ശ്വസിച്ച് മരിക്കും...

സീമ ശ്രീലയം

ഒരു ഗ്യാസ് ചേംബറിനുള്ളിൽ ശ്വാസംമുട്ടി കഴിയേണ്ടി വരുന്ന അവസ്ഥ നമുക്കൊന്നും അത്ര പരിചയമുണ്ടാവില്ല. എന്നാൽ ഡൽഹി നിവാസികൾ സമീപകാലത്തായി ഈ അവസ്ഥ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. പറഞ്ഞുവരുന്നത് സ്മോഗിനെക്കുറിച്ചു തന്നെ. ഇന്നു ലോകത്ത് 92 ശതമാനത്തോളം ജനങ്ങളും ജീവിക്കുന്നതു ശുദ്ധവായുവില്ലാത്ത പ്രദേശങ്ങളിലാണെന്നു ലോകാരോഗ്യ സംഘടന(WHO)യുടെ റിപ്പോർട്ടിലെ കണക്കുകൾ അപായമണികൾ മുഴക്കുന്നു.

സ്മോഗ് കാലത്തെ ദുരിതങ്ങൾ
സമീപ അന്തരീക്ഷത്തിൽ സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ്, ഓസോൺ, കാർബൺ മോണോക്സൈഡ് എന്നിവയുടെ സാന്നിധ്യം നമ്മുടെ ആരോഗ്യത്തെ കാർന്നുതിന്നും. ഒട്ടും ചെറുതല്ല സ്മോഗ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ. ഇതു ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഹൃദ്രോഗികൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഗർഭിണികൾക്കുമൊക്കെ സ്മോഗ് വലിയ ഭീഷണിയാണ്. ശ്വാസനാളത്തിൽ അസ്വസ്ഥതകൾ, ശ്വാസതടസ്സം, കണ്ണിനും മൂക്കിനും അസ്വസ്ഥത, നിർത്താത്ത ചുമ, ഛർദ്ദി തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ സ്മോഗ് മൂലമുണ്ടാവും. ഹൃദ്രോഗികൾക്കും ആസ്മ, എംഫിസിമ, ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങൾ ഉള്ളവർക്കും സ്മോഗ് കടുത്ത അസ്വസ്ഥതകൾ ഉണ്ടാക്കും. ഒരു ദിവസം ഒട്ടേറെ സിഗരറ്റുകൾ വലിക്കുന്നതിനു തുല്യമാണ് സ്മോഗിൽ കഴിയേണ്ടി വരുന്ന അവസ്ഥയെന്നു ഡോക്ടർമാർ പറയുന്നു. ‘മെഡിക്കൽ എമർജൻസി’ എന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്മോഗ് ദിനങ്ങളെ വിശേഷിപ്പിച്ചത്. സ്മോഗ് ഒരു പുതപ്പുപോലെ പ്രവർത്തിക്കുന്നതുകൊണ്ട് ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയും; ഇതു ശൈത്യത്തിന്റെ കാഠിന്യം കൂട്ടും.

സ്മോഗ് തിന്നും സിമന്റ്
സ്മോഗ് തിന്നും സിമന്റ്! അങ്ങനെയുമുണ്ടൊരു സിമന്റ്. ഇറ്റലിയിലെ ഇറ്റാൽ സിമന്റ് കമ്പനിയാണ് TX ആക്ടീവ് സിമന്റ് എന്ന ഹരിത സിമന്റ് നിർച്ചത്. സിമന്റിൽ പ്രകാശിക ഉൽപ്രേരകമായി ചേർത്തിരിക്കുന്ന ടൈറ്റാനിയം ഡൈ ഓക്സൈഡ് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ സ്മോഗിനെ വിഘടിപ്പിക്കും. ജനനിബിഡമായ സെഗ്രേറ്റിൽ ഈ സിമന്റ് കെട്ടിടങ്ങളിൽ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

സ്മോക്ക് + ഫോഗ് = സ്മോഗ്!
Smoke, fog എന്നീ വാക്കുകൾ ചേർന്നാണു സ്മോഗ് എന്ന പേരുണ്ടായത്. അതായത് പുകയും മൂടൽ മഞ്ഞും ചേരുമ്പോഴാണ് സ്മോഗ് അഥവാ പുകമഞ്ഞ് ഉണ്ടാവുന്നത്. അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം തന്നെയാണു സ്മോഗിനു വഴിയൊരുക്കുന്നത്. കൽക്കരിയുടെ ജ്വലനഫലമായി അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന പുകയും സൾഫർ ഡൈ ഓക്സൈഡുമൊക്കെയാണ് ആദ്യകാലത്ത് സ്മോഗിനു കാരണമായത്. ഇപ്പോൾ സ്മോഗിനു പിന്നിൽ കാരണങ്ങൾ ഏറെയുണ്ട്.

