ഇന്ത്യൻ ഇംഗ്ലിഷ് സാഹിത്യത്തിൽ കയ്യൊപ്പിട്ട മലയാളി എഴുത്തുകാർ

തയാറാക്കിയത്: ബിജീഷ് ബാലകൃഷ്ണൻ

കമലാ ദാസ്
1934ൽ തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് ജനിച്ചു. മലയാളത്തിൽ കഥകളും നോവലുകളും ഓർമക്കുറിപ്പുകളും എഴുതിയ മാധവിക്കുട്ടി കമലാ ദാസ് എന്ന പേരിലാണ് ഇംഗ്ലിഷിൽ കവിതകൾ എഴുതിയത്. സമ്മർ ഇൻ കൽക്കട്ട എന്ന കവിതാസമാഹാരം പുതുമ കൊണ്ടു ശ്രദ്ധേയമായി. എല്ലാ ചിട്ടവട്ടങ്ങളെയും ലംഘിച്ചുകൊണ്ടുള്ള സ്വാതന്ത്രൃപ്രഖ്യാപനങ്ങളായിരുന്നു ആ കവിതകൾ. ഒൺലി ദ് സോൾ നോസ് ഹൗ ടു സിങ്, ദ് സൈറൻസ്, ദി ഓൾഡ് പ്ലേ ഹൗസ് ആൻഡ് അദർ പോയംസ് തുടങ്ങിയവയാണ് പ്രധാന സമാഹാരങ്ങൾ. എഴുത്തച്‌ഛൻ പുരസ്‌കാരം അടക്കം ഒട്ടേറെ ബഹുമതികൾ തേടിയെത്തി. 2009ൽ അന്തരിച്ചു.

ശശി തരൂർ
1956ൽ ലണ്ടനിൽ ജനിച്ച ശശി തരൂരിന്റെ അച്‌ഛനും അമ്മയും പാലക്കാട് സ്വദേശികളാണ്. ആറാം വയസ്സിൽ കഥകളെഴുതിത്തുടങ്ങിയ തരൂരിന്റെ ആദ്യ രചന പത്താംവയസ്സിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. യുഎൻ അണ്ടർ സെക്രട്ടറി ജനറലുംകേന്ദ്രമന്ത്രിയുമായിരുന്ന അദ്ദേഹം ദ് ഗ്രേറ്റ് ഇന്ത്യൻ നോവൽ, ദ് ഫൈവ് ഡോളർ സ്‌മൈൽ ആൻഡ് അദർ സ്‌റ്റോറീസ്, ഷോ ബിസിനസ്, റയറ്റ് തുടങ്ങിയ സാഹിത്യകൃതികൾക്കു പുറമേ സമകാലീന രാഷ്‌ട്രീയവും ചരിത്രവുമായി ബന്ധപ്പെട്ടും പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ബ്രിട്ടിഷ് കൊള്ളയെക്കുറിച്ച് എഴുതിയ ആൻ ഇറ ഓഫ് ഡാർക്ക്‌നെസ് വായനക്കാരുടെയും വിമർശകരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എഴുതിയ ദ് പാരഡോക്‌സിക്കൽ പ്രൈം മിനിസ്‌റ്റർ ആണ് ഏറ്റവും പുതിയ പുസ്‌തകം.

അനീസ് സലിം
തിരുവനന്തപുരത്ത് വർക്കലയിൽ ജനിച്ചു. പഠനം പൂർത്തിയാക്കാതിരുന്ന അനീസിനെ ഗൗരവമുള്ള വായനയിലേക്കും എഴുത്തിലേക്കും എത്തിച്ചത് വീട്ടിൽ ഉപ്പയൊരുക്കിയ വായനശാലയാണ്. ചെറുപ്പത്തിലേ സഞ്ചാരിയായി പല നാടുകളിലും കറങ്ങി. പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാൻ ആദ്യമൊന്നും പ്രസാധകർ തയ്യാറായില്ല. അതു കാര്യമാക്കാതെ അനീസ് എഴുതിക്കൊണ്ടേയിരുന്നു. ദ് വിക്‌സ് മാംഗോ ട്രീ, ടെയിൽസ് ഫ്രം എ വെൻഡിങ് മെഷീൻ, ദ് ബ്ലൈൻഡ് ലേഡീസ് ഡിസെൻഡന്റ്സ്, ദ് സ്‌മോൾ ടൗൺ സീ തുടങ്ങിയ പുസ്തകങ്ങളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടംപിടിക്കാൻ അനീസിനായി. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരമടക്കമുള്ള ബഹുമതികൾ ലഭിച്ചു.

ജീത് തയ്യിൽ
പ്രശസ്‌ത പത്രപ്രവർത്തകൻ ടി.ജെ.എസ്.ജോർജിന്റെ മകനായി 1959ൽ എറണാകുളം ജില്ലയിലെ മാമലശ്ശേരിയിൽ ജനിച്ചു. ലഹരിമരുന്നിന്റെ മുംബൈ അധോലോകങ്ങളിലെ ജീവിതമെഴുതിയ നാർക്കൊപൊളിസ് എന്ന നോവലാണ് ജീത് തയ്യിലിനെ പ്രശസ്‌തിയിലേക്ക് ഉയർത്തിയതെങ്കിലും കവിയെന്ന നിലയിൽ നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീസ് എറേഴ്‌സ് ആർ കറക്‌ട്, ഇംഗ്ലിഷ്, അപോകാലിപ്‌സോ എന്നിവ പ്രധാന കവിതാസമാഹാരങ്ങൾ. ഡിഎസ്‌സി സാഹിത്യ പുരസ്‌കാരം, ദ് ഹിന്ദു സാഹിത്യ പുരസ്‌കാരം തുടങ്ങിയവ നാർക്കൊപൊളിസിനെ തേടിയെത്തി. ദ് ബുക്ക് ഓഫ് ചോക്ലേറ്റ് സെയിന്റ്‌സ് ആണ് പുതിയ നോവൽ.

ആനന്ദ് നീലകണ്‌ഠൻ
രാമായണത്തെയും മഹാഭാരതത്തെയും ആസ്‌പദമാക്കിയുള്ള നോവലുകളിലൂടെ പ്രശസ്‌തൻ. 1973ൽ തൃപ്പൂണിത്തുറയിൽ ജനിച്ചു. രാമായണകഥയെ ആസ്‌പദമാക്കിയുള്ള ‘അസുര: ടെയിൽ ഓഫ് ദ് വാൻക്വിഷ്‌ഡ്’ ആയിരുന്നു ആദ്യ പുസ്‌തകം. അജയ:റോൾ ഓഫ് ദ് ഡൈസ്, അജയ: റൈസ് ഓഫ് കലി എന്നീ പുസ്‌തകങ്ങൾ മഹാഭാരതത്തെ ഉപജീവിച്ചുള്ളവയായിരുന്നു. 2017ൽ അദ്ദേഹത്തിന് കലിംഗ രാജ്യാന്തര സാഹിത്യ പുരസ്‌കാരം ലഭിച്ചു.

ജയ്‌ശ്രീ മിശ്ര
ഡൽഹിയിൽ മലയാളി കുടുംബത്തിൽ ജനിച്ചു. എയ്‌ൻഷ്യന്റ് പ്രോമിസസ് എന്ന ആദ്യ നോവൽ ജയ്‌ശ്രീ മിശ്രയെ പ്രശസ്‌തിയിലേക്ക് ഉയർത്തി. ആക്‌സിഡന്റ്‌സ് ലൈക്ക് ലവ് ആൻഡ് മാരിജ്, ആഫ്‌റ്റർവേഡ്‌സ് തുടങ്ങിയ പുസ്‌തകങ്ങളും നന്നായി സ്വീകരിക്കപ്പെട്ടു. റാണി ലക്ഷ്‌മീഭായിയെക്കുറിച്ചുള്ള ‘റാണി’ എന്ന നോവൽ വിവാദം സൃഷ്‌ടിച്ചു. എ ഹൗസ് ഫോർ മിസ്‌റ്റർ മിശ്രയാണ് ഏറ്റവും പുതിയ പുസ്‌തകം.

ദീപക് ഉണ്ണിക്കൃഷ്‌ണൻ
തൃശൂരിൽ ജനിച്ച ദീപക് ഉണ്ണിക്കൃഷ്‌ണൻ അബുദാബിയിലാണ് വളർന്നത്. ഭാഷയിലും ആഖ്യാനത്തിലും പൊളിച്ചെഴുത്തുകൾ നടത്തിയ ടെംപററി പീപ്പിൾ എന്ന പുസ്‌തകത്തിലൂടെ ശ്രദ്ധേയനായി. ദ് ഹിന്ദു സാഹിത്യപുരസ്‌കാരമടക്കമുള്ള ബഹുമതികൾ ഈ പുസ്‌തകത്തെ തേടിയെത്തി. ‘കോഫി സ്‌റ്റെയിൻസ് ഇൻ എ ക്യാമൽസ് ടീ കപ്പ്’ ആണ് ആദ്യ പുസ്‌തകം.

