മൽഗര മറന്നില്ല നമ്മളെ!!

നവീൻ മോഹൻ

നൂറു വർഷം മുൻപ് നാടുവിട്ടു പോയൊരാൾ ഒരു സുപ്രഭാതത്തിൽ തിരിച്ചെത്തി ‘ഹലോ, എന്തൊക്കെയുണ്ട് വിശേഷം’ എന്നു ചോദിക്കുമ്പോൾ നമുക്കുണ്ടാകുന്ന അമ്പരപ്പില്ലേ? അതേ അവസ്ഥയിലായിരുന്നു ഒരു കൂട്ടം പരിസ്ഥിതി ശാസ്ത്രജ്ഞരും. ഒരു നൂറ്റാണ്ടു മുൻപ് ഭൂമിയിൽ നിന്ന് എന്നന്നേക്കുമായി യാത്ര പറഞ്ഞു പോയെന്നു കരുതിയിരുന്ന മൽഗര എന്ന ജീവിയാണ് അടുത്തിടെ അവർക്കു മുന്നിലേക്ക് തത്തിത്തത്തി വന്നത്.

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസിലാണു സംഭവം. അവിടത്തെ സർവകലാശാല വിദ്യാർഥികളും ഗവേഷകരും ഒരു പരിസ്ഥിതി പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. വൈൽഡ് ഡെസർട്സ് എന്നായിരുന്നു പദ്ധതിയുടെ പേര്. ഓസ്ട്രേലിയയിലെ മരുപ്രദേശങ്ങളിൽ നിന്നു കാണാതായ ജീവികളെ കണ്ടെത്തി അവയ്ക്കു വേണ്ട ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നതായിരുന്നു പദ്ധതി.

അതിന്റെ ഭാഗമായി മരുഭൂമിയിൽ ചുറ്റിക്കറങ്ങുന്നതിനിടെയായിരുന്നു ‘ക്രെസ്റ്റ്–ടെയ്‌ൽഡ് മൽഗര’ എന്ന കുഞ്ഞൻ ജീവി കണ്ണിൽപ്പെടുന്നത്. കങ്കാരുക്കളെപ്പോലെ സഞ്ചിമൃഗങ്ങളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലുപ്പം ഏകദേശം 150 ഗ്രാം മാത്രം. ഒറ്റനോട്ടത്തിൽ കുഞ്ഞനെലിയാണെന്നൊക്കെ തോന്നിപ്പോകും. തവിട്ടുനിറത്തിലുള്ള രോമമാണ് ദേഹം നിറയെ. പക്ഷേ ഇവയെ വ്യത്യസ്തരാക്കുന്നത് നീളൻ വാലിന്നറ്റത്തെ കറുത്ത രോമങ്ങളാണ്.

അതുകൊണ്ടാണ് ‘ക്രെസ്റ്റ് –ടെയ്‌ൽഡ്’ എന്ന പേരും. ഓസ്ട്രേലിയയുടെ തെക്കന്‍ പ്രദേശങ്ങളിൽ ഒരു കാലത്ത് വൻതോതിലുണ്ടായിരുന്നു മല്‍ഗരകൾ. എന്നാൽ കുറുക്കന്മാരും കാട്ടുപൂച്ചകളും പിടികൂടി തിന്നാൻ തുടങ്ങിയതോടെ പെട്ടെന്നു തന്നെ എണ്ണം കുറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളെ രേഖപ്പെടുത്തുന്ന ‘റെഡ് ബുക്കി’ൽ വരെ ഇവ ഇടംപിടിച്ചു.

അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ ഗവേഷകർ തിരിച്ചറിഞ്ഞു– ഒരെണ്ണം പോലുമില്ലാതെ മൽഗരകള്‍ ഇല്ലാതായിരിക്കുന്നു. പലപ്പോഴായി ഇവയുടെ ഫോസിലുകളും അസ്ഥികൂടങ്ങളും പലയിടത്തു നിന്നുമായി ലഭിച്ചു. എന്നാൽ കഴിഞ്ഞ 100 വർഷമായി ഇവയെ ജീവനോടെ ആരും കണ്ടിരുന്നില്ല. ഗവേഷകർ തിരഞ്ഞു നടക്കുമ്പോഴും ഏതൊക്കെയോ മാളങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നിരിക്കണം അവ. രാത്രികാലങ്ങളിലാണ് മൽഗരകൾ ഇരതേടി പുറത്തിറങ്ങുന്നത്. ആരുടെയെങ്കിലും കണ്ണിൽപ്പെട്ടാൽ ഓടി മാളത്തിൽ കയറും.

മാംസഭോജികളായ ഇവയുടെ പ്രധാന ഇരകൾ കുഞ്ഞൻ എലികളും പല്ലികളുമൊക്കെയായിരുന്നു. എന്നാൽ എലികളെയുൾപ്പെടെ മേഖലയിലെ കുറുക്കന്മാരും കാട്ടുപൂച്ചകളുമൊക്കെ പിടിച്ചു തിന്നതോടെ മൽഗരകൾ പട്ടിണിയായി. അങ്ങനെയാണു ഇല്ലാതായതെന്നും ഗവേഷകർ വിശ്വസിച്ചു. എന്നാൽ ഇപ്പോൾ ഇവിടെ കാട്ടുപൂച്ചകളും കുറുക്കന്മാരുമൊക്കെ വളരെ കുറവാണ്. അതായിരിക്കാം മാളങ്ങളിൽ നിന്നുള്ള ‘ഒളിവുജീവിതം’ വിട്ട് പുറത്തുവരാനുള്ള കാരണവും. എന്തായാലും മൽഗരകൾക്കു ജീവിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാനാണു ഗവേഷകരുടെ തീരുമാനം.

അതിനായി മരുപ്രദേശങ്ങളിൽ നിന്ന് മറ്റ് ഇരപിടിയൻ ജീവികളുടെ ‘താമസവും’ മാറ്റും. മല്‍ഗരകൾ ആവശ്യത്തിനു പെറ്റുപെരുകിയാൽ മാത്രമേ പിന്നെ കുറുക്കനും പൂച്ചയ്ക്കുമൊക്കെ ഒരു തിരിച്ചുവരവുണ്ടാകൂവെന്നർഥം. രണ്ടോ മൂന്നോ വർഷം മാത്രമേ ഈ കുഞ്ഞന്മാർ ജീവിച്ചിരിക്കൂ എന്ന പ്രശ്നവുമുണ്ട്. നിലവിൽ ഒരെണ്ണത്തിനെയേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കി മൽഗരകളെയും കണ്ടെത്തണം. ഇവയെപ്പോലെ വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ കുഞ്ഞൻ ജീവികൾ ഇനിയുമുണ്ട്. അവയെയും രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് ഗവേഷകരിപ്പോൾ.