സ്മോഗിനു പിന്നിൽ
കാർ, മോട്ടോർ സൈക്കിൾ, മറ്റു വാഹനങ്ങൾ എന്നിവയിൽ നിന്ന് പുറത്തുവരുന്ന പുക, വ്യവസായശാലകളിൽ നിന്നുള്ള പുകപടലങ്ങൾ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പിനുശേഷം കാർഷികാവശിഷ്ടങ്ങളുടെ വൻതോതിലുള്ള കത്തിക്കൽ, ബയോമാസിന്റെ ജ്വലനം, വൻകിട നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങൾ എന്നിവയൊക്കെ ഡൽഹി സ്മോഗിനു കാരണമാകുന്നു. കഴിഞ്ഞവർഷത്തെ സ്മോഗിന്റെ ദുരനുഭവങ്ങൾ മുന്നിലുണ്ടായിരുന്നതുകൊണ്ട് ദിവസവും ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം, ഡീസൽ വാഹനങ്ങൾക്കു വിലക്ക്, ഒരു പ്രധാന പവർ സ്റ്റേഷൻ അടച്ചിടൽ, ദീപാവലിക്കു പടക്കങ്ങൾക്കും കരിമരുന്നു പ്രയോഗത്തിനും നിയന്ത്രണം തുടങ്ങിയ മുൻകരുതലുകൾ സർക്കാർ എടുത്തെങ്കിലും ഈ വർഷവും സ്മോഗ് ഡൽഹിയെ ശ്വാസംമുട്ടിച്ചു. ശൈത്യകാലത്തു കാറ്റിന്റെ വേഗത കുറയുന്നതും സ്മോഗ് രൂക്ഷമാവാൻ കാരണമാകുന്നുണ്ട്.

PM 2.5
രണ്ടര മൈക്രോണിൽ താഴെ വലുപ്പമുള്ള പാർട്ടിക്കുലേറ്റ് മാറ്റർ ആണ് PM 2.5. ഈ സൂക്ഷ്മകണികകൾ വായുവിൽ തങ്ങിനിൽക്കും. നൈട്രേറ്റുകൾ, സൾഫേറ്റുകൾ, ബ്ലാക്ക് കാർബൺ, അമോണിയ, സോഡിയം ക്ലോറൈഡ്, ജലാംശം, വിവിധ ധാതുക്കളുടെ പൊടി, ലോഹാംശം എന്നിവയൊക്കെ ഇതിലടങ്ങിയിരിക്കും. വായുവിൽ PM 2.5ന്റെ അളവ് കൂടുമ്പോൾ അത് അന്തരീക്ഷത്തിൽ മങ്ങലുണ്ടാക്കുകയും ദൃശ്യത കുറയ്ക്കുകയും ചെയ്യും. സൂക്ഷ്മമായ ഈ കണികകൾ ശ്വസനത്തിലൂടെ ശ്വാസകോശത്തിൽ എത്തിച്ചേരും. ഇത് ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്കും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയാനുമൊക്കെ ഇടയാക്കും. പാർട്ടിക്കുലേറ്റ് മാറ്ററിലെ ചില ഘടകങ്ങൾ കാൻസറിനു കാരണമാവുമെന്നും പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് PM 2.5 ന്റെ സുരക്ഷിതമായ ശരാശരി തോത് ഒരു ദിവസം ക്യുബിക് മീറ്ററിൽ 25 മൈക്രോഗ്രാമും വാർഷിക ശരാശരി 10 മൈക്രോഗ്രാമും ആണ്. എന്നാൽ, സ്മോഗ് സമയത്തു ഡൽഹിയിൽ ഇതിന്റെ അളവ് 800ൽ ഉയർന്ന ദിവസങ്ങൾ ഉണ്ടായി. ഇത് 300 ആവുന്ന അവസ്ഥ തന്നെ അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നോർക്കണം. വായുമലിനീകരണം കൊണ്ട് പൊറുതിമുട്ടുന്ന ബെയ്‌ജിങ്ങിനെയും കടത്തിവെട്ടിക്കൊണ്ടിരിക്കുകയാണ് ഡൽഹി.

