ചന്ദ്രനിൽ നിന്ന് അജ്ഞാത വെളിച്ചം; അപ്പോളോ യാത്രികരും കണ്ടു, ദുരൂഹത, Lunar Transient Phenomena, Moon, Padhippura, Padhippura, Manorama Online

ചന്ദ്രനിൽ നിന്ന് അജ്ഞാത വെളിച്ചം; അപ്പോളോ യാത്രികരും കണ്ടു, ദുരൂഹത

ആകാശത്തേക്ക് അമ്പിളിമാമനെ നോക്കി ചുമ്മാതങ്ങനെ കുറച്ചുനേരമെങ്കിലും നിൽക്കാത്ത കുട്ടികളുണ്ടാകുമോ? അങ്ങനെ നിൽക്കുന്നതിനിടെ ആരെങ്കിലും ചന്ദ്രനിൽ നിന്നു ടോർച്ചടിച്ചു നോക്കിയാലോ? തമാശയല്ല. നൂറുകണക്കിനു വർഷമായി വാനനിരീക്ഷകർ കണ്ടുകൊണ്ടിരിക്കുകയാണ് ഈ ‘ടോർച്ചടി’. ടെലിസ്കോപ്പിലൂടെ ചന്ദ്രനെ തുടർച്ചയായി നിരീക്ഷിക്കുമ്പോഴാണിത്. ചന്ദ്രനിൽ ഇടയ്ക്കിടെ ഒരു ചെറിയ ഫ്ലാഷ് മിന്നുന്നതു കാണാം. എന്താണു സംഗതിയെന്ന് കാലമിത്രയായിട്ടും ആർക്കും പിടികിട്ടിയില്ല– ട്രാൻസിയന്റ് ലൂണാർ ഫിനോമ്നൻ(ടിഎൽപി) എന്നാണു ഗവേഷകര്‍ ഇതിനു നൽകിയിരിക്കുന്ന പേര്. പക്ഷേ ചുമ്മാ പേരിട്ടു വിട്ടാൽ പറ്റില്ലല്ലോ. ജർമനിയിൽ നിന്നുള്ള ഹകൻ കയൽ എന്ന വാനനിരീക്ഷകൻ രണ്ടും കൽപിച്ചിറങ്ങിയിരിക്കുകയാണ്. ഈ ഫ്ലാഷ് എവിടെ നിന്നാണു വരുന്നതെന്ന് ഏതുവിധേനയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ചന്ദ്രന്റെ അന്തർഭാഗത്ത് കുലുക്കമുണ്ടാകുമ്പോലാണ് ഫ്ലാഷുണ്ടാകുന്നതെന്നാണ് ഒരു വാദം. അതല്ല പറക്കുംതളികയാണെന്ന് വേറൊരു കൂട്ടർ. ചന്ദ്രനിലേക്ക് ഉൽക്ക വന്നിടിക്കുമ്പോഴുണ്ടാകുന്നതാണെന്നും വാദമുണ്ട്. ഇതിലേതാണു സത്യമെന്നറിയാൻ സ്പെയിനിലെ ഒരു ഒബ്സർവേറ്ററിയിലുള്ള അത്യാധുനിക ടെലിസ്കോപ്പാണ് ഹകനെ സഹായിക്കുക. സംഗതി നിർമാണം പൂർത്തിയായിട്ടില്ല, പക്ഷേ ഏപ്രിൽ മുതൽ ഇദ്ദേഹം പ്രോജക്ട് ആരംഭിച്ചു കഴിഞ്ഞു. തീപ്പെട്ടി കത്തിക്കുന്നതു പോലെ മിന്നിപ്പോകുന്ന എൽടിപികളും ദീർഘനേരം കത്തിനിൽക്കുന്നവയുമുണ്ട്.

1787 മുതൽ പലരും ചന്ദ്രനിലെ ഈ അപൂർവ വെളിച്ചം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ വർഷം ഏപ്രിൽ 19ന് താൻ കണ്ട കാഴ്ച വില്യം ഹെർഷെൽ എന്ന വാനനിരീക്ഷകൻ രേഖപ്പെടുത്തിയിട്ടുമുണ്ട്. ചുവന്ന നിറത്തിൽ തിളങ്ങുന്ന മൂന്ന് വെളിച്ചപ്പൊട്ടുകളാണ് ഹെർഷെൽ കണ്ടത്. ചന്ദ്രനിലെ അഗ്നിപർവത സ്ഫോടനം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചതും. അപ്പോളോ 11 ദൗത്യത്തിനിടെ ചന്ദ്രനെ ചുറ്റുമ്പോൾ മൈക്കെൽ കോളിൻസ് ഉൾപ്പെടെയുള്ള യാത്രികരും പറഞ്ഞിട്ടുണ്ട്, ചന്ദ്രനിലെ ചില ഭാഗങ്ങളിലെ അസാധാരണ തിളക്കത്തെപ്പറ്റി. 1969ൽ ചന്ദ്രനിലിറങ്ങും മുൻപ് കോളിൻസ് ഇക്കാര്യം ഭൂമിയിലെ കൺട്രോൾ െസന്ററിൽ അറിയിക്കുകയും ചെയ്തു. ഏതോ തരം ഫ്ലൂറസന്റ് പ്രകാശം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.–‘അതിനടുത്ത് ഒരു വിള്ളലുമുണ്ട്. ചുറ്റിലുമാകട്ടെ കനത്ത പ്രകാശവും’

സ്പെയിനിലെ ടെലിസ്കോപ്പിലെ രണ്ടു ക്യാമറകൾ ചന്ദ്രനിലെ ഈ ഫ്ലാഷുകളെ നിരീക്ഷിക്കാൻ വേണ്ടി മാത്രമാണ് രാത്രി മുഴുവൻ പ്രവർത്തിക്കുക. ഫോട്ടോകളും വിഡിയോയും പരിശോധിച്ചായിരിക്കും ഹകന്റെ നേതൃത്വത്തിലുള്ള ഗവേഷണം. ചന്ദ്രനെ തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന യൂറോപ്യൻ സ്പെയ്സ് ഏജൻസിയിൽ നിന്നുള്ള ഡേറ്റയും ഇവർ പരിശോധിക്കും. രണ്ടിടത്തും സമാനമായ കാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ ടിഎൽപി ശാസ്ത്രീയമായിത്തന്നെ അടയാളപ്പെടുത്തപ്പെടും. വലിയൊരു ഇടവേളയ്ക്കു ശേഷം യുഎസ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളും വീണ്ടും ചന്ദ്രനിലേക്കു ദൗത്യത്തിനൊരുങ്ങുകയാണ്. ഇത്തരമൊരു ഘട്ടത്തിൽ അവിടത്തെ അവസ്ഥയെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം. അതിനാൽത്തന്നെ ഏറെ പ്രധാന്യത്തോടെയാണ് ശാസ്ത്രലോകം ഈ ഗവേഷണത്തെ കാണുന്നതും. ഒറ്റക്കൊല്ലം കൊണ്ട് അജ്ഞാത വെളിച്ചത്തിനു പിന്നിലെ രഹസ്യം വെളിച്ചത്തു കൊണ്ടുവരുമെന്ന് ഹകന്‍ നൽകുന്ന ഉറപ്പുമുണ്ട്.