അക്ഷരങ്ങളുടെ ആസാദ്

ആസാദ് എന്നതു മൗലാനാ അബുൽ കലാമിന്റെ തൂലികാ നാമമായിരുന്നു. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ സജീവമായിരിക്കുമ്പോൾ തന്നെ അദ്ദേഹം അൽ ഹിലാൽ എന്ന പത്രം തുടങ്ങി. പിന്നീട് അൽ–ബലാഗ് എന്ന പേരിൽ മറ്റൊരു പത്രവും ആരംഭിച്ചു. രാഷ്‌ട്രീയ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാനായി പൈഗാം എന്ന പേരിൽ ആഴ്‌ചപ്പതിപ്പും നടത്തിയിരുന്നു. ഖുർആൻ പരിഭാഷ, ആസാദിന്റെ കത്തുകൾ, സത്യപ്രഖ്യാപനം, ഖിലാഫത്ത് പ്രശ്നവും അറേബ്യയും, മുസ്​ലിം സ്ത്രീ, ആസാദിന്റെ പ്രസംഗങ്ങൾ എന്നിവ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന പേരിൽ ആത്മകഥയും എഴുതി. എഴുത്തിലും പ്രസംഗത്തിലുമുള്ള ആസാദിന്റെ സ്വാധീനശക്‌തിയെപ്പറ്റി ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’യിൽ നെഹ്‌റു എഴുതിയിട്ടുണ്ട്. 1958 ഫെബ്രുവരി 22ന് ആസാദ് അന്തരിച്ചു.

കുട്ടിക്കാലം

കൊൽക്കത്തയിൽനിന്നു മക്കയിലേക്കു കുടിയേറിയ കുടുംബത്തിൽ ഖൈറുദ്ദീന്റെയും ആലിയയുടെയും മകനായി 1888 നവംബർ 11ന് ജനനം. കുടുംബം പിന്നീട് കൊൽക്കത്തയിൽ മടങ്ങിയെത്തി. വിദ്യാഭ്യാസം ഇന്ത്യയിലാണു പൂർത്തിയാക്കിയതെങ്കിലും മക്കയിലും മദീനയിലുമുള്ള മതപണ്ഡിതന്മാരുടെ സമീപമെത്തി അദ്ദേഹം അധ്യയനം തുടർന്നുകൊണ്ടിരുന്നു. 15 വയസ്സായപ്പോൾത്തന്നെ ധാരാളം ഗസലുകൾ എഴുതി. അതിനു മുൻപേ ‘നയി രംഗീ, ആലം’ എന്നീ കവിതാമാസികകൾക്കു തുടക്കമിട്ടു. ജ്യോതിശാസ്‌ത്രവും രസതന്ത്രവും അദ്ദേഹം ആഴത്തിൽ പഠിച്ചു.

വിദ്യാഭ്യാസ മന്ത്രി

ഉന്നതവിദ്യാഭ്യസ രംഗത്തെ നിർണായക ചുവടുവയ്പായി 1953ൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷൻ സ്‌ഥാപിച്ചത് അബുൽ കലാം ആസാദ് വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോഴാണ്. 1956ൽ പാർലമെന്റ് ആക്‌ടിലൂടെ യുജിസി നിലവിൽവന്നു. 1952ൽ മാതൃഭാഷ, ഇംഗ്ലിഷ്, ഹിന്ദി എന്നിങ്ങനെ ത്രിഭാഷാ പദ്ധതിയെക്കുറിച്ചു പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും വേണ്ടി മുതലിയാർ കമ്മിഷനെ നിയമിക്കുമ്പോഴും ആസാദ് തന്നെയായിരുന്നു വിദ്യാഭ്യാസ മന്ത്രി.‍