അവർക്കുമുണ്ട് കുടുംബം

എസ് ജ്യോതിനാഥ വാര്യർ

ലോകത്ത് ഏഴായിരത്തോളം ഭാഷകൾ ഇന്നു പ്രചാരത്തിലുള്ളതായി കണക്കാക്കുന്നു. ഈ ഭാഷകളെ പ്രകൃതികൾ, പ്രത്യയങ്ങൾ, പ്രകൃതിപ്രത്യയയോഗം, വാക്യഘടന, വ്യാകരണ കാര്യങ്ങൾ എന്നിവയിലുള്ള സാദൃശ്യത്തെ അടിസ്ഥാനമാക്കി പല ഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്. ഒരു ഭാഷയിൽ മറ്റൊരു ഭാഷയിൽനിന്ന് ആശയപ്രകാശനോപാധികളും പദങ്ങളു‍ം മറ്റും സ്വീകരിച്ചെന്നുവരാം. ഇതുകൊണ്ടുണ്ടാകുന്ന ബാഹ്യമായ സമാനതകൾ കണ്ടിട്ട് ആ രണ്ടു ഭാഷകളും ഒരേ കുടുംബത്തിൽപെട്ടതാണെന്നു പറയാനാവില്ല. രണ്ടു ഭാഷകളിലെയും വ്യാകരണകാര്യങ്ങളിൽ സമാനതയുണ്ടെങ്കിലേ രണ്ടും ഒരേ ഗോത്രമാണെന്നു പറയാനാവൂ. നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന സാധാരണപദങ്ങൾ, ശരീരാവയവങ്ങൾ, വളർത്തുമൃഗങ്ങൾ, ആഹാരസാധനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെക്കുറിക്കുന്ന വാക്കുകൾ, സംഖ്യാനാമങ്ങൾ ചുറ്റും കാണുന്ന വസ്തുക്കളുടെ പേരുകൾ, സർവനാമങ്ങൾ, ക്രിയാപദങ്ങൾ തുടങ്ങി പലതിലുമുള്ള സമാനസ്വഭാവം നോക്കിയാണു രണ്ടു ഭാഷകൾ ഒരേ കുടുംബത്തിൽപെട്ടതാണോ അല്ലയോ എന്നു നിശ്ചയിക്കുന്നത്. ബാഹ്യമായ സാദൃശ്യമല്ല ആന്തരികമായ സാദൃശ്യമാണു രണ്ടു ഭാഷകൾ ഒരേ ഗോത്രത്തിലുള്ളവയാണെന്നു നിശ്ചയിക്കുന്നതിന് അടിസ്ഥാനം. ലോകഭാഷകളെ പ്രധാനപ്പെട്ട പല ഗോത്രങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഈ ഭാഷാകുടുംബങ്ങളെപ്പറ്റി ചെറിയൊരു വിവരണം നൽകാം.

ഇൻഡോ–യൂറോപ്യൻ ഗോത്രം
ഭാഷാഗോത്രങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഗോത്രമാണ് ഇൻഡോ–യൂറോപ്യൻ ഗോത്രം. ഇന്ത്യയിലും യൂറോപ്പിലും സംസാരിച്ചുവരുന്ന മിക്ക ഭാഷകളും ഈ ഗോത്രത്തിൽപെടുന്നു. ഇംഗ്ലിഷ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഗ്രീക്ക്, ഇറ്റാലിയൻ, റഷ്യൻ തുടങ്ങിയ വിദേശഭാഷകളും ഹിന്ദി, മറാത്തി, ഗുജറാത്തി, ബംഗാളി, പഞ്ചാബി തുടങ്ങിയ ഇന്ത്യൻ ഭാഷകളും സംസ്കൃതവും ഈ മഹാഗോത്രത്തിന്റെ ശാഖകളാണ്. ശബ്ദങ്ങളുംഅവയുടെ പരസ്പര ബന്ധത്തെക്കുറിക്കുന്ന പ്രത്യയങ്ങളും അന്യോന്യം വേർപെടുത്താനാകാത്തവിധം കൂടിച്ചേർന്നിരിക്കുന്ന ഭാഷകളാണ് ഇതിൽ കാണുക. ഇതിന് ഇംഗ്ലിഷ്, പ്രെസിയൻ കെൽറ്റിക്, റൊമൻസ്, സ്ലാവിക്, ഗ്രീക്, ഇൻഡോ–ഇറാനിയൻ എന്നിങ്ങനെ ആറു പ്രധാന ശാഖകളുണ്ട്.

