ആസാദ് എന്ന പേര്

ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വഴിവിളക്കായ മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രിയായ ആസാദ്, കവി, മതപണ്ഡിതൻ, ദാർശനികൻ തുടങ്ങിയ നിലകളിലും ചരിത്രത്തിൽ സ്ഥാനം പിടിച്ചു. 1947 മുതൽ 1958 വരെ രാജ്യത്തിന്റെ വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ, അദ്ദേഹം അക്കാദമികവും സാമൂഹികവുമായ മേഖലകളിൽ പുരോഗതിക്ക് അടിത്തറയിട്ടു. നിർബന്ധിതവും സൗജന്യവുമായ പ്രാഥമികവിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, തുടർവിദ്യാഭ്യാസം, ശാസ്ത്ര–സാങ്കേതിക പഠനം ഇവയ്ക്കൊക്കെ വിത്തുപാകി, നട്ടുനനച്ചു വളർത്തിയത് അബുൽകലാം ആസാദിന്റെ നേതൃത്തിലായിരുന്നു.

സമരമുഖത്ത്

1920ൽ ഗാന്ധിജിയുമായി നടത്തിയ കൂടിക്കാഴ്ച ആസാദിന്റെ ജീവിതത്തിൽ നിർണായകമായി. നിസ്സഹകരണ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. സമരരംഗത്തിറങ്ങിയ അദ്ദേഹത്തെ 1921ൽ ജയിലിലടച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മുന്നണിപ്പോരാളിയായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനെ തുടർന്നു പിന്നീട് പലവട്ടം അദ്ദേഹം ജയിലിലായി.

1923, 1940 വർഷങ്ങളിൽ ചേർന്ന കോൺഗ്രസ് സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ആസാദ് ആണ്. 1923ലെ സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ ആസാദിനു 35 വയസ്സായിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപുള്ള കോൺഗ്രസിന്റെ ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം (1940–46) പ്രസിഡന്റായ വ്യക്‌തിയും അദ്ദേഹം തന്നെ. ബ്രിട്ടിഷ് കാബിനറ്റ് മിഷനുമായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചർച്ചകൾക്കു നേതൃത്വം വഹിച്ചത് അബുൽ കലാം ആസാദായിരുന്നു. 1946 മാർച്ചിൽ മൂന്നു ബ്രിട്ടിഷ് മന്ത്രിമാരാണ് അധികാരം കൈമാറാനുള്ള വ്യവസ്‌ഥകൾ തീരുമാനിക്കാൻ ഇന്ത്യയിലെത്തിയത്. രാജ്യത്തിന്റെ പരമാധികാരം ഉയർത്തുന്ന നിലപാടുകളുമായി ചർച്ചനയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.