വെളിച്ചം തരും പ്ലാസ്റ്റിക് കുപ്പികൾ!!!

റൂബീസ അക്ബർ

വഴിയരികിൽ ഒരു പ്ലാസ്റ്റിക് കുപ്പി കണ്ടാൽ കൂട്ടുകാർ എന്തു ചെയ്യും? കാലുകൊണ്ട് തട്ടിത്തെറിപ്പിക്കും? ശ്രദ്ധിക്കാതെ നടക്കും? എന്നാൽ ഫിലിപ്പീൻസിലെ ലിറ്റർ ഓഫ് ലൈറ്റ് കൂട്ടായ്മയോട് ഇതേ ചോദ്യം ചോദിച്ചാൽ അദ്ഭുതകരമായിരിക്കും അവരുടെ ഉത്തരം– ഒരു വീട് പ്രകാശിപ്പിക്കും. പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് 8.5 ലക്ഷത്തോളം വീടുകൾ പ്രകാശിപ്പിച്ച ലിറ്റർ ഓഫ് ലൈറ്റിന്റെ കഥ ഇങ്ങനെ: വേൾഡ് ബാങ്ക് 2012–13 വർഷത്തെ റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യയുടെ 16 ശതമാനം, ഏകദേശം 1.2 ബില്യൺ ജനങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നുണ്ടായിരുന്നില്ല. ഫിലിപ്പീൻസിലാകട്ടെ ജനസംഖ്യയുടെ 40 ശതമാനത്തിനും പ്രതിദിനം രണ്ടു ഡോളറിൽ താഴെയാണ് വരുമാനം. പലർക്കും വൈദ്യുതി അമിതച്ചെലവായിരുന്നു. വെളിച്ചം അകത്തു കടക്കാത്ത ഇടുങ്ങിയ ഷെഡുകളിലാണ് ഭൂരിഭാഗത്തിന്റെയും താമസം. പകൽ പോലും വെളിച്ചം അത്യാവശ്യം. 2012–13 കാലയളവിൽ ഫിലിപ്പീൻസിൽ ‘മൈ ഷെൽട്ടർ ഫൗണ്ടേഷൻ എന്ന‌ എൻജിഒയുടെ നേതൃത്വത്തിൽ ‘ലിറ്റർ ഓഫ് ലൈറ്റ്’ പദ്ധതി ആരംഭിക്കുന്നതും ഇതുകൊണ്ടുതന്നെ. ചുരുങ്ങിയ ചെലവിൽ പരിസ്ഥിതിക്ക് ഒരു കോട്ടവും തട്ടാതെ പകൽസമയം വീടുകൾക്കുള്ളിൽ വെളിച്ചമെത്തിക്കുന്ന സോളർ പ്ലാസ്റ്റിക് ബൾബുകളായിരുന്നു ഇവർ കണ്ടുപിടിച്ച പോംവഴി. ചുക്കാൻ പിടിച്ചതാകട്ടെ എൻജിഒ സ്ഥാപകൻ ഇലാക് ഡയസും.