സെമിറ്റിക് ഗോത്രം
ഇൻഡോ–യൂറോപ്യൻ ഗോത്രം കഴിഞ്ഞാൽ ഭാഷാഗോത്രങ്ങളിൽ അടുത്തസ്ഥാനം സെമിറ്റിക് ഗോത്രത്തിനാണ്. ഹീബ്രു, ഫിനിഷ്യൻ, അറബിക്, സിറിയൻ എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന ഭാഷകൾ. അസീറിയൻ ഭാഷയും സുമേറിയൻ ഭാഷയും ഈ കുടുംബത്തിലുൾപ്പെടുന്നു. പ്രാചീന ഹീബ്രു ഭാഷയോടു സാദൃശ്യമുള്ളതാണ് ഈ ഗോത്രത്തിലെ ഫിനിഷ്യൻ ഭാഷ. ആദ്യമായി ലിപിസമ്പ്രദായം ഉണ്ടായ ഭാഷയെന്ന നിലയ്ക്ക് ഇതു പ്രാധാന്യമർഹിക്കുന്നു. പഴയ വേദപുസ്തകത്തിലെ ഭാഷ ഹീബ്രുവാണ്. മൂന്നു വ്യഞ്ജനങ്ങൾ ചേർന്ന ധാതുക്കൾ ഇതിന്റെ പ്രത്യേകതയാണ്. വിഭക്തി ബന്ധങ്ങൾ കാണിക്കാൻ ശബ്ദങ്ങളിൽ ആഭ്യന്തരമായ വികാരങ്ങൾ വരുത്തുന്നു.

ഹോമിറ്റിക് ഗോത്രം
വ്യാപ്തിയും വൈവിധ്യവും കൊണ്ട് സെമിറ്റിക്, ഇൻഡോ–യൂറോപ്യൻ ഗോത്രങ്ങളെ അതിശയിക്കുന്ന ഒരു ഭാഷാ കുടുംബമാണിത്. മെഡിറ്ററേനിയൻ വർഗക്കാരാണ് ഈ ഭാഷകൾ സംസാരിക്കുന്നത്. ഈജിപ്ഷ്യൻ, എത്യോപ്യൻ ഭാഷകൾ ഈ ഗോത്രത്തിൽപെടുന്നു. ചിലർ ഈ ഗോത്രത്തെ സെമിറ്റിക് ഗോത്രത്തോടു ബന്ധപ്പെടുത്തി സെമിറ്റിക് ഹോമിറ്റിക് ഗോത്രം എന്നും പറയാറുണ്ട്. ആഫ്രോ–ഏഷ്യാറ്റിക് ഗോത്രം എന്നും ഇതിനു പേരു പറയുന്നുണ്ട്.

തെക്കുകിഴക്കൻ ഏഷ്യാറ്റിക് ഗോത്രം
ഏഷ്യയുടെ കിഴക്കും തെക്കുകിഴക്കും സംസാരിക്കുന്ന ഭാഷകൾ ഈ ഗോത്രത്തിൽപെടുന്നു. ചൈനീസ്, ബർമീസ്, സയാമീസ്, ടിബറ്റൻ മുതലായവയാണ് ഇതിലുൾപ്പെട്ട പ്രധാന ഭാഷകൾ. പ്രാകൃത സ്വഭാവം പ്രദർശിപ്പിക്കുന്ന ഈ ഭാഷകളിൽ ഏകാക്ഷരമുള്ള പ്രകൃതികൾ മാത്രമേയുള്ളൂ. ഒരു പദം നാമമോ ക്രിയയോ വിശേഷണമോ എന്നു വിവേചിച്ചറിയുന്നതിന് വാക്യത്തിൽ അതിനു മറ്റു പദങ്ങളോടുള്ള ബന്ധമെന്തെന്ന് അറിയണം. ഈ ഗോത്രത്തിനു ടിബറ്റോ ചൈനീസ്, സിനോ ടിബറ്റൻ എന്നെല്ലാം പേരുകൾ പറഞ്ഞുകാണുന്നു.

യുറാൾ–അൾടെയ്ക്ക് ഗോത്രം
യുറാൾ, അൾട്ടറേറ്റ് എന്നീ പർവതനിരകൾ വരെയുള്ള പ്രദേശങ്ങളിൽ പ്രചരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പേരുണ്ടായത്. ടുറേനിയൻ, സിഥിയൻ എന്നെല്ലാം ഇതിനു പേരുണ്ട്. ഫിൻലൻഡ്, നോർവേ, സ്വീഡൻ, ഹംഗറി, ടർക്കി, വടക്കൻ റഷ്യ, മംഗോളിയ മുതലായ രാജ്യങ്ങളിലെ ഭാഷകൾ ഈ ഭാഷാകുടുംബത്തിലെ അംഗങ്ങളാണ്. ഇതരഗോത്രങ്ങളിൽപെട്ട ഭാഷകളുടെ സമ്പർക്കംകൊണ്ട് ഈ ഭാഷകൾക്കു വലിയ പരിവർത്തനം സംഭവിച്ചിട്ടുണ്ട്.

