ശരീരത്തിനുള്ളിൽ ഓടിക്കാവുന്ന വണ്ടർ കാർ, Molecular vehicle, Padhippura, C Raveendra Nath, Manorama Online

ശരീരത്തിനുള്ളിൽ ഓടിക്കാവുന്ന വണ്ടർ കാർ

ടീച്ചിങ് നോട്സ് - സി രവീന്ദ്രനാഥ് (വിദ്യാഭ്യാസമന്ത്രി)

ശാസ്ത്രസാങ്കേതികവിദ്യ വളരെ വേഗം കുതിക്കുകയാണ്. അദ്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് സമൂഹം കണ്ടുകൊണ്ടിരിക്കുന്നത്. ഊർജ പ്രതിസന്ധി മുന്നിൽ കാണുന്ന സമയത്ത് ലിഥിയം അയോൺ എന്ന ആശയം വികസിപ്പിച്ചെടുത്തുകൊണ്ട് ശാസ്ത്രലോകം നമ്മെ വിസ്മയിപ്പിച്ചിരിക്കുന്നു. ഈ കണ്ടുപിടിത്തത്തിനാണല്ലോ ഈ വർഷത്തെ നൊബേൽ സമ്മാനം.

തലമുടിനാരിന്റെ ആയിരത്തിലൊന്ന് മാത്രം വലുപ്പമുള്ള ഒരു കാർ നിർമിച്ചതിനാണ് കഴിഞ്ഞ വർഷം നൊബേൽ സമ്മാനം നൽകിയത്. കാറിന്റെ പേര് ‘മോളിക്യുലാർ വെഹിക്കിൾ’. ഈ കാറിന്റെ നാലു ടയറുകൾ ഉണ്ടാക്കിയിട്ടുള്ളത് തന്മാത്രകൾകൊണ്ടാണ്. ആവശ്യമുള്ള സമയത്തു ജെസിബി പോലെയും ടിപ്പർ പോലെയും പ്രവർത്തിക്കുന്ന ഈ കാർ ശരീരത്തിനകത്തു കൂടി ഓടി അദ്ഭുതങ്ങൾ സൃഷ്ടിക്കും. ആരോഗ്യരംഗത്തു വിപ്ലവവും. സെല്ലുകളെ ചുരണ്ടിയെടുക്കാവുന്ന ഈ ഉപകരണം ചികിത്സാലോകത്തിലെ സൂക്ഷ്മതയുടെ പര്യായമായി മാറുവാൻ പോകുന്നു.

പരിസ്ഥിതിയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന രാസപ്രക്രിയകൾ രസതന്ത്രത്തിൽ ഉണ്ട്. ആറ്റമോ അയോണോ ഒരു തന്മാത്രയിലെത്തുമ്പോൾ മറ്റൊരെണ്ണം പുറത്തേക്കു ബഹിർഗമിക്കുന്ന രാസപ്രക്രിയകൾ ഉണ്ട്. അന്തരീക്ഷ, ജലമലിനീകരണങ്ങൾക്ക് ഒരു പരിധിവരെ ഉത്തരവാദികളാണിവ. ‘ഹരിതരസതന്ത്രം’ വന്നുകഴിഞ്ഞു. അന്തരീക്ഷത്തിലേക്കു മാലിന്യം എത്തിക്കാത്ത രാസപ്രക്രിയ കണ്ടെത്തിക്കഴിഞ്ഞു. നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അദ്ഭുത കണ്ടുപിടിത്തങ്ങളെയൊക്കെ മറ്റൊരു ചക്രവാളത്തില്‍ എത്തിക്കുന്നു. മനുഷ്യനെ വേറൊരു തലത്തിലേക്കെത്തിക്കുന്ന റോബോട്ടിക്സും നാനോ ടെക്നോളജിയും കുതിപ്പിന്റെ രംഗത്താണ്.

വളർച്ചയുടെ ഈ അനന്തസാധ്യതകളിലേക്കാണു കുട്ടികളെ വളർത്തേണ്ടത്. അക്കാദമിക് തലത്തിൽ ഈയൊരു ലക്ഷ്യമാണ് ഉണ്ടാകേണ്ടത്. പ്രാഥമിക വിദ്യാഭ്യാസം മുതൽതന്നെ ഓരോ കുട്ടിയുടെയും വൈജ്ഞാനിക മണ്ഡലത്തെ വികസിപ്പിക്കുവാൻ ബോധപൂർവം ശ്രമിക്കണം. അക്കാദമിക് മാസ്റ്റർ പ്ലാനുകൾ ഈ ലക്ഷ്യത്തിൽ കേന്ദ്രീകരിക്കുന്നവയായിരിക്കണം.

Summary : Molecular vehicle