ക്രിസ്മസിന് തനിയെ തിളങ്ങുന്നൊരു മരം!

നവീൻ മോഹൻ

മണ്ണിലും വിണ്ണിലും നക്ഷത്രം തെളിച്ചു കൊണ്ട് ക്രിസ്മസിങ്ങെത്തുകയാണ്. എല്ലാവരും പരീക്ഷാത്തിരക്കൊക്കെ കഴിഞ്ഞ് പുൽക്കൂടും ക്രിസ്മസ് ട്രീയുമൊക്കെ ഒരുക്കുന്ന തിരക്കിലും. വർണക്കടലാസുകൾക്കും അലങ്കാര വസ്തുക്കൾക്കുമൊപ്പം മിന്നിത്തിളങ്ങുന്ന കുഞ്ഞുബൾബുകൾ കൂടിയാകുന്നതോടെ എല്ലാം ഗംഭീരമായി. അലങ്കാരവിളക്കുകളും നക്ഷത്രങ്ങളുമെല്ലാം കൊണ്ട് ഭംഗിയാക്കിയ ക്രിസ്മസ് ട്രീ രാത്രിയിൽ മിന്നിത്തിളങ്ങുന്ന ആ കാഴ്ച തന്നെ കണ്ടു നിൽക്കാൻ എന്താ ഒരു രസം!!

പക്ഷേ, ഒന്നാലോചിച്ചു നോക്കിയേ, വീട്ടുമുറ്റത്തെ ക്രിസ്മസ് ട്രീ മൊത്തം നട്ടപ്പാതിരായ്ക്ക് യാതൊരു കറന്റും ഉപയോഗിക്കാതെ തനിയെ നിന്നു തിളങ്ങിയാലുള്ള അവസ്ഥ. ആ അദ്ഭുതക്കാഴ്ച കണ്ട് അന്തംവിട്ടു നിൽക്കാൻ അധികം വൈകില്ല. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ അതിനുള്ള വഴി കണ്ടുപിടിച്ചുകഴിഞ്ഞു. സ്വയം തിളങ്ങുന്ന ചെടികളാണ് ഗവേഷകരുടെ കണ്ടെത്തൽ. രാത്രിയിൽ ഒരു പുസ്തകം വായിക്കാനുള്ളത്രയും വെളിച്ചം തരുന്ന ചെടികളാണ് അവർ തയാറാക്കിയെടുത്തിരിക്കുന്നത്.

ടേബിൾ ലാംപിനു പകരം സ്വിച്ചു പോലുമിടാതെ കത്തുന്ന കുഞ്ഞൻ ചെടികൾ നിർമിക്കുകയാണ് ഗവേഷകരുടെ ഭാവി ലക്ഷ്യം. ‘നാനോബയോണിക്സ്’ എന്ന സൂത്രവിദ്യയാണ് ഇക്കാര്യത്തിൽ ഉപയോഗിച്ചത്. അതായതു മിന്നാമിന്നി തിളങ്ങുന്നത് കണ്ടിട്ടില്ലേ. അതിനു സഹായിക്കുന്ന എൻസൈമിനെ ചെടിയിലേക്ക് കടത്തിടും. അതിന് നാനോസാങ്കേതികവിദ്യയെയും കൂട്ടുപിടിച്ചു. ലൂസിഫെറസ് എന്ന വസ്തുവാണ് മിന്നാമിന്നിക്കു തിളക്കം കൊടുക്കുന്നത്. അതിനെ ലൂസിഫെറിൻ, കോഎൻസൈം എ തുടങ്ങിയ വസ്തുക്കളുമായി കൂട്ടിയോജിപ്പിച്ചു.

അതുപയോഗിച്ചു കുഞ്ഞൻ നാനോകണങ്ങളുണ്ടാക്കി. ഇതിലേക്ക് ഓരോ ചെടിയും മുക്കിയെടുക്കുകയാണു ചെയ്തത്. ചീരയിലും കാബേജിലുമൊക്കെയായിരുന്നു പരീക്ഷണം. ഇത്തരത്തിൽ തയാറാക്കിയ നാനോചെടികളെ ഉന്നതമർദത്തിനു വിധേയമാക്കും. അതോടെ ചെടികൾ മിന്നിത്തിളങ്ങുകയായി. നിലവിൽ നാലുമണിക്കൂർ വരെയാണ് ചെടികൾ തിളങ്ങുക. ഭാവിയിൽ ഈ സമയം വർധിപ്പിക്കാനും ഒരു വഴി കണ്ടെത്തിയിട്ടുണ്ട് ഗവേഷകർ.

മുളച്ചയുടനെ ചെടികളില്‍ നാനോ പ്രയോഗം നടത്തുകയാണ് അതിലൊന്ന്. ഈ തിളങ്ങും നാനോ കണങ്ങളുപോഗിച്ച് സ്പ്രേ തയാറാക്കാനും നീക്കമുണ്ട്. ഈ സ്പ്രേ മരങ്ങളിൽ പ്രയോഗിച്ചാൽ മതി അവയും തിളങ്ങും. ഭാവിയിൽ സ്ട്രീറ്റു ലൈറ്റുകൾക്കു പകരം ‘വിളക്കുമരങ്ങൾ’ വന്നാലും അദ്ഭുതപ്പെടാനില്ലെന്നർഥം. വീടുകളിലും ബൾബിനു പകരം ഇത്തരം ചെടികളെക്കുറിച്ചാലോചിക്കാം.

കാർബൺ പുറത്തുവിടുന്ന കാര്യത്തിലും നാനോചെടികളുടെ കാര്യത്തിൽ പേടി വേണ്ട. ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽ 20 ശതമാനവും വെളിച്ചത്തിനു വേണ്ടിയാണ്. തിളങ്ങുംചെടി വരുന്നതോടെ വൈദ്യുതിയുടെ കാര്യത്തിലും നമുക്കു രക്ഷയാകും. പക്ഷേ, ഇതിനെല്ലാം ഇനിയും ഏറെ വർഷം കാത്തിരിക്കേണ്ടി വരും. എന്നാലും ഗവേഷകർ പിന്നോട്ടില്ല. എല്ലാ വീട്ടിലുമൊരു ‘വിളക്കുമരം’ പദ്ധതിയൊക്കെ ഭാവിയിൽ വന്നാൽ അദ്ഭുതപ്പെടേണ്ടതില്ലെന്നു ചുരുക്കം.