സഞ്ചരിക്കുന്ന 'കൊതുകുതിരി’ മനുഷ്യന്‍!

നവീൻ മോഹൻ

ഊം...ഊം...ഊം... എന്നും മൂളിക്കൊണ്ട് പാറിപ്പറന്നു വരുന്ന ഒരു കൊതുക്. അതു പതിയെ വന്നു കയ്യിലിരുന്നു. നമ്മളാണെങ്കിൽ ഇതൊന്നും അറിയാതെ നല്ല ഉറക്കവും. കൊതുക് നല്ല സുഖമായിട്ടങ്ങനെ ചോര വലിച്ചു കുടിക്കുകയാണ്. കുടിയൊക്കെ കഴിഞ്ഞതും ദാ കിടക്കുന്നു വെട്ടിയിട്ട വാഴ പോലെ നിലത്ത്. ഒന്നു പിടഞ്ഞു കൊതുക് ചത്തും പോയി! ഇതെന്താ, വിഷച്ചോരയാണോ കൊതുക് കുടിച്ചത്? ആരായാലും സംശയിച്ചു പോകും. പക്ഷേ സംശയിക്കേണ്ട, വിഷച്ചോരയല്ല പകരം ‘മരുന്നുചോര’യാണ് കൊതുക് കുടിച്ചത്. അതായത് കൊതുകിനെ കൊല്ലാനുള്ള ‘മരുന്നു’ കലർത്തിയ ചോര. ബ്രിട്ടിഷ് ഗവേഷകരാണ് കൊതുകുകളെ കൊല്ലാനായി ഇത്തരമൊരു തന്ത്രം കണ്ടെത്തിയത്.

ഓരോ വർഷവും ആഫ്രിക്കയിൽ മാത്രം പത്തു ലക്ഷത്തിലേറെ പേരാണ് അതിഭീകരമായ മലേറിയ രോഗം ബാധിച്ച് കൊല്ലപ്പെടുന്നത്. കൊതുകുകളാണ് മലേറിയ പരത്തുന്ന രോഗാണുവിനെയും വഹിച്ചു കറങ്ങിയടിക്കുന്നത്. ഇത്രയും വർഷത്തിനിടെ പല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും കൊതുകിനെ കൊല്ലാനുള്ള ഒരു നീക്കവും വിജയിച്ചില്ല. അതിനിടെയാണ് പുതിയ ‘ചോര സൂത്ര’വുമായി ഗവേഷകരുടെ വരവ്. മലേറിയ ബാധിച്ച ഓരോരുത്തർക്കും കഴിക്കാനായി ഒരുതരം ഗുളികകൾ നൽകും. ഐവർമെക്ടിൻ എന്ന മരുന്നാണു അതിലടങ്ങിയിരിക്കുന്നത്. ‘ആന്തെൽമിൻറ്റിക്സ്’ എന്ന വിഭാഗത്തിൽപ്പെട്ട മരുന്നുകളാണിവ. ഇത്തരം മരുന്നുകൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇവ ശരീരത്തിന് അകത്തു ചെന്നാൽ രോഗാണുക്കളെ മാത്രമേ തിരഞ്ഞു പിടിച്ചു കൊല്ലുകയുള്ളൂ. ശരീരത്തിനു യാതൊരു ദോഷവും ചെയ്യുകയുമില്ല.

