ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി; പരിസ്ഥിതി ദിനത്തെ നെഞ്ചിലേറ്റി കുട്ടിക്കൂട്ടം , remembering,the elephant killed, bursting cracker, enviornment daya, Padhippura, Manorama Online

ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി; പരിസ്ഥിതി ദിനത്തെ നെഞ്ചിലേറ്റി കുട്ടിക്കൂട്ടം

ലക്ഷ്മി നാരായണൻ

ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി...
ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി..
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി...
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി ...

നല്ല നാളേയ്ക്കായുള്ള സ്വപ്‌നങ്ങൾ കണ്ടുകൊണ്ട്, പരിസ്ഥിതിക്കുള്ള തന്റെ സമ്മാനമായ ഒരു വൃക്ഷതൈ ഏറെ പ്രതീക്ഷയോടെ മണ്ണിലുറപ്പിക്കുകയാണ് കുരുന്നുകൾ. സ്‌കൂളുകൾ തുറന്നിട്ടില്ല, അതിനാൽ തന്നെ സ്‌കൂളുകളിൽ നടക്കുന്ന പതിവ് പരിസ്ഥിതി ദിനാഘോഷങ്ങളും മരം നടലും ഇല്ല. അധ്യാപകർക്ക് സമാനമായി നിന്ന് പരിസ്ഥിതി ദിനത്തെപ്പറ്റി കൂടുതൽ പറഞ്ഞു മനസിലാക്കാൻ ആളുകളുമില്ല. ആകെയുള്ളത്, ഓൺലൈൻ ക്ലാസുകളിലൂടെയും മാതാപിതാക്കളിൽ നിന്നും ലഭിച്ച അറിവ് മാത്രമാണ്.

ഈ അറിവിന്റെ വെളിച്ചത്തിലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം കുട്ടികൾ ആഘോഷിക്കുന്നത്. വീടിന് മുന്നിലും തൊടിയിലുമായി പരിസ്ഥിതി ദിനത്തിൽ തന്റേതായ മരത്തൈകൾ നടുന്ന തിരക്കിലാണ് കുട്ടിക്കൂട്ടം. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി എട്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളാണ് ഇത്തവണ മരം നടൽ പരിപാടികളിൽ മുന്നിൽ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിന്റെ എല്ലാ ജില്ലകളിലും കുട്ടികൂട്ടത്തിന്റെ വക പച്ചപ്പും ഹരിതാഭയും കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരത്തിൽ മരത്തൈ നട്ട ചില കുരുന്നുകളെ പരിചയപ്പെടാം....

അഗസ്ത്യന് കൂട്ടായി പലവിധം സസ്യങ്ങൾ
നാല് വയസ്സന് തിരുവനന്തപുരം സ്വദേശിയായ അഗസ്ത്യ രാജിന്റെ പ്രായം. ടോം ആൻഡ് ജെറിയും ഡോറയുടെ പ്രയാണവും ഒക്കെ കണ്ട് കളിയും ചിരിയുമായി കഴിയേണ്ട പ്രായം. എന്നാൽ ലോക്ഡൗൺ തുടങ്ങിയ ശേഷം കക്ഷി മുഴുവൻ സമയം വീടിനകത്തല്ല, പുറത്താണെന്നു മാത്രം. അച്ഛൻ ശ്രീഗണേഷ് ലോക്ഡൗണിലെ വിരസത മാറ്റാൻ തൂമ്പയും കൈക്കോട്ടുമായി പറമ്പിലേക്ക് ഇറങ്ങിയപ്പോൾ കൂടെ അഗസ്ത്യനും ഇറങ്ങി. ഈ പരിസ്ഥിതി ദിനത്തെ മുൻനിർത്തി രണ്ടാഴ്ചയ്ക്ക് മുൻപേ കക്ഷി മരം നടലും ചെടികളുടെ പരിപാലനവും എല്ലാം ആരംഭിച്ചു കഴിഞ്ഞു. സ്വന്തം വീട്ടുമുറ്റത്തു സ്വന്തമായി നട്ടു നനച്ചു വളർത്തുന്ന വിവിധയിനം പച്ചക്കറി തൈകളാണ് ഈ പരിസ്ഥിതി ദിനത്തിൽ കുഞ്ഞു അഗസ്ത്യന്റെ സംഭാവന.

