വാൾട്ട് ഡിസ്നിയെ കോടീശ്വരനാക്കിയ കുഞ്ഞനെലി !

അനിൽ ഫിലിപ്

നാലു തലമുറകളായി കോടിക്കണക്കിനാളുകൾ ഓമനിച്ച മിക്കി മൗസ് എന്ന കുഞ്ഞൻ എലിക്ക് വയസ്സ് തൊണ്ണൂറ്. അനിമേഷൻ രംഗത്തെ കുലപതി വാൾട്ട് ഡിസ്നിയുടെയും സഹപ്രവർത്തകൻ ഉബ് ഇവെർക്സിന്റെയും (Ub Iwerks) ഭാവനയിൽ വിരിഞ്ഞ മിക്കിയെ ലോകം താലോലിക്കാൻ തുടങ്ങിയതിന്റെ 90–ാം വാർഷികമാണിത്. കോടീശ്വരനാക്കിയതും ലോകത്തിനുമുന്നിൽ അവതരിപ്പിച്ചതും മിക്കി മൗസ് എന്ന കുഞ്ഞനെലി തന്നെയാണെന്നു പറയാം.

വെള്ളിത്തിരയിൽ‌
മിക്കിയെ കഥാപാത്രമാക്കിയ ആദ്യ രണ്ടു ചിത്രങ്ങൾ പുറത്തിറങ്ങിയില്ല. മൂന്നാം ചിത്രമാണ് മിക്കി മൗസിന്റെ ഗതി മാറ്റിയെഴുതിയത്. ഹ്രസ്വ അനിമേഷൻ ചിത്രമായ പ്ലെയിൻ ക്രെയ്സിയിലാണ് മിക്കിയെ ഡിസ്നി ആദ്യമായി അവതരിപ്പിച്ചത്. 1928 മേയ് 15ന് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ ടെസ്റ്റ് സ്ക്രീനിങ് നടന്നു. പക്ഷേ, കാണികളെ ആകർഷിക്കാൻ മിക്കിക്കായില്ല. നിരാശനായ ഡിസ്നി വീണ്ടും മിക്കിയെ ഫിലിമിലാക്കി. ഗാലപ്പിങ് കൗച്ചോ എന്ന ചെറുചിത്രത്തിലൂടെ. ഈ ചിത്രത്തിനും വിതരണക്കാരെ കിട്ടിയില്ല. 1928 നവംബർ 18ന് മിക്കി മൗസിന്റെയും വാൾട്ട് ഡിസ്നിയുടെയും ജാതകം തിരുത്തിക്കുറിച്ചുകൊണ്ട് ആദ്യ മിക്കി ചിത്രം തിയറ്ററിലെത്തി. ഡിസ്നിയും ഇവെർക്സും ചേർന്ന് സംവിധാനം ചെയ്ത ഏഴര മിനിറ്റ് ദൈർഘ്യമുള്ള സ്റ്റീംബോട്ട് വില്ലി വൻവിജയം കൊയ്തു. മിക്കിയുടെ ‘കന്നിച്ചിത്ര’മായി ലോകം അംഗീകരിച്ചിട്ടുള്ളത് ഈ സിനിമയാണ്.

പകരക്കാരനായി എത്തിയ മിക്കി
മറ്റൊരു കാർട്ടൂൺ കഥാപാത്രത്തിനു പകരക്കാരനായി വന്ന താരമാണ് മിക്കി മൗസ്. 1920കളിൽ ഡിസ്നി കമ്പനിയുടെതന്നെ ഭാവനയിൽ പിറന്ന ഓസ്‍വാൾഡ് ദ് ലക്കി റാബിറ്റ് എന്ന മുയലിന് പകരക്കാരനെ അന്വേഷിച്ചപ്പോൾ ജന്മമെടുത്തതാണ് മിക്കി. തന്നെ ചതിച്ച സിനിമാ നിർമാതാവ് ചാൾസ് മിന്റ്സിനോട് വാൾട്ട് ഡിസ്നിയുടെ പ്രതികാരമാണ് മിക്കിയുടെ ജനനത്തിലേക്കു നയിച്ചത്. ഡിസ്നി കമ്പനിയുടെ കാർട്ടൂൺ ചിത്രങ്ങൾ മിന്റ്സായിരുന്നു ആദ്യകാലങ്ങളിൽ വിതരണത്തിനെടുത്തിരുന്നത്. ലാഭ വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെട്ട ഡിസ്നിയോട് കാർട്ടൂണിന്റെ അവകാശം വിതരണക്കാരായ യൂണിവേഴ്സൽ സ്റ്റുഡിയോസിൽ നിക്ഷിപ്തമാണെന്ന വാദമാണു മറുപടിയായി ലഭിച്ചത്. കൂടാതെ തന്റെ കലാകാരൻമാരെ മിന്റ്സ് സ്വന്തമാക്കിയെന്ന വിവരം ഡിസ്നിയെ തളർത്തി. ഡിസ്നിക്ക് വട്ടപ്പൂജ്യത്തിൽനിന്ന് തുടങ്ങേണ്ടിവന്നു. 1928ൽ സ്റ്റുഡിയോയിൽ വളർത്തിയിരുന്ന ഒരു കുഞ്ഞൻ എലിയെ ശ്രദ്ധിച്ചപ്പോഴാണ് ഡിസ്നിക്ക് ‘ലഡു പൊട്ടിയത്’. ലൊസാഞ്ചലസിലേക്ക് ഭാര്യയുമൊത്തുള്ള ട്രെയിൻ യാത്രയിലാണ് എലിക്കുഞ്ഞിനെ കഥാപാത്രമാക്കിയാലോ എന്ന ആശയം മനസ്സിൽ വിരിയുന്നത്.

