പൊക്കമില്ലായ്മ പൊക്കമാക്കി മാറ്റിയ പോക്കറ്റ് ഹെർക്കുലീസ്

അനിൽ ഫിലിപ്

പൊക്കമില്ലായ്മ കായികജീവിതത്തിൽ തന്റെ പൊക്കമാക്കി മാറ്റിയ താരമാണ് നയിം സുലൈമാനോലു എന്ന ഭാരോദ്വഹന താരം. വെറും 1.47 മീറ്റർ പൊക്കംമാത്രമുണ്ടായിരുന്ന സുലൈമാനോലു ‘പോക്കറ്റ് ഹെർക്കുലീസ്’ എന്ന അപരനാമത്തിൽ ലോകമെങ്ങും അറിയപ്പെട്ടു. 1967ൽ ബൾഗേറിയയിൽ ജനിച്ച സുലൈമാനോവ്, അവിടുത്തെ ന്യൂനപക്ഷ അവഗണനയുടെ ഇരയായിരുന്നു. തുടർന്ന് തന്റെ പേരുപോലും മാറ്റേണ്ടിവന്നു അദ്ദേഹത്തിന്. 1983ൽ ഭാരോദ്വഹനമൽസരങ്ങളിൽ സജീവമായി. 16–ാം വയസിൽ ആദ്യ ലോകറെക്കോർഡ്.

ബൾഗേറിയൻ താരം എന്ന നിലയിൽ ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്ത് രണ്ടു സ്വർണവും ഒരു വെള്ളിയും നേടി. 1984ലെ ലോസാഞ്ചലസ് ഒളിംപിക്സിൽ പങ്കെടുക്കാൻ ആഗ്രഹിച്ചെങ്കിലും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ചേരികളുടെ ബഹിഷ്കരണംമൂലം പങ്കെടുക്കാനായില്ല. 1986ൽ ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന ലോക കപ്പിൽ പങ്കെടുക്കുമ്പോൾ കായികലോകത്തെ ഞെട്ടിച്ച് അദ്ദേഹം ജന്മനാടിനെ കൈവിട്ട് തുർക്കിക്ക് പറന്നു. തുർക്കി പ്രധാനമന്ത്രിയുടെ വിമാനത്തിൽ ലണ്ടനിലേക്ക് പറന്ന ആ പത്തൊൻപതുകാരൻ പിന്നീട് തുർക്കിയുടെ എല്ലാമെല്ലാമായി. അവിടെ ഹീറോയുടെ പരിവേഷം. 1988ലെ സോൾ ഒളിംപിക്സിൽ തുർക്കിയുടെ താരമായി പങ്കെടുക്കണമെങ്കിൽ ഒരു മില്യൻ ഡോളർ നൽകണമെന്നായി ബൾഗേറിയ. തുർക്കി ആ തുക അടച്ചു സുലൈമാനോലുവിനെ നെഞ്ചോടു ചേർത്തു. തുർക്കിക്ക് തെറ്റിയില്ല. അക്കുറി സ്വർണം നേടി തുർക്കിക്കാരുടെ മാനം കാത്തു. 1992ലും സുലൈമാനോലു നേട്ടം ആവർത്തിച്ചു. സ്ഥിരം വൈരിയായ ഗ്രീസിന്റെ വലെറിയോസ് ലിയോണിഡിസുമായി കൊമ്പുകോർത്തപ്പോൾ ജയം സുലൈമാനോലുവിനൊപ്പമായി. 1996ലെ മേളയിലും സുലൈമാനോലുവിനായിരുന്നു തങ്കം. 2000ലെ സിഡ്നി മേളയിൽ പക്ഷേ അദ്ദേഹത്തിന് ജയം ആവർത്തിക്കാനായില്ല.

വെറുംകൈയോടെ മടക്കം. മൂന്ന് വ്യത്യസ്ത ഒളിംപിക് മേളകളിൽ സ്വർണം നേടിയ ഏക ഭാരോദ്വഹന താരം എന്ന റെക്കോർഡ് ഇന്നും അദ്ദേഹത്തിന്റെ പേരിലാണ്. ലോകചാംപ്യൻഷിപ്പിൽ തുർക്കിക്കുവേണ്ടി അഞ്ചു സ്വർണവും സ്വന്തമാക്കി. കരിയറിലുടനീളം 46 റെക്കോർഡുകൾ ഭേദിച്ചു. 2001ൽ ഒളിംപിക് ഓർഡർ സമ്മാനിക്കപ്പെട്ടു. വിരമിച്ചശേഷം രാഷ്ട്രീയരംഗത്ത് കടന്നെങ്കിലും പരാജയം രുചിക്കേണ്ടിവന്നു പോക്കറ്റ് ഹെർക്കുലീസിന്. കടുത്ത കരൾ രോഗത്തെത്തുടർന്ന് 2017 നവംബർ 18ന് മരണം.