കൊടുങ്കാട്ടിൽ ‘രാക്ഷസ ജാറുകൾ’; ഗവേഷകർക്കു മുന്നിൽ ഗുഹ നിറയെ മനുഷ്യ അസ്ഥികൾ, NASA, Jupiter, Moon, Mars, Mercury, Padhippura, Manorama Online

കൊടുങ്കാട്ടിൽ ‘രാക്ഷസ ജാറുകൾ’; ഗവേഷകർക്കു മുന്നിൽ ഗുഹ നിറയെ മനുഷ്യ അസ്ഥികൾ

പലയിടത്തായി ചിതറിക്കിടക്കുന്ന കൂറ്റൻ ജാറുകൾ. ഓരോന്നും നിർമിച്ചിരിക്കുന്നത് വമ്പൻ പാറകൾ കൊണ്ടാണ്. ഓരോന്നിനും ഒരു മനുഷ്യനേക്കാളും ഉയരം– ഏകദേശം പത്തടി. 9000 കിലോഗ്രാം വരും ഭാരം. ഒറ്റനോട്ടത്തിൽ തോന്നും പണ്ടു രാക്ഷസന്മാർ വെള്ളം കുടിച്ചിരുന്ന ജാറുകളാണെന്ന്. ലാവോസിലെ ഫൊൻസൈവൻ ഗ്രാമത്തോടു ചേർന്നുള്ള കൊടുങ്കാട്ടിലാണ് ഈ ജാറുകൾ കണ്ടെത്തിയത്. ഒന്നും രണ്ടുമല്ല നാനൂറോളം ജാറുകളാണ് പ്രദേശത്തു നിന്നു കണ്ടെത്തിയത്. ഇതു നിർമിച്ചത് എന്തിനാണെന്നോ ആരാണെന്നോ ആർക്കും ഒരു പിടിയുമില്ല. ഏകദേശം 1000 വർഷം പഴക്കമുള്ള ഈ ജാറുകൾക്കു പിന്നിലെ രഹസ്യം തേടി ഗവേഷകർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