സോളർ പ്ലാസ്റ്റിക് ബൾബ് എങ്ങനെ?
പേരിൽ മാത്രമേ ബൾബുള്ളൂ. വെള്ളം, ബ്ലീച്ച്, മെറ്റൽ ഷീറ്റ്, പ്ലാസ്റ്റിക് കുപ്പി എന്നിവ ഉപയോഗിച്ചാണ് നിർമാണം. കുപ്പികളിൽ നിശ്ചിത അളവിൽ വെള്ളവും ബ്ലീച്ചും ചേർക്കും. മെറ്റൽ ഷീറ്റിൽ ദ്വാരമുണ്ടാക്കി കുപ്പി അതിലേക്ക് ഇറക്കും. പശ ഉപയോഗിച്ച് ഒട്ടിക്കും. അതിനു ശേഷം വീടിന്റെ മുകളിൽ സ്ഥാപിക്കും. കുപ്പിയുടെ പകുതി മേൽക്കൂരയ്ക്ക് മുകളിലും പാതി വീടിനകത്തുമായാണ് സ്ഥാപിക്കുക (ചിത്രം നോക്കുക) സൂര്യപ്രകാശം കുപ്പിക്കകത്തെ വെള്ളത്തിൽ തട്ടുമ്പോൾ അപവർത്തനവും (റിഫ്രാക്‌ഷൻ) സമ്പൂർണ ആന്തരിക പ്രതിഫലനവും സംഭവിക്കുന്നു. അപ്പോൾ വെള്ളത്തിൽ തട്ടുന്ന സൂര്യപ്രകാശം കൂടുതൽ തീവ്രതയോടെ പ്രതിഫലിക്കും. ഇതു വഴിയാണ് വീടിനകത്ത് വെളിച്ചം ലഭിക്കുന്നത്. ഡയമണ്ട് തിളങ്ങുന്നതുമായി ഇതു താരതമ്യം ചെയ്യാം. സ്ഫടികത്തിനകത്ത് പ്രവേശിക്കുന്ന പ്രകാശം പ്രതിഫലനം, അപവർത്തനം എന്നീ പ്രതിഭാസങ്ങൾ മൂലം കൂടുതൽ തീവ്രതയോടെ പ്രകാശിക്കും. പുറത്തു നിന്ന് നോക്കുന്നയാൾക്ക് ഡയമണ്ട് തിളങ്ങുന്നതായി തോന്നും. സ്ഫടികം എത്ര സ്വച്ഛമാണോ അത്ര കൂടുതലായിരിക്കും വെളിച്ചത്തിന്റെ തീവ്രത. അതുപോലെ വെള്ളം എത്ര പരിശുദ്ധമാണോ അത്ര കൂടുതലായിരിക്കും സോളർ ബൾബിന്റെ പ്രകാശവും. ബ്ലീച്ച് ഉപയോഗിക്കുന്നത് വെള്ളത്തിലെ അണുക്കളെ നശിപ്പിച്ച് ശുദ്ധീകരണം നടത്താനാണ്.

ഫിലിപ്പീൻസിൽ 25,000 വീടുകളിൽ നിലവിൽ ഇത്തരത്തിലുള്ള ‘സോളർ ബൾബുകൾ’ പ്രകാശിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇരുപതോളം രാജ്യങ്ങളിൽ ലിറ്റർ ഓഫ് ലൈറ്റിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.‘എപ്പോഴും വികസിത രാജ്യങ്ങളെ ആശ്രയിച്ച് കഴിയരുത്. വികസിത രാജ്യങ്ങളിലെ സാങ്കേതികവിദ്യകൾ ഞങ്ങൾക്ക് താങ്ങാനാവില്ല. അത് താങ്ങാനാവുന്ന കാലം വരെ കാത്തിരിക്കാനും സാധിക്കില്ല. അതിനാൽ ഇത്തരം ആശയങ്ങളെ ആശ്രയിക്കുകയേ വഴിയുള്ളൂ’– മൈ ഷെൽട്ടർ ഫൗണ്ടേഷൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.

പദ്ധതി വഴി അനേകം പേർക്ക് തൊഴിലും ലഭിച്ചു. ‘പ്ലാസ്റ്റിക് ബൾബുകൾ നിർമിക്കാനും അവ സ്ഥാപിക്കാനും ഓരോ സ്ഥലത്തുംനിശ്ചിത അംഗങ്ങളുള്ള കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്. ഇതിനു പിന്നിലുള്ള ശാസ്ത്രം അവരെ പഠിപ്പിക്കും. ഒപ്പം അവർക്കൊരു തൊഴിലുമാവും– മൈ ഷെൽട്ടർ ഫൗണ്ടേഷൻ സ്ഥാപകൻ ഇലാക് ഡയസ് പറയുന്നു. 2013ൽ തൃപ്തി അഗർവാൾ‌ എന്ന സാമൂഹികപ്രവർത്തകയുടെ നേതൃത്വത്തിൽ ലിറ്റർ ഓഫ് ലൈറ്റിന്റെ ഇന്ത്യൻ ഘടകം ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു.