പിട അകത്ത് കടന്നാൽ മരപ്പൊത്ത് അടയ്ക്കും; തുറക്കുന്നത് 40 ദിവസങ്ങൾക്ക് ശേഷം!, Malabar grey hornbill, Endemic bird, Manorama Online

പിട അകത്ത് കടന്നാൽ മരപ്പൊത്ത് അടയ്ക്കും; തുറക്കുന്നത് 40 ദിവസങ്ങൾക്ക് ശേഷം!

ഡോ.അബ്ദുല്ല പാലേരി

ചിത്രം: വിവേക് പുലിയേരി, വിക്കിമീഡിയ കോമൺസ്

വേഴാമ്പൽ എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് ഓർക്കുക സംസ്ഥാനപക്ഷിയായ മലമുഴക്കിയെ ആണ്. എന്നാൽ കേരളത്തിൽ പാണ്ടൻ വേഴാമ്പൽ, നാട്ടു വേഴാമ്പൽ, കോഴിവേഴാമ്പൽ എന്നിങ്ങനെ 3 ഇനങ്ങൾ കൂടിയുണ്ട്. ഇവയിൽ ഏറ്റവും ചെറുതാണ് കോഴിവേഴാമ്പൽ (Malabar Grey Hornbill ). കൊക്കിനും നെറ്റിക്കും മുകളിലായി മകുടം (Casque) ഇല്ലാത്ത വേഴാമ്പൽ ആണിത്.

പശ്ചിമഘട്ടത്തിലെ തദ്ദേശീയ പക്ഷിയാണിത്. ഒരു പ്രത്യേക സ്ഥലത്തു മാത്രം കാണുന്നതാണ് തദ്ദേശീയ പക്ഷി അല്ലെങ്കിൽ തനതു പക്ഷി (Endemic bird). ലോകത്ത് കോഴിവേഴാമ്പലിനെ കാണുന്നത് പശ്ചിമഘട്ടത്തിൽ മാത്രമാണ്.

ഇതു മിക്കപ്പോഴും ഉച്ചത്തിൽ കരഞ്ഞു കൊണ്ടിരിക്കും. പതിഞ്ഞ ശബ്ദത്തിലാണ് കരഞ്ഞു തുടങ്ങുക. എന്നാൽ, ക്രമേണ ശബ്ദം കൂടിക്കൂടി ഉച്ചസ്ഥായിയിൽ എത്തും. മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സാധാരണ കണ്ടുവരുന്നു. ചിലപ്പോൾ റബർത്തോട്ടങ്ങളിലും തെങ്ങിൻതോപ്പുകളിലും കാണാം. പൊതുവേ ചെറുകൂട്ടമായിട്ടാണു സഞ്ചാരം.

പഴങ്ങളാണ് മുഖ്യാഹാരം. ആലിൻ പഴങ്ങളും അത്തിപ്പഴങ്ങളും ഇലഞ്ഞിപ്പഴങ്ങളും ഏറെ ഇഷ്ടമാണ്. ഇതു വിത്തുവിതരണത്തിനു കാരണമാകുന്നതിനാൽ ഫലവൃക്ഷങ്ങളുടെ വ്യാപനത്തിനു സഹായിക്കുന്നുണ്ട്. ഒപ്പം ചെറു പ്രാണികളെയും പല്ലികളെയും ഓന്തുകളെയും തവളകളെയും ഭക്ഷിക്കാറുണ്ട്. കേരളത്തിൽ മിക്കയിടത്തും ഇതു കൂടു കൂട്ടും. ജനുവരി മുതൽ മേയ് വരെയാണ് സന്താനോൽപാദനകാലം. മരത്തിലെ മാളത്തിലോ പൊത്തിലോ ആണ് കൂട്ടുകൂട്ടുക. മരത്തിൽ താനേ ഉണ്ടായ പൊത്തോ മറ്റേതെങ്കിലും പക്ഷികൾ തുരന്നുണ്ടാക്കിയ മാളമോ ആണ് കൂടുകൂട്ടാൻ ഉപയോഗിക്കുന്നത്. സ്വന്തമായി മരം തുരന്നു കൂടുണ്ടാക്കാറില്ല.

പിടപ്പക്ഷി മരപ്പൊത്തിൽ കടന്നിരുന്ന ശേഷം കൂടിന്റെ വായ് ഭാഗം മരപ്പൊടിയും സ്വന്തം വിസർജ്യവും ഉപയോഗിച്ച് അകത്തുനിന്നു ഭദ്രമായി അടയ്ക്കും. കൂടിന്റെ അടപ്പിൽ കൊക്കു മാത്രം പുറത്തിടാൻ പാകത്തിൽ ദ്വാരം ഉണ്ടാക്കും. കൂട്ടിൽ നാലുവരെ മുട്ടയിടും. പൂവൻ ആഹാരവുമായി കൂടിന്റെ സമീപം എത്തുമ്പോൾ പിട കൊക്ക് പുറത്തേക്കിടും. പഴങ്ങൾ ഓരോന്നായി പിടയുടെ കൊക്കിൽ പൂവൻ വച്ചുകൊടുക്കും. മുട്ട വിരിയാൻ ഏതാണ്ട് 40 ദിവസമെടുക്കും. കുഞ്ഞുങ്ങളുടെ ദേഹത്ത് തൂവൽ മുളച്ചു പറക്കമുറ്റാൻ ഏതാണ്ട് 46 ദിവസമെടുക്കും. ഇക്കാലമത്രയും കുഞ്ഞുങ്ങളെയും ഭാര്യയെയും തീറ്റുന്നത് ആൺപക്ഷിയാണ്. ഒടുവിൽ അമ്മ കൂടിന്റെ അടപ്പ് കൊത്തിപ്പൊട്ടിച്ചു കുഞ്ഞുങ്ങളെ പുറത്തേക്ക് നയിക്കും.

ദേഹത്തിനു മിക്കവാറും ഇരുണ്ട ചാരനിറമാണ്. കൺപുരികത്തിനു മങ്ങിയ ചാരനിറവും. ആണിന്റെ കൊക്കിനു മഞ്ഞയും ഓറഞ്ചും നിറം. എന്നാൽ പെണ്ണിന്റെ കൊക്കിൽ ഓറഞ്ചു നിറം കാണാറില്ല. മാത്രമല്ല, പെണ്ണിന് ആണിനെക്കാൾ മങ്ങിയ നിറമായിരിക്കും.