1930കളിൽ ഫ്രഞ്ച് പുരാസവസ്തു ഗവേഷക മഡെലിൻ കൊലാനി ആണ് ഈ പ്രദേശത്തു പാറ കൊണ്ടുള്ള ജാറുകൾ ആദ്യമായി കണ്ടെത്തിയത്. അന്വേഷിച്ചപ്പോൾ പ്രദേശവാസികൾ പറഞ്ഞത്, അതു പണ്ട് രാക്ഷസന്മാർ വീഞ്ഞ് കുടിക്കാൻ ഉപയോഗിച്ചതാണെന്നാണ്. മറ്റു ചിലർ കരുതിയത് പണ്ടു കാലത്തു യാത്രയ്ക്കിടെ കച്ചവടക്കാർക്കു കുടിക്കാൻ വെള്ളം നിറച്ചു വച്ചിരുന്നതാണെന്നും. എന്നാൽ പുരാവസ്തു ഗവേഷകർ നടത്തിയ പരിശോധനയിൽ ഒരു കാര്യം വ്യക്തമായി. ജാറുകൾക്കുള്ളിൽ മനുഷ്യ ശരീരം പൊടിഞ്ഞതിന്റെ അവശിഷ്ടങ്ങളാണ്. മാത്രവുമല്ല, ജാറുകൾക്കു സമീപത്തെ ഗുഹകളിൽ നിറയെ മനുഷ്യരുടെ അസ്ഥികൂടങ്ങളും.
ഏതെങ്കിലും മാരകരോഗം ബാധിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാനാണ് ഈ ജാറുകൾ ഉപയോഗിച്ചതെന്നാണ് ഇപ്പോഴുള്ള പ്രധാന വാദം. അതിനകത്തിരുന്നു‌ ദ്രവിച്ചതിനു ശേഷം ഗുഹയ്ക്കകത്ത് ആചാരങ്ങളോടെ എല്ലുകൾ മറവു ചെയ്യുന്നതായിരുന്നിരിക്കാം രീതി. ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ലാവോസ് സർക്കാരും ഒരുമിച്ചു നടത്തിയ തിരച്ചിലിൽ അടുത്തിടെ 15 ഇടത്തു കൂടി ഇത്തരം ജാറുകൾ കണ്ടെത്തിയിരുന്നു. ഏകദേശം 100 എണ്ണം വരും അത്. എല്ലാറ്റിനും 1000 വർഷത്തിലേറെ പഴക്കവും. അതോടെയാണ് ഇത് ഫൊൻസൈവൻ ഗ്രാമത്തോടു ചേർന്നു മാത്രമല്ല പലയിടത്തും പരന്നു കിടക്കുന്ന ആചാരമാണെന്നും വ്യക്തമായത്.
കൊടുങ്കാട്ടിൽ ഇനിയുമേറെ ജാറുകൾ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. ഇപ്പോൾ കണ്ടെത്തിയ സ്ഥലം ഇതുവരെ കാടുമൂടി കിടക്കുകയായിരുന്നു. ഇക്കാലത്തിനിടെ ആകെക്കൂടി ഇവിടെ വന്നിരുന്നതാകട്ടെ കടുവവേട്ടക്കാരും. അവർ ഇക്കാര്യം പുറംലോകത്തെ അറിയിച്ചുമില്ല. മറ്റൊരു പ്രശ്നം കൂടിയുണ്ടായിരുന്നു. ലാവോസിൽ പലപ്പോഴായി നടന്ന ആഭ്യന്തര യുദ്ധങ്ങൾ കാരണം കാട്ടിലെല്ലാം ബോംബുകളും മറ്റും ചിതറിക്കിടപ്പുണ്ടായിരുന്നു. ഇവയെല്ലാം നിർവീര്യമാക്കാതെ കാട്ടിലേക്കു കടക്കാനാകില്ല. ജാറുകളുടെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കിയ സർക്കാർ, അടുത്തിടെയാണ് ബോംബുകളും മറ്റും ഇവിടെ നിന്നു നീക്കിയത്. തുടർന്ന് ഗവേഷണവും ആരംഭിച്ചു. അപ്പോഴും ഏതു വിഭാഗം മനുഷ്യരാണ് ജാറുകൾ നിർമിച്ചതെന്ന കാര്യം അജ്ഞാതം. എന്തിനു വേണ്ടിയാണ് ചില മേഖലകൾ മാത്രം കേന്ദ്രീകരിച്ചു പാറജാറുകൾ നിർമിച്ചതെന്നും മനസ്സിലാകുന്നില്ല.
ജാറുകൾ കണ്ടെത്തിയ മേഖലയിൽ 1000 വർഷം മുൻപ് ഏതെങ്കിലും മനുഷ്യവിഭാഗം ജീവിച്ചിരുന്നതിന്റെ തെളിവുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഇന്ത്യയിലെ അസമിലും ഇന്തൊനീഷ്യയിലെ സുലവേസിയിലും ലാവോസിലെ ജാറുകൾക്കു സമാനമായ ചില സംഗതികൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യർക്ക് ലാവോസുമായി എങ്ങനെ ബന്ധമുണ്ടായി എന്നും കണ്ടെത്തേണ്ടതുണ്ട്. ലാവോസിൽ നിന്ന് ഏകദേശം 1204 കിലോമീറ്റർ അകലെയാണ് അസമെന്നും ഓർക്കണം. സുലവേസിയിലേക്ക് മൂവായിരത്തിലേറെ കിലോമീറ്ററും. എന്തുതന്നെയായാലും ഗവേഷകർ ആകെ ആവേശത്തിലാണ്. എന്തുവില കൊടുത്തും ജാറുകൾക്കു പിന്നിലെ ‘രാക്ഷസരഹസ്യം’ കണ്ടെത്താൻ...