ആസ്ട്രിക് ഗോത്രം
ഭാഷാഗോത്രങ്ങളിൽ ദേശവ്യാപ്തികൊണ്ടു പ്രഥമസ്ഥാനമർഹിക്കുന്ന ഗോത്രമാണിത്. ആഫ്രിക്കയുടെ കിഴക്കേ തിരത്തുള്ള മഡഗാസ്കർ മുതൽ ശാന്തസമുദ്രത്തിലെ‍ ഇസ്ഫേർ ദ്വീപുവരെയും ഫോർമോസാ മുതൽ ന്യൂസീലൻഡ് വരെയുള്ള പസിഫിക് മേഖലയിലും ഈ ഭാഷാകുടുംബം വ്യാപിച്ചു കിടക്കുന്നു. ഇന്തൊനീഷ്യൻ, പോളിനേഷ്യൻ, മെലനേഷ്യൻ എന്നീ ഭാഷകളും ആസ്ട്രോ–ഏഷ്യാറ്റിക് ഭാഷാ സംഘാതവും ചേർന്നതാണ് ഈ ഗോത്രം. ആര്യഭാഷകൾക്കും ദ്രാവിഡ ഭാഷകൾക്കും അതിപ്രാചീനകാലത്ത് ആസ്ട്രിക് ഗോത്രത്തിലെ ഭാഷകളോടു ബന്ധമുണ്ടായിരുന്നു. മലയോ പോളിനേഷ്യൻ ഗോത്രമെന്നും പേരുണ്ട്.

ആഫ്രിക്കൻ നീഗ്രോ ബാന്തു ഗോത്രം
ദക്ഷിണാഫ്രിക്കയിൽ ഭൂരിഭാഗത്തും വ്യാപിച്ചുകിടക്കുന്ന നൂറ്റൻപതിൽപരം ഭാഷകൾ ഈ ഗോത്രത്തിൽ ഉൾപ്പെടുന്നു. സംശ്ലിഷ്ട കക്ഷ്യയുടെ സ്വഭാവമാണ് ഈ ഭാഷകൾക്കുള്ളത്. ഉപസർഗ സംശ്ലേഷണം ഈ ഗോത്രത്തിന്റെ പ്രത്യേകതയാണ്. വ്യാകരണപരമായ ലിംഗവ്യവസ്ഥയുടെ അഭാവം ദ്രാവിഡത്തിലെപ്പോലെ ബാന്തുഗോത്രത്തിലുണ്ട്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഷ ‘സ്വാഹിലി’യാണ്. നേരത്തേ അറബിലിപികൾ ഉപയോഗിച്ച സ്ഥാനത്ത് ഇന്നു റോമൻലിപികൾ ഉപയോഗിക്കുന്നു.

ദ്രാവിഡ ഗോത്രം
നമ്മുടെ മാതൃഭാഷയായ ‘മലയാളം’ ഉൾക്കൊള്ളുന്ന ഭാഷാകുടുംബമാണു ദ്രാവിഡം. ദക്ഷിണേന്ത്യയിൽ സംസാരിക്കുന്ന പ്രധാന ഭാഷകളെല്ലാം ഈ ഗോത്രത്തിൽപെടുന്നു. തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ സമ്പുഷ്ടഭാഷകളും ഗോണ്ഡി, കൂയി, മാൾട്ടോ, തോഡ, കുറുഖ്, കോലായി, ബ്രാഹൂയി തുടങ്ങിയ അസമ്പുഷ്ട ഭാഷകളും ദ്രാവിഡ ഗോത്രത്തിൽപെടുന്നു. ഇന്ത്യയിലെ ഭാഷാഗോത്രങ്ങളിൽ ദ്രാവിഡത്തിനു രണ്ടാം സ്ഥാനമുണ്ട്. ഭാഷയിലും സാഹിത്യത്തിലും വികാസം പ്രാപിച്ചവ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഇവയാണ്. അതുകൊണ്ട് അവയെ സമ്പുഷ്ടഭാഷകളായി കണക്കാക്കുന്നു. മേൽവിവരിച്ച പ്രധാന ഗോത്രങ്ങളെക്കൂടാതെ കക്കേഷ്യൻ ഭാഷാസംഘം, അമേരിക്കൻ ഭാഷാസംഘം തുടങ്ങിയ ചില ഭാഷാസമൂഹങ്ങളുണ്ട്. ഇവ ഏതു ഗോത്രത്തിൽപെടുന്നവയാണെന്നു നിശ്ചയിക്കുക വിഷമകരമാണ്. അതുപോലെ ഗ്രീൻലൻഡ്, മെക്സിക്കോ, മധ്യഅമേരിക്ക, ബാസ്ക് ഭാഷകൾ, ജപ്പാനീസ്, കൊറിയൻ ഭാഷകൾ തുടങ്ങിയവയുടെയും ഗോത്രം പൂർണമായി നിർണയിക്കാൻ ഭാഷാശാസ്ത്രജ്ഞർക്കു കഴിഞ്ഞിട്ടില്ല.