മാറ്റങ്ങളിലൂടെ മിക്കി ചിത്രങ്ങൾ
ആദ്യ ചിത്രങ്ങളിൽ മിക്കിയായിരുന്നില്ല പലപ്പോഴും പ്രധാന കഥാപാത്രം. മിന്നി മൗസ് എന്ന കഥാപാത്രത്തിന്റെ പിന്നിലായിരുന്നു മിക്കിയുടെ സ്ഥാനം. കാലക്രമേണ നായകപദവിയിലേക്ക് ഉയരുകയായിരുന്നു മിക്കി. 1929ൽ ‘ദ് കാർണിവൽ കിഡ്ഡിലൂടെ മിക്കി ആദ്യമായി സംസാരിച്ചു. 1932ൽ ആദ്യ കളർ മിക്കിചിത്രം (പരേഡ് ഓഫ് ദ് അവാർഡ് നോമിനീസ്). ഈ ചിത്രം പുറത്തിറങ്ങിയില്ല. 1935ൽ തിയറ്ററിലെത്തിയ ‘ദ് ബാൻഡ് കൺസേർട്ട്’ ആണ് ആദ്യ ഔദ്യോഗിക മിക്കി കളർ ചിത്രം. 1940ൽ മിക്കിയെ കേന്ദ്രകഥാപാത്രമാക്കി ആദ്യ മുഴുനീള മിക്കി ചിത്രം പുറത്തിറങ്ങി: ‘ഫാന്റസിയ’.

ടെലിവിഷൻ രംഗത്തേക്ക്
1953ൽ ‘ദ് സിംപിൾ തിങ്സ്’ എന്ന ചിത്രത്തോടെ വെള്ളിത്തിരയിൽ നിന്ന് മിക്കി മടങ്ങി. പിന്നെ തിരിച്ചെത്തിയത് മൂന്നു പതിറ്റാണ്ടുകൾക്കുശേഷം. ഇതിനിടെ 1950കളിൽ ടെലിവിഷൻ സ്ക്രീനിലേക്കു കുടിയേറ്റം. 2013ൽ പുറത്തിറങ്ങിയ ‘ഗെറ്റ് എ ഹോഴ്സ്’ ആണ് അവസാന മിക്കി ചിത്രം. പത്തുതവണ മികച്ച അനിമേഷൻ ഷോട്ട് ഫിലിം വിഭാഗം ഓസ്കർ നോമിനിഷൻ നേടിയിട്ടുണ്ട് മിക്കി ചിത്രങ്ങൾ. 1941ൽ ‘ലെൻഡ് എ പോ’യ്ക്ക് ഓസ്കർ ലഭിച്ചു. മിക്കിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചതിന് വാൾട്ട് ഡിസ്നിയെ 1932ൽ ഓണററി സമ്മാനം നൽകി ഓസ്കർ ആദരിച്ചു. ആകെ 130 മിക്കി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. സിനിമയിൽനിന്നാണ് മിക്കി പുസ്തകത്താളുകളിലേക്ക് ഇറങ്ങിവരുന്നത്. 1930 ജനുവരി 13ന് ആദ്യമായി മിക്കി മൗസ് കാർട്ടൂൺ സ്ട്രിപ്പായി പുറത്തെത്തി. ഫ്ലോയിഡ് ഗോട്ട്ഫെർട്സൻ 45 വർഷം ഒരു പത്രത്തിൽ മിക്കിയെ അവതരിപ്പിച്ചു.