ഗുളിക കഴിക്കുന്നതോടെ രക്തത്തിൽ ഐവർമെക്ടിൻ നിറയും. കൊതുക് കുത്തിയാലും രോഗാണു ശരീരത്തിൽ പടരില്ല. മാത്രവുമല്ല നമ്മുടെ ചോര കുടിക്കുന്ന കൊതുക് ചത്തുവീഴുകയും ചെയ്യും. ചെറിയ തോതിലല്ല ‘സൂപ്പർ ഡോസാ’യി വേണം ഐവർമെക്ടിൻ ശരീരത്തിൽ കുത്തിവയ്ക്കാൻ. പിന്നീട് ഒരു മാസത്തേക്ക് നമ്മളെല്ലാവരും കൊതുകുകളുടെ അന്തകന്മാരായി മാറും. ശരിക്കും ഒരു ‘സഞ്ചരിക്കുന്ന കൊതുകുതിരി’ മനുഷ്യന്‍! കെനിയയിൽ നടത്തിയ ഇതിന്റെ പരീക്ഷണം വിജയം കാണുകയും ചെയ്തു. ഈ രാജ്യത്തെ തിരഞ്ഞെടുക്കാനും കാരണമുണ്ട്. ഓരോ വർഷവും കെനിയയിൽ 60 ലക്ഷത്തോളം പേർക്കെങ്കിലും പുതുതായി മലേറിയ പിടിപെടുന്നുവെന്നാണു കണക്ക്. ഈ സാഹചര്യത്തിലാണ് 139 വൊളന്റിയര്‍മാരെ കെനിയയിൽ നിന്നു ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. മലേറിയ ബാധിച്ചവരായിരുന്നു എല്ലാവരും.

ഓരോരുത്തരുടെയും ഭാരത്തിനനുസരിച്ചായിരുന്നു മരുന്ന് കുത്തിവച്ചത്. കിലോഗ്രാമിനു 600 മൈക്രോഗ്രാം എന്ന നിലയിലും 300 മെക്രോഗ്രാം എന്ന നിലയിലും മരുന്നു നൽകി. 28 ദിവസം വരെയാണു മരുന്നിന്റെ ‘എഫക്ട്’ ഓരോരുത്തരുടെയും ശരീരത്തിൽ നിന്നത്. ഇവരുടെ ശരീരത്തിൽ നിന്നെടുക്ക രക്തം ഗവേഷകർ കൊതുകുകൾക്കു കുടിക്കാൻ കൊടുത്തു. ഇതിനു വേണ്ടി പ്രത്യേകം വളർത്തിയെടുത്ത, മലേറിയ രോഗാണുക്കളെ വഹിക്കുന്ന, കൊതുകുകൾക്കാണു ‘മരുന്നുചോര’ കൊടുത്തത്. കൊതുകുകളിൽ 97 ശതമാനവും രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ചത്തുവീണു. മരുന്നിന്റെ ഡോസ് കൂട്ടിയാൽ ഈ രണ്ടാഴ്ച എന്നതു പിന്നെയും കുറയും. ചിലരുടെ രക്തത്തിനാകട്ടെ ഒരു മാസം കഴിഞ്ഞിട്ടും കൊതുകുകളെ കൊല്ലാനുള്ള ശേഷിയുണ്ടായിരുന്നു. കൂടിയ ഡോസ് മരുന്നു കൊടുത്താൽ പ്രശ്നമാകുമെന്ന പേടിയും ഗവേഷകർക്കുണ്ട്. അതിനാൽത്തന്നെ കിലോഗ്രാമിന് 300 മൈക്രോഗ്രാം എന്ന നിലയിൽ ഐവർമെക്ടിൻ കുത്തിവച്ചാൽ മതിയെന്നാണു തീരുമാനം. രോഗാണുക്കളെ മാത്രം ലക്ഷ്യം വയ്ക്കുന്നതാണ് ഇന്നത്തെ കാലത്തെ പല മലേറിയ മരുന്നുകളും. രോഗാണുക്കളെയും കൊതുകിനെയും കൊല്ലുന്നുവെന്നതാണ് പുതിയതായി കണ്ടെത്തിയ മരുന്നിന്റെ പ്രത്യേകത. മലേറിയ ബാധിച്ചു മരിക്കുന്നവരിൽ ഭൂരിപക്ഷവും കുട്ടികളാണ്. അതിൽത്തന്നെ 70 ശതമാനം കുട്ടികളും അഞ്ചു വയസ്സിൽ താഴെയുള്ളവരാണ്. അതിനാൽ, കുട്ടിക്കൂട്ടത്തിനു സന്തോഷിക്കാം, ശാസ്ത്രം തങ്ങൾക്കു സമ്മാനിച്ച അദ്ഭുത മരുന്നിനെയോർത്ത്...