ഇത് ലൂബിക്കുട്ടി, പ്രായം പതിനായിരം!!!

നവീൻ മോഹൻ

ഒന്നും രണ്ടുമല്ല, പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയിലുണ്ടായിരുന്ന ഒരു ആനക്കുട്ടിയെ ജീവനോടെയെന്ന പോലെ കണ്മുന്നിൽ കണ്ടാൽ ആരെങ്കിലും വിശ്വസിക്കുമോ? യുറി ഖുദി എന്ന ഇടയനും ആദ്യം വിശ്വസിക്കാനായില്ല. സൈബീരിയയിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലൊന്നിൽ റെയിൻഡീറുകളുമായി പോകുന്നതിനിടെയാണ് അരുവിയുടെ തീരത്ത് അദ്ദേഹം ആ കാഴ്ച കണ്ടത്. മഞ്ഞ് ഉരുകുന്നതിനനുസരിച്ച് ഒരു കുട്ടിയാനയുടെ രൂപമിങ്ങനെ തെളിഞ്ഞു വരുന്നു. മഞ്ഞിൽ ചില്ലിട്ടുവച്ചതു പോലെ ഒരു ആനക്കുട്ടി. ഒറ്റക്കാഴ്ചയിൽ തന്നെ യുറിക്കു മനസിലായി ഇതു വിലപ്പെട്ടൊരു കാഴ്ചയാണ്. പക്ഷേ വിശ്വാസപ്രകാരം മൃഗങ്ങളുടെ മൃതശരീരം തൊടാനാകില്ല.

ആനക്കുട്ടിയെ അവിടെത്തന്നെ മൂടിയിട്ട് യുറി നേരെ 240 കി.മീ. ദൂരെയുള്ള പട്ടണത്തിലേക്കു പോയി. അവിടത്തെ പ്രാദേശിക മ്യൂസിയം അധികൃതരോടു കാര്യം പറഞ്ഞു. യുറിക്കൊപ്പം ആനക്കുട്ടിയെ പരിശോധിക്കാൻ ഒരാളെയും വിട്ടു. പക്ഷേ സ്ഥലത്തെത്തിയപ്പോഴുണ്ട് ആന കിടന്നിടത്ത് പൂട പോലുമില്ല. ചെറിയൊരു സംശയം തോന്നി യുറി സമീപത്തെ ഗ്രാമത്തിലേക്കു വച്ചുപിടിച്ചു. അവിടെയെത്തിയപ്പോഴുണ്ട് ഒരു കടയ്ക്കു മുന്നിൽ കുത്തിനിർത്തിയിരിക്കുന്നു ആ ആനക്കുട്ടിയെ! അതിന്റെ കുഞ്ഞൻ വാലും ചെവിയുടെ ചെറുകഷ്ണവും ഒരു നായ് കടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. യുറിയുടെ തന്നെ ഒരു ബന്ധുവാണ് ആനക്കുട്ടിയെ കടക്കാരനു വിറ്റത്. പകരം മഞ്ഞിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന രണ്ട് ‘സ്നോമൊബൈൽ’ വാഹനങ്ങളും കടക്കാരൻ കൊടുത്തു. മ്യൂസിയം പ്രതിനിധിക്ക് ഒറ്റനോട്ടത്തിൽ തന്നെ പക്ഷേ പിടികിട്ടി, വിലമതിക്കാനാകാത്ത ഒരു അമൂല്യവസ്തുവാണ് കണ്മുന്നിൽ. പൊലീസിന്റെ സഹായത്തോടെ ആനക്കുട്ടിയെ ‘മോചിപ്പിച്ചെടുത്ത്’ വൈകാതെ തന്നെ റഷ്യയിലെ പ്രശസ്തമായ ഷെമനോവ്സ്കി മ്യൂസിയത്തിലേക്ക് ഹെലികോപ്ടറിൽ പറന്നു സംഘം.

42,000 വർഷങ്ങൾക്കു മുൻപ് സൈബീരിയയിൽ ജീവിച്ചിരുന്ന മാമത്ത് ആനകളിൽപ്പെട്ട കുട്ടിക്കുറുമ്പത്തിയുടെ മൃതദേഹമാണ് കാര്യമായ യാതൊരു കേടുപാടുമില്ലാതെ ലഭിച്ചിരിക്കുന്നത്. ആന്തരികാവയവങ്ങൾക്കു പോലും പ്രശ്നമില്ല. വയറ്റിലാകട്ടെ അമ്മയുടെ പാലിന്റെ അംശം വരെയുണ്ടായിരുന്നു! യുറിയോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് ആനക്കുട്ടിക്കു നൽകിയത്– ല്യൂബ(Lyuba). റഷ്യൻ ഭാഷയിൽ ‘Lyubov’ എന്നാൽ ‘പ്രണയം’ എന്നാണർഥം! ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് പൂർണമായും സംരക്ഷിക്കപ്പെട്ട മാമത്ത് ഫോസിലാണ് ല്യൂബയുടേത്. അതിനാൽത്തന്നെ നിധി കണക്കെയാണ് റഷ്യ ഇതിനെ സംരക്ഷിക്കുന്നത്. 2007ൽ കണ്ടെത്തിയതിനു ശേഷം ഇന്നേവരെ അഞ്ചു തവണ മാത്രമേ റഷ്യയുടെ പുറത്തേക്ക് ല്യൂബയെ പ്രദർശനത്തിന് കൊടുത്തുവിട്ടിട്ടുള്ളൂ. അതും ശരീരത്തിന് യാതൊരു കേടുപാടുകളും വരാതെ ആധുനിക രീതിയിൽ സംരക്ഷിച്ച്. 35 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ല്യൂബയുടെ മരണം. കുഴിയിൽ വീണ് മണ്ണിടിഞ്ഞു ശ്വാസം മുട്ടിയാണ് മരിച്ചതെന്നു കരുതുന്നു.

പക്ഷേ ല്യൂബയെ മൂടിയ മണ്ണിലെ സൂക്ഷ്മജീവികൾ അതിന്റെ ശരീരത്തിനു ചുറ്റും ആസിഡുകൾ ഉൽപാദിപ്പിച്ച് ഒരു ‘കവചം’ തീർത്തു. അതിനു മുകളിലൂടെ മഞ്ഞുകൂടിയെത്തിയതോടെ ശരിക്കും ഉപ്പിലിട്ടെന്ന പോലെ, യാതൊരു കേടുപാടുമില്ലാതെ ശരീരം സംരക്ഷിക്കപ്പെടുകയും ചെയ്തു. കണ്ടുകിട്ടുമ്പോള്‍ 50 കിലോ ഭാരമുണ്ടായിരുന്നു ല്യൂബയ്ക്ക്, 85 സെ.മീ. ഉയരവും. വാലറ്റം മുതൽ തുമ്പിക്കൈ വരെ 130 സെന്റിമീറ്ററായിരുന്നു നീളം. എന്നാൽ ഒത്ത ഒരു മാമത്തിന് മൂന്നു മീറ്ററിലേറെ ഉയരമുണ്ടാകും, 4500ലേറെ കിലോഗ്രാം ഭാരവും. ദേഹമാകെ ഒരുമീറ്ററോളം നീളമുള്ള രോമങ്ങളാൽ മൂടിയ നിലയിലാണ് നടപ്പ്. നല്ല തീറ്റപ്രിയരാണ്– ദിവസവും 18 മണിക്കൂറോളം തീറ്റ. അതിനിടെ അകത്താക്കുക 180 കിലോയിലേറെ പുല്ലും 80 ലിറ്ററോളം വെള്ളവും.

മാമത്തുകൾ ബിസി 2,00,000ത്തിനും 10,000ത്തിനും ഇടയ്ക്ക് ഭൂമിയിൽ ജീവിച്ചിരുന്നതായാണു കരുതുന്നത്. 60 വയസ്സുവരെയുണ്ട് ഇവ‌യ്ക്ക് ശരാശരി ആയുസ്സ്. ഏകദേശം 7000–4000 വർഷങ്ങൾക്കു മുൻപു വരെ മാമത്തുകൾ ഭൂമിയിൽ ജീവിച്ചിരുന്നതായാണു കരുതുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് ഇവയെ ഇല്ലാതാക്കിയതെന്ന് ഒരുകൂട്ടർ. അതല്ല ഭക്ഷണത്തിനു വേണ്ടി ആദിമമനുഷ്യർ വേട്ടയാടി കൊന്നൊടുക്കിയതാണെന്ന് മറ്റൊരു കൂട്ടർ. എന്തായാലും അടുത്തിടെ ഓസ്ട്രേലിയയിലേക്ക് പ്രദർശനത്തിന് ല്യൂബയെ കൊണ്ടുവന്നപ്പോൾ സ്കൂളുകളിൽ നിന്ന് കുട്ടിക്കൂട്ടങ്ങൾ ഒഴുകുകയായിരുന്നു. ശാസ്ത്രലോകത്തിന്റെ പ്രിയപ്പെട്ട കുട്ടിയാനയെ കാണാൻ...