുമെല്ലാം ലൂസിയാനപ്പാവയെ സ്വന്തമാക്കാം. ഒപ്പം ഒരു കൂട്ടം സമ്മാനങ്ങളുമുണ്ട്. ചൊവ്വയിൽ ജീവിക്കാനാവശ്യമായ കെട്ടിടങ്ങളുടെ മാതൃക ഉൾപ്പെടെയാണ് പാവക്കുട്ടിയെ വിൽക്കുക. തീർന്നില്ല, പ്രശസ്ത ശാസ്ത്ര എഴുത്തുകാരി എറിൻ ടീഗൻ എഴുതിയ പുസ്തകങ്ങളുമുണ്ട്. ഒരു സാധാരണ സ്കൂള്‍ കുട്ടിയിൽ നിന്നു വളർന്നു വലുതായി ആസ്ട്രോനോട്ടായി ചൊവ്വയിലേക്കു പറക്കുന്ന ലൂസിയാനയുടെ കഥയാണ് പുസ്തകങ്ങളിലുള്ളത്. ആരും ഇരുവരെ പോകാത്ത ഒരിടത്തേക്കു യാത്ര തിരിക്കുന്നതിനു മുൻപുണ്ടാകുന്ന വെല്ലുവിളികളെ ലൂസിയാന എങ്ങനെ നേരിടുമെന്നും പുസ്തകം പറയും. അതിൽ തോൽവിയും വിജയങ്ങളുമെല്ലാമുണ്ട്. അവയെയെല്ലാം തരണം ചെയ്ത് എങ്ങനെ ലക്ഷ്യത്തിലേക്കു മുന്നേറാമെന്ന പാഠങ്ങളാണ് ലൂസിയാനപ്പാവ പറഞ്ഞു തരുന്നതും.

പെൺകുട്ടികളെ കരുത്തരാക്കി വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അമേരിക്കൻ ഗേൾ അധികൃതർ പറയുന്നു. ആസ്ട്രോനോട്ടായ മെഗാൻ മക്ആർതറും നാസയിലെ മറ്റ് ഗവേഷകരുമെല്ലാം ലൂസിയാനയെപ്പറ്റിയുള്ള കഥയിലേക്കു വിവരങ്ങൾ നൽകിയിട്ടുണ്ട്. ശാസ്ത്രകഥയിൽ തെറ്റുപറ്റാൻ പാടില്ലല്ലോ! കളിപ്പാട്ട നിർമാണ കമ്പനിയായ ലെഗോയും ഇക്കഴിഞ്ഞ നവംബറിൽ ‘നാസയിലെ പെൺകുട്ടികൾ’ എന്ന പേരിൽ ഒരു കൂട്ടം പാവക്കുട്ടികളെ പുറത്തിറങ്ങിയിരുന്നു. സംഗതി വൻ ഹിറ്റുമായിരുന്നു.