അരുന്ധതി റോയ്
1961ൽ ഷില്ലോങ്ങിലാണ് അരുന്ധതി റോയ് ജനിച്ചത്. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട പോരാട്ടത്തിലൂടെ ശ്രദ്ധേയയായ മേരി റോയിയാണ് അമ്മ. അയ്‌മനം എന്ന ഗ്രാമത്തിനും മീനച്ചിലാറിനും ലോകശ്രദ്ധ നേടിക്കൊടുത്ത ‘ദ് ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ്’ എന്ന ആദ്യ നോവലിലൂടെ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തിൽ ദിശാമാറ്റമുണ്ടാക്കി. 1997ൽ പുറത്തിറങ്ങിയ ആദ്യ നോവൽ ബുക്കർ പുരസ്‌കാരം നേടിയതോടെ പുസ്‌തകത്തിന്റെ ലക്ഷക്കണക്കിനു പ്രതികളാണ് വിറ്റഴിഞ്ഞത്. ആദ്യ നോവലിനുശേഷം രണ്ടു പതിറ്റാണ്ടോളം പ്രബന്ധങ്ങൾ മാത്രം രചിച്ച അരുന്ധതി 2017ൽ ദ് മിനിസ്‌ട്രി ഓഫ് അറ്റ്‌മോസ്‌റ്റ് ഹാപ്പിനെസ് എന്ന പുതിയ നോവൽ പ്രസിദ്ധീകരിച്ചു. നിർഭയമായ നിലപാടുകൾ കൊണ്ടും തുറന്നെഴുത്തുകൾ കൊണ്ടും ആരാധകരെയെന്ന പോലെ വിമർശകരെയും സൃഷ്‌ടിച്ചിട്ടുണ്ട് ഈ എഴുത്തുകാരി.

മീന അലക്‌സാണ്ടർ
അലഹാബാദിൽ മലയാളി കുടുംബത്തിൽ ജനനം. കേരളത്തിലും സുഡാനിലുമായി വളർന്നു. കുടിയേറ്റത്തിന്റെ തീവ്രാനുഭവങ്ങളെ ആവിഷ്‌കരിച്ച മീനയുടെ കവിതകൾ വിവിധ ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അറ്റ്‌മോസ്‌ഫിയറിക് എംബ്രോയ്‌ഡറി, ബെർത്ത് പ്ലെയിസ് വിത്ത് ബറീഡ് സ്‌റ്റോൺസ്, ഇലിറ്ററേറ്റ് ഹാർട്ട് എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. ഫോൾട്ട് ലൈൻസ് എന്ന ഓർമക്കുറിപ്പും മൻഹട്ടൻ മ്യൂസിക്, നാംപള്ളി റോഡ് എന്നീ നോവലുകളും രചിച്ചിട്ടുള്ള മീന 2018 നവംബറിൽ ഓർമയായി

അനിതാ നായർ
പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ 1966ൽ ജനിച്ചു. നോവലിസ്‌റ്റ്, കവി, ബാലസാഹിത്യകാരി, എഡിറ്റർ, നാടകകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയ. ലോകത്തെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട ദ് ബെറ്റർ മാൻ, ലേഡീസ് കൂപേ എന്നീ നോവലുകളാണ് അനിതയെ പ്രശസ്‌തയാക്കിയത്. മലബാർ മൈൻഡ്, ഇദ്രിസ്, മിസ്‌ട്രസ്, ലെസൻസ് ഇൻ ഫോർഗെറ്റിങ്, ഈറ്റിങ് വാസ്‌പ്‌സ് എന്നിവയാണ് പ്രധാന പുസ്‌തകങ്ങൾ. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ക്രോസ്‌വേഡ് പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ തേടിയെത്തി.

മനു ജോസഫ്
1974ൽ കോട്ടയത്ത് ജനിച്ച മനു ജോസഫ് ചെന്നൈയിലാണ് വളർന്നത്. ഓപൺ മാഗസിന്റെ പത്രാധിപരായിരുന്നു. സീരിയസ് മെൻ എന്ന ആദ്യ പുസ്‌തകത്തിന് പെൻ ഓപൺ ബുക്ക് പുരസ്‌കാരം ലഭിച്ചു. ദി ഇലzിസിറ്റ് ഹാപ്പിനെസ് ഓഫ് അദർ പീപ്പിൾ, മിസ് ലൈല ആംഡ് ആൻഡ് ഡെയ്‌ഞ്ചറസ് എന്നിവയാണ് മറ്റു കൃതികൾ.