മൊബൈൽ ഫോണിന് ആരു മണികെട്ടും ?,  Mobile phone use, in children, Padhippura, Manorama Online

മൊബൈൽ ഫോണിന് ആരു മണികെട്ടും ?

എം കെ

കുട്ടികളുള്ള വീടുകളിൽ കളിപ്പാട്ടങ്ങളുടെ കോലാഹലമായിരുന്നു പണ്ട്. ചെണ്ട കൊട്ടുന്ന കുരങ്ങ്, കൂകിപ്പായുന്ന ട്രെയിൻ, കുതിച്ചോടുന്ന കാർ, യഥേഷ്ടം ഓടിനടക്കുന്ന ആന, മയിൽ, ഒട്ടകം. കണ്ണടച്ചു തുറക്കുന്ന സുന്ദരിയായ ബാർബി പെൺകുട്ടി, ഗൗരവത്തിലിരിക്കുന്ന ടെഡിബിയർ, എല്ലാം വാരിവലിച്ചു കളിക്കുന്ന കുട്ടികൾ, കളിപ്പാട്ടങ്ങൾക്കായി പരസ്പരം വഴക്കിടുന്ന കുട്ടികൾ, വാശി പിടിച്ചു കരയുന്ന കുസൃതികൾ. വീടുകളിൽ സദാ ശബ്ദകോലാഹലം. വീട്ടുകാർക്ക് ഒരേ സമയം അസഹ്യവും ആനന്ദവും ആയിരുന്നു കളിക്കോപ്പുകളും കുട്ടികളും തമ്മിലുള്ള ചങ്ങാത്തം.

കളിപ്പാട്ടങ്ങൾ ഇഷ്ടപ്പെടാത്ത കുട്ടികൾ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ കുട്ടികളെ സന്തോഷിപ്പിക്കാൻ മാതാപിതാക്കളും കുടുംബാംഗങ്ങളുമെല്ലാം അവർക്കു കളിപ്പാട്ടങ്ങൾ സമ്മാനമായി നൽകുകയും ചെയ്യും. ഓരോരുത്തരും അവരുടെ സാമ്പത്തികസ്ഥിതി അനുസരിച്ചായിരിക്കും കുട്ടികൾക്കു കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുന്നത്. കളിപ്പാട്ടങ്ങൾ കുട്ടികളുടെ മാനസിക വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്നതിനാൽ തിരഞ്ഞെടുപ്പിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ലോകമൊട്ടുക്കുള്ള കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന കളിക്കോപ്പുകളിൽ പ്രധാനം ബാർബിയും ടെഡിബിയറും തന്നെ. ബാർബി വിപണിയിലിറങ്ങിയിട്ട് 60 വർഷം പിന്നിടുകയാണ്. ആദ്യ വർഷം തന്നെ മൂന്നര ലക്ഷം പാവകളെ വിറ്റ് അവർ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. കരടിപ്പാവയും വിൽപനയിൽ ഒട്ടും പിന്നിലല്ല. ഇത്തരം പാവകൾക്കു വില കൂടുമെന്നതിനാൽ സാധാരണക്കാരായ കുട്ടികൾ കിലുക്കാംപെട്ടികളും കാറും തോക്കും മറ്റും കളിക്കോപ്പുകളാക്കിയിരുന്നു. പ്രായമനുസരിച്ചു കുട്ടികളുടെ കളിപ്പാട്ട ഭ്രമം മാറിക്കൊണ്ടിരിക്കുകയും ചെയ്യും.

എന്നാൽ ഇന്നു കൊച്ചുകുട്ടികൾ മുതലുള്ളവരുടെ പ്രധാന കളിപ്പാട്ടം മൊബൈൽ ഫോൺ ആയി മാറിയിട്ടുണ്ട്. അതിലെ ഗെയിമുകൾ തിരഞ്ഞെടുത്തു കളിക്കുന്നതിലും വിദഗ്ധമായി പ്രവർത്തിപ്പിക്കുന്നതിലും മുതിർന്നവരേക്കാൾ മിടുക്കരാണു കുട്ടികൾ. നല്ല മൊബൈൽ ഫോൺ ഉണ്ടെങ്കിൽ മറ്റു കളിപ്പാട്ടങ്ങൾ ഒന്നും വേണ്ടെന്നായിരിക്കുന്നു അവസ്ഥ. കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം അവരുടെ പഠനത്തെ ബാധിക്കുന്നതായി മിക്ക രക്ഷിതാക്കളും ആവലാതി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലുള്ള നിയന്ത്രണങ്ങളും വിലക്കുകളും പലപ്പോഴും ഫലിക്കാതെ പോവുകയാണ്. വീട്ടിലുള്ളവരും കൂട്ടുകാരുമെല്ലാം ഏറെ സമയവും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കണ്ടു ശീലിച്ച കുട്ടികളും അതിന് അടിപ്പെടുകയാണ്. മൊബൈൽ ഫോണിന്റെ ദുരുപയോഗം പുതുതലമുറയെ വല്ലാതെ ബാധിക്കുന്നുണ്ട്. അതിന് ആരു കടിഞ്ഞാണിടും എന്നാണു ചോദ്യം. പൂച്ചയ്ക്ക് ആരു മണികെട്ടും എന്നു ചോദിക്കുംപോലെ. Summary: Mobile phone use in children