മലിന നഗരങ്ങൾ
അന്തരീക്ഷത്തിലെ പാർട്ടിക്കുലേറ്റ് മാറ്റർ 2.5 ന്റെ അളവിന്റെ അടിസ്ഥാനത്തിൽ ലോകത്തിൽ ഏറ്റവും മലിനമായ വായുവുള്ള ഇരുപത് നഗരങ്ങൾ ഏതൊക്കെയാണെന്നോ? ഇതിൽ ഇറാനിലെ സാബോൾ ആണ് ഒന്നാം സ്ഥാനത്ത്. ഇവിടെ അന്തരീക്ഷത്തിൽ PM 2.5 ന്റെ അളവ് 217 മൈക്രോഗ്രാം /ക്യുബിക് മീറ്റർ ആണ്. ലോകാരോഗ്യ സംഘടനയുടെ അനുവദനീയ പരിധിയനുസരിച്ച് പാർട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് 18 മൈക്രോഗ്രാം / ക്യുബിക് മീറ്റർ കടന്നാൽ അത് അപകടകരമാണ്. രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യൻ നഗരമായ ഗ്വാളിയർ ആണ് PM 2.5 ന്റെ അളവ് 176 മൈക്രോഗ്രാം / ക്യുബിക് മീറ്റർ . ഇക്കൂട്ടത്തിൽ പതിനൊന്നാമതായി വരുന്നത് ഡൽഹിയാണ്. ഇന്ത്യയിൽ നിന്ന് ഗ്വാളിയറും ഡൽഹിയും കൂടാതെ രൂക്ഷമായ വായു മലിനീകരണത്താൽ വലയുന്ന വേറെയും നഗരങ്ങളുണ്ട് പട്ടികയിൽ. അലഹബാദ്, പട്ന, റായ്‌പുർ, ലുധിയാന, കാൻപുർ, ഫിറോസാബാദ്, ലക്‌നൗ എന്നിവയാണത്. സൗദി അറേബ്യയിലെ റിയാദ്, അൽ ജുബൈൽ, ദമാം എന്നീ നഗരങ്ങളും ചൈനയിലെ ജിൻറ്റായ് ഉൾപ്പെടെയുള്ള ഏതാനും നഗരങ്ങളും കാമറൂണിലെ ബാമെൻഡയും പാക്കിസ്ഥാനിലെ പെഷാവറുമൊക്കെ ഇക്കൂട്ടത്തിൽപ്പെടും.

സ്മോഗ് ഫ്രീ ടവർ
ശുദ്ധവായു അത്യപൂർവ വസ്തുവാകുമ്പോൾ ഓക്സിജൻ കുപ്പികൾ വിപണിയിൽ എത്തുന്നതിൽ എന്തത്ഭുതം? ഭാവിയിൽ കുപ്പിവെള്ളം പോലെ ഇതും സാധാരണമാകും. ഇത്രയും രൂക്ഷമായ വായുമലിനീകരണത്തെ ചെറുക്കാൻ നൂതന മാർഗങ്ങൾ തേടുകയാണ് ലോകം. ബെ‌യ്‌ജിങ്ങിൽ സ്മോഗിനെതിരെ പൊരുതുന്ന സ്മോഗ് ഫ്രീ ടവർ യാഥാർഥ്യമായിക്കഴിഞ്ഞു. ഇതു സ്മോഗിനെ വലിച്ചെടുത്തു ശുദ്ധവായു പുറത്തുവിടും. ബെയ്‌ജിങ്ങിലെ 798 ആർട്സ് ഡിസ്ട്രിക്ടിൽ സ്ഥാപിതമായ ഇത് രൂപകല്പന ചെയ്തത് ഡച്ചുകാരനായ ഡാൻ റൂസ്‌ഗാർഡ് ആണ്. 2015 ൽ ഡച്ച് നഗരമായ റോട്ടർഡാമിലാണ് ഇത്തരമൊരു ടവർ ആദ്യം സ്ഥാപിച്ചത്

കൃത്രിമ മഴ, ആകാശ വനം
സ്മോഗിന്റെ തീവ്രത കുറയ്ക്കാനായി കൃത്രിമ മഴ പെയ്യിക്കാൻ ആലോചിക്കുന്നു എന്ന വാർത്ത കൂട്ടുകാർ ശ്രദ്ധിച്ചു കാണും. സിൽവർ അയഡൈഡ്, ഡ്രൈ ഐസ് (കാർബൺ ഡൈ ഓക്സൈഡിന്റെ ഖര രൂപം) തുടങ്ങിയവ മേഘങ്ങളിൽ വിതറുന്ന ക്ലൗഡ് സീഡിങ് വിദ്യയിലൂടെയാണു മേഘങ്ങളെ പെയ്യിക്കുന്നത്. വായുമലിനീകരണത്താൽ പൊറുതിമുട്ടുന്ന ബെയ്‌ജിങ്ങിലും മറ്റും മലിനീകരണത്തിന്റെ തീവ്രത കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിക്കാറുണ്ട്. അതിരൂക്ഷമായ വായു മലിനീകരണം നിയന്ത്രിക്കാൻ ആകാശത്തു വനങ്ങൾ ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും? വൻ കെട്ടിടങ്ങളിലാണു സസ്യങ്ങൾ വച്ചുപിടിപ്പിക്കുന്നത്. ഓരോ ടവറിലും ആയിരമോ രണ്ടായിരമോ ചെടികളുണ്ടാവും. ചൈനയിലെ നാൻജിങ് നഗരത്തിൽ ഇത്തരം ഗ്രീൻ ടവറുകളുടെ നിർമാണം മുന്നേറിക്കൊണ്ടിരിക്കുകയാണ്.