കശുമാങ്ങാക്കൊതിയൻ ആദിദേവ്
തൃശൂർ സ്വദേശിയായ ആദിദേവിന് കശുവണ്ടിയോടും കശുമാങ്ങയോടും വലിയ കൊതിയാണ്. അതിനാൽ തന്നെ ഈ പരിസ്ഥിതി ദിനത്തിൽ വീട്ടുമുറ്റത്ത് നട്ടത് ആദി നട്ടത് ഉഗ്രനൊരു കശുമാവിൻ തൈ ആണ്. നാം വിതയ്ക്കുന്നതാണ് വരും തലമുറ കൊയ്തെടുക്കുക എന്ന് അധ്യാപികയായ 'അമ്മ ശരണ്യ ഇപ്പോഴും പറയുന്നത് കേട്ട് ഭവിക്കായുള്ള കറുത്തലായാണ് ആദിദേവിന്റെ മരം നടൽ. മാസങ്ങൾക്ക് മുൻപ് വീട്ടിലെ പറമ്പിൽ ഇരുപതോളം മാവിൻതൈകളും ആദിദേവ് നട്ടിരുന്നു. പ്രകൃതിസ്നേഹം ജൂൺ 5 എന്ന ദിനത്തിൽ മാത്രമായി ഒതുക്കരുത് എന്ന പക്ഷക്കാരനാണ് ആദിദേവ്. പ്രകൃതിയെ ഏറെ സ്നേഹിക്കുന്ന മുത്തശ്ശനാണ് ഇക്കാര്യത്തിൽ ആദിയുടെ ഗുരു.


സുചേതിന്റെ മനസിലുള്ളതൊരു വനം
വയസ്സ് ആറ് തികഞ്ഞതേയുള്ളൂ കൊയിലാണ്ടി സ്വദേശിയായ സുചേതിന്. എന്നാൽ ഇതിനോടകം നട്ടു നനച്ചു വളർത്തിക്കൊണ്ടിരിക്കുന്നത് കുഞ്ഞുകൈകളിൽ എണ്ണിയാൽ തീരാത്തത്ര മരങ്ങളും ചെടികളുമാണ്. പ്രത്യേകതയുള്ള ഓരോ ദിവസങ്ങളിലും സുചേത് ഓരോ മരം വീതം നടും. കൊയിലാണ്ടിയിലെ 'അമ്മ വീടിന് ചുറ്റും ഒരുപാട് സ്ഥലം ഉള്ളതിനാൽ അവിടമാണ് സുചേതിന്റെ കൃഷിയിടം. കാടിന്റെ പച്ചപ്പ് ഏറെ ഇഷ്ടപ്പെടുന്ന ഈ കുരുന്നിനു ധാരാളം മരങ്ങൾ നട്ട് ഒരു കാട് തന്നെ സ്വന്തമായി വളർത്തണം എന്നാണ് ആഗ്രഹം. ഒന്നാം പിറന്നാളിന് നട്ട സപ്പോട്ടയിൽ നിന്നുമായിരുന്നു തുടക്കം. പരിസ്ഥിതി ദിനത്തിലും ഭൗമ ദിനത്തിലും 'അമ്മ ദിനത്തിലുമെല്ലാം സുചേത് മരം നട്ടിട്ടുണ്ട്. മുത്തശ്ശനാണ് ഇക്കാര്യത്തിൽ ഈ കുരുന്നിന്റെ കൂട്ട്. ഇന്ന് കസ്റ്റേർഡ് ആപ്പിൾ ആണ് കക്ഷി നട്ടത്.

