എവിടെയെങ്കിലും കണ്ടിട്ടുണ്ടോ 'ജീവനുള്ള' മതിലുകൾ | Living Green Wall | Padippura | Manorama Online

എവിടെയെങ്കിലും കണ്ടിട്ടുണ്ടോ 'ജീവനുള്ള' മതിലുകൾ

നവീൻ മോഹൻ

കൊച്ചിയിലെ മെട്രോ തൂണുകൾ ശ്രദ്ധിച്ചിട്ടുള്ളവർക്കറിയാം, ചില തൂണുകൾക്കു ചുറ്റിലും പലതരം ചെടികളും പൂക്കളും ചുറ്റിപ്പടർന്നു കയറിയിട്ടുണ്ടാകും. ചൂമ്മാ കാടുപിടിച്ചു കയറിയതൊന്നുമല്ല. ഓരോ ചെടിയും നല്ല ഭംഗിയായി വെട്ടിയൊതുക്കിയാണ് നിർത്തിയിരിക്കുന്നത്. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ മറ്റൊരു കാര്യം കാണാം, അവയിൽ പലതും തൂണിൽത്തന്നെ ചെരിച്ചു നട്ടിരിക്കുകയാണ്! വെർട്ടിക്കൽ ഗാർഡൻ എന്നാണീ പൂന്തോട്ട തന്ത്രത്തിന്റെ പേര്. വെയിൽ അധികം ആവശ്യമില്ലാത്ത ഇലച്ചെടികളും പലതരം ഓർക്കിഡും ആന്തൂറിയവുമൊക്കെയാണ് ഇങ്ങനെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ മാത്രമല്ല, അങ്ങു ദൂരെ ഇംഗ്ലണ്ടിലെ ബെർമിങ്ങാം നഗരത്തിലും ഇത്തരത്തിൽ ചെരിഞ്ഞ മതിലുകളിൽ ചെടി നട്ടുവളർത്തുന്ന പദ്ധതി ആരംഭിക്കുകയാണ്. ഒന്നും രണ്ടുമല്ല 4550 കോടി രൂപയാണ് ഇതിനു വേണ്ടി സർക്കാർ ചെലവാക്കാനൊരുങ്ങുന്നത്.

വെറുതെ ചെടി നടുന്നതിന് ഇത്രയും ചെലവോ എന്ന് അന്തംവിടാൻ വരട്ടെ. സംഗതി സീരിയസാണ്. ‘ലിവിങ് ഗ്രീൻ വോൾ’ എന്നാണ് ഇത്തരം ‘ചെടിമതിലുകൾ’ക്കു നൽകിയിരിക്കുന്ന പേര്. അവയുടെ ലക്ഷ്യം മറ്റൊന്നുമല്ല, മനുഷ്യനെ അന്തരീക്ഷ മലിനീകരണത്തിൽ നിന്നു രക്ഷിക്കുക. അതെങ്ങനെ ഒരു ചെടിക്ക് മലിനീകരണം തടയാനാകും? അതിനു മുന്‍പ് ഒരു കണക്കു നോക്കാം. ഇംഗ്ലണ്ടിൽ ഓരോ വർഷവും അന്തരീക്ഷ മലിനീകരണം കൊണ്ടു മാത്രം കുറഞ്ഞത് 900 മരണമെങ്കിലും നടക്കുന്നുണ്ട്.

