കരിങ്കുരങ്ങ് സെൽഫി

മൃഗസംരക്ഷണത്തിനായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ‘പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പീറ്റ) ഇക്കഴിഞ്ഞ ദിവസം ആരെയും അദ്ഭുതപ്പെടുത്തുന്ന ഒരു പ്രഖ്യാപനം നടത്തി–മൃഗങ്ങളിലെ ‘പേഴ്സണാലിറ്റി ഓഫ് ദ ഇയറിനെ തിരഞ്ഞെടുത്തിരിക്കുന്നു’. ഇന്തൊനീഷ്യയിലെ ‘നരൂറ്റോ’ എന്ന് പേരുള്ള കരിങ്കുരങ്ങാണു താരം. എലി മുതൽ പുലി വരെയുള്ള ലോകത്ത് ഈ കരിങ്കുരങ്ങിനു മാത്രം എന്താണിത്ര പ്രത്യേകത? അക്കഥ കേൾക്കാം

ഒരു സെൽഫിക്കഥ
2011ൽ ഇന്തൊനീഷ്യയിലെ ‘സുലവേസി’ ദ്വീപിൽ വംശനാശ ഭീഷണി നേരിടുന്ന ‘സെലിബിസ് ക്രസ്റ്റഡ് മാക്ക്’ എന്നയിനം കുരങ്ങുകളുടെ പടമെടുക്കാനെത്തിയതായിരുന്നു ബ്രിട്ടിഷ് ഫൊട്ടോഗ്രഫർ ഡേവിഡ് സ്ലേറ്റർ. പടമെടുക്കാനായി ക്യാമറ തയാറാക്കിവച്ചു. ഇതിനിടയിൽ ഒരു കുരങ്ങ് ക്യാമറയുടെ അരികിൽ വന്ന് ബട്ടൺ അമർത്തി സ്വന്തം സെൽഫിയെടുത്തു. സ്ലേറ്റർ ‘വൈൽഡ് ലൈഫ് പേഴ്സണാലിറ്റീസ്’ എന്ന പുസ്തകത്തിലൂടെ കുരങ്ങിന്റെ സെൽഫി പ്രസിദ്ധീകരിച്ചു. നെരുറ്റോയും സെൽഫിയും ലോകമാധ്യമങ്ങൾക്കിടയിൽ തരംഗമാവാൻ അധിക സമയം വേണ്ടിവന്നില്ല.

പിന്നീട് വിക്കീപീഡിയ സ്ലേറ്ററുടെ അനുമതി കൂടാതെ ചിത്രം ഉപയോഗിച്ചതു വിവാദങ്ങൾ സൃഷ്ടിച്ചു. ഇതിനെതിരെ സ്ലേറ്റർ കാലിഫോർണിയ കോടതിയിൽ കേസ് നൽകി. കുരങ്ങാണ് ഫോട്ടോ എടുത്തതെന്നും സ്ലേറ്റർക്ക് പകർപ്പവകാശം (കോപ്പി റൈറ്റ്) ഇല്ലെന്നുമായിരുന്നു വിക്കീപീഡിയ കോടതിയെ അറിയിച്ചത്. ഇതിനിടെ കുരങ്ങിന്റെ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പീറ്റ മറ്റൊരു പരാതി സമർപ്പിച്ചു. അന്ന് പീറ്റ പ്രസിഡന്റ് ഇൻഗ്രിഡ് ന്യൂകിർക്ക് പറഞ്ഞത് ഇപ്രകാരം: ‘ഒരു വ്യക്തി എന്നാൽ എന്താണ് എന്നതിനെ പുനർവിചാരണ ചെയ്യുന്നു നരൂറ്റോയുടെ ചരിത്രസെൽഫി.

മനുഷ്യൻ അല്ലാത്ത ജീവിക്ക് ഒരു വസ്തുവിന് മേലുള്ള അവകാശം സ്ഥാപിക്കുന്നതിനു വേണ്ടി കേസ് നൽകുന്നത് ഒരുപക്ഷേ, ചരിത്രത്തിൽ തന്നെ ഇതാദ്യാമായിരിക്കും.’ആദ്യ വിധി സ്ലേറ്റർക്ക് അനുകൂലമായി. പീറ്റ ഉന്നതകോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിന് വിധി വന്നു– ‘പകർപ്പവകാശം സ്ലേറ്ററിനു തന്നെ. എന്നാൽ ഈ ചിത്രത്തിലൂടെ കിട്ടുന്ന വരുമാനത്തിന്റെ 25 ശതമാനം ഇന്തൊനീഷ്യയിലെ കരിങ്കുരങ്ങുകളുടെ സംരക്ഷണത്തിനായി വിനിയോഗിക്കണം.’ ഒരു സെൽഫിയിലൂടെ സ്വന്തം വർഗത്തെ സംരക്ഷിച്ച നരൂറ്റോ എങ്ങനെ താരമല്ലാതാവും? ‘ വളരെ പ്രത്യേകതകളുള്ള, സ്വന്തമായി വികാരങ്ങളുള്ള വേദന അനുഭവിക്കാൻ സാധിക്കുന്ന സ്വതന്ത്ര വ്യക്തിയാണ് നരൂറ്റോ എന്നുറക്കെ പ്രഖ്യാപിക്കാനാണ് ഈ അവാർഡ്’–ഇൻഗ്രിഡ് ന്യൂകിർക്ക് പറയുന്നു.