തളിർത്ത് പൊടിച്ച്, അഞ്ജനയുടെ മാവിൻ തൈ
മലപ്പുറം തിരൂർ സ്വദേശിയായ അഞ്ജന എ എം യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്‌കൂളിൽ നിന്നുമാണ് അഞ്ജന പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി പഠിച്ചത്. അങ്ങനെ ചെടികളോടും മരങ്ങളോടും കൂട്ടുകൂടി. അതിനു ശേഷം ഓരോ പരിസ്ഥിതി ദിനത്തിലും അഞ്ജന ചെടികൾ നടുന്നത് ശീലമാക്കി. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട മാവിൻ തൈ എന്നും വെള്ളമൊഴിച്ച് പരിചരിക്കുന്നത് ഈ കൊച്ചു മിടുക്കി തന്നെയാണ്. ഇപ്പോൾ അഞ്ജനയെക്കാൾ ഉയരത്തിൽ ഈ മാവിൻതൈ വളർന്നു. ഈ പരിസ്ഥിതി ദിനത്തിലെ ചെടി നടൽ നാട്ടിലെ കനത്ത മഴ കാരണം അടുത്ത ദിവത്തേക്ക് മാറ്റി വച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഇത്തവണ ജൂൺ 5 ന് മനസ്സിൽ ഒരു മരം നടും, മഴമറിയിട്ട് തൊടിയിലും ..അഞ്ജന പറയുന്നു..

അമ്മയ്ക്കായി ലില്ലി പൂക്കൾ
മരം നേടുന്നതിനായി വിശാലമായ പറമ്പും സ്ഥലസൗകര്യങ്ങളും ഇല്ലാത്തവർക്കും പ്രകൃതിയോടുള്ള തന്റെ സ്നേഹം കാണിക്കണ്ട ? ചോദിക്കുന്നത് തൃശൂർ സ്വദേശിയായ അനന്തനാണ്.ആറ് വയസുകാരൻ അനന്തൻ പഠിക്കുന്നത് രണ്ടാം ക്ലാസിലാണ്. സ്ഥലസൗകര്യത്തിന്റെ പരിമിതി മൂലം വീട്ടിൽ ഒരു ലില്ലി ചെടിയാണ് അനന്തൻ നട്ടത്. മണ്ണ് നിറച്ചു ചട്ടിയൊരുക്കി, ചെടി കണ്ടെത്തി നട്ടത് അനന്തൻ തന്നെയാണ്. മാത്രമല്ല, നല്ല നാളേക്കായി മരം നടുന്നവർക്കായി അനന്തൻ ഒരു പാട്ടും പാടി. അനന്തൻസ് പ്ലാന്റ് എന്നാണ് കക്ഷി ഇതിനു പേരിട്ടിരിക്കുന്നത്.

കല്യാണിക്കുട്ടിയുടെ നന്മമരം
കുട്ടികളുടെ മരം നടൽ ചടങ്ങുകൾക്കിടെ വ്യത്യസ്തമായ ഒരു മരം നടീൽ ആയിരുന്നു കോട്ടയം സ്വദേശിയായ കല്യാണി നട്ട പ്ലാവ്. തന്റെ ഒന്നാം പിറന്നാൾ ദിനത്തിലാണ് കല്യാണിക്കുട്ടി വീട്ടു മുറ്റത്തായി പ്ലാവ് നട്ടത്. മരം നടലിന്റെ പ്രാധാന്യത്തെപ്പറ്റിയൊന്നും കുഞ്ഞു കല്യാണിക്ക് അറിയില്ല. എന്നാൽ മരം ഒരു വരം തന്നെയാണ് എന്ന് തൊടിയിലെ മരത്തണലിൽ ഇരിക്കുമ്പോൾ കല്യാണിക്ക് തോന്നുന്നുണ്ട്. അതിനാൽ തന്നെയാവണം അകത്തിരിക്കുന്നതിനേക്കാൾ ഏറെ പുറത്തിരിക്കാൻ ഈ ഒരു വയസുകാരി ഇഷ്ടപ്പെടുന്നതും