കുട്ടികൾക്കു പല തരത്തിലുള്ള ശ്വാസകോശ രോഗങ്ങളുണ്ടാകാനും ഇതു കാരണമാകുന്നു. മുതിർന്നവരെ ബാധിക്കുന്നതാകട്ടെ കാൻസറും ഹൃദയസംബന്ധിയായ ആസുഖങ്ങളും! ഇതിനുള്ള പരിഹാരമാണ് വെർട്ടിക്കൽ ഗാർഡനുകൾ. ബെർമിങ്ങാമിൽ പലയിടത്തും ഇരുവശത്തും നീളൻ മതിലുകളുള്ള റോഡുകളാണ്. ഇവിടെ ‘കുടുങ്ങുന്ന’ വാഹനങ്ങളിൽ നിന്നുള്ള വിഷവാതകങ്ങളും പൊടിയുമൊന്നും വേറെ എവിടേക്കും പോകാനാതെ അങ്ങനെ കുന്നുകൂടിക്കിടക്കും. ഇതു ശ്വസിക്കുന്നതാണു പ്രശ്നം. പക്ഷേ ഇരുവശത്തുമുള്ള ചുമരുകളിൽ പലതരം പുല്ലും വള്ളിച്ചെടികളും മറ്റും വച്ചുപിടിപ്പിച്ചാലോ? അന്തരീക്ഷത്തിലെ 40 ശതമാനം വരുന്ന നൈട്രജൻ ഓക്സൈഡുകളെ ഇതു വലിച്ചെടുക്കും.

പുകമഞ്ഞിനും ആസിഡ് മഴയ്ക്കുമൊക്കെ കാരണമാകുന്നതാണ് ഈ വാതകം. 60 ശതമാനം വരുന്ന പൊടിപടലങ്ങളെയും ചെടികൾ വലിച്ചെടുക്കും. നഗരത്തിന്റെ പല ഭാഗങ്ങളിലും കെട്ടിടങ്ങളിൽ ഉൾപ്പെടെ ഇത്തരത്തിൽ ‘ജീവനുള്ള’ മതിലുകൾ നിർമിക്കാനാണു സർക്കാർ നീക്കം. ഇംഗ്ലണ്ടിൽ പലയിടത്തും നിലവിൽ ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ വൻതോതിൽ പദ്ധതിയായി നടപ്പാക്കുന്നത് ഇതാദ്യം. വഴിയരികിൽ പരമാവധി മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചുമരുകളിൽ ചെടി നടുന്നത് വ്യാപിപ്പിക്കുകയും ചെയ്താൽ അതുവഴി മാത്രം 30 ശതമാനത്തോളം അന്തരീക്ഷ മലിനീകരണത്തെ തടയാനാകും. ഇങ്ങനെ ബെർമിങ്ങാമിനെ ലോകത്തിലെ ഏറ്റവും മികച്ച ‘ഗ്രീൻ സിറ്റി’യാക്കാനാണ് അധികൃതരുടെ നീക്കം.

ഇതിനു വേണ്ടി ചുമർച്ചെടികൾ മാത്രമല്ല, നഗരത്തിനു നടുവിൽ കുഞ്ഞൻ വനങ്ങളും പാർക്കുകളുമെല്ലാം തയാറാക്കാൻ പദ്ധതിയുണ്ട്. ഒപ്പം ‘സിറ്റി ട്രീസ്’ എന്ന പ്രോജക്ടും. 13 അടി ഉയരമുള്ള ഫ്രെയിമുകളിൽ പായൽ പടർത്തി പലയിടത്തായി സ്ഥാപിക്കുന്നതാണിത്. 275 മരങ്ങൾ ചെയ്യുന്ന ‘ശുദ്ധീകരണ’ ജോലിയാണ് ഒരൊറ്റ ‘പായൽ ട്രീ’ ചെയ്യുക. പൊടിയും അന്തരീക്ഷ മലിനീകരണവും ഏറുന്ന നമ്മുടെ നാട്ടിലും വ്യാപകമായി നടപ്പാക്കാവുന്നതല്ലേ ഇത്തരമൊരു പദ്ധതി? അതിന് വീട്ടിലും സ്കൂളുകളിലും ഒരു പ്രോജക്ട് പോലെ വെർട്ടിക്കൽ ഗാർഡൻ നട്ടു പിടിപ്പിച്ചാലോ? ഒന്നു ശ്രമിച്ചു നോക്കെന്നേ...