സൗരയൂഥത്തിനു പുറത്ത്, ഭൂമിയേക്കാളും വലിയൊരു ദുരൂഹ ‘ഗ്രഹം’; പക്ഷേ..., Kuiper Belt, Planet 9, Padhippura, Manorama Online

സൗരയൂഥത്തിനു പുറത്ത്, ഭൂമിയേക്കാളും വലിയൊരു ദുരൂഹ ‘ഗ്രഹം’; പക്ഷേ...

ലോകത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏതാണ്? 2016 ഓഗസ്റ്റ് വരെ എല്ലാവർക്കും ഈ ചോദ്യത്തിന് ഒരുത്തരമേയുണ്ടായിരുന്നുള്ളൂ– പ്ലൂട്ടോ. പക്ഷേ 2016ല്‍ ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയൻ(ഐഎയു) പ്ലൂട്ടോയെ തരംതാഴ്ത്തിക്കളഞ്ഞു. അതായത്, പ്ലൂട്ടോയ്ക്ക് ഒരു ഗ്രഹത്തിനു വേണ്ട സവിശേഷതകളൊന്നും ഇല്ലെന്നു പറഞ്ഞു ‘കുള്ളൻ ഗ്രഹമായി’ തരംതാഴ്ത്തി. ഇപ്പോൾ ബുധനാണ് സൗരയൂഥത്തിലെ കുഞ്ഞൻ ഗ്രഹം. പക്ഷേ 2016നും മുൻപേ തന്നെ സൗരയൂഥത്തിനു പുറത്ത് ഒരു ഒൻപതാമൻ ഉണ്ടായിരുന്നു എന്നതാണു സത്യം. ‘പ്ലാനറ്റ് 9’ എന്നാണ് അതിനു ശാസ്ത്രലോകം നൽകിയിരിക്കുന്ന പേരും. ഇന്നേവരെ പക്ഷേ ഈ ഗ്രഹത്തെ ആരും കണ്ടിട്ടില്ലെന്നു മാത്രം.

സൗരയൂഥത്തില്‍ നിന്നു മാറി ദൂരെ എവിടെയോ ചുറ്റിക്കറങ്ങുന്ന ഈ ഗ്രഹം ഗുരുത്വാകർഷണ ബലം പ്രയോഗിച്ച് ചുറ്റിലുമുള്ള വസ്തുക്കളെ ‘വലിച്ചെടുക്കുന്നതിന്റെ’ സൂചനകളൊക്കെ ഗവേഷകർക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. എവിടെയിരുന്നാണ് പ്ലാനറ്റ് 9ന്റെ ഈ ഒളിച്ചുകളിയെന്നു പക്ഷേ ഇന്നും അജ്ഞാതം. എന്തായാലും പ്ലാനറ്റ് 9 ഉണ്ടെന്നും അത് ഭൂമിയേക്കാളും അഞ്ചിരട്ടി ഭാരമുള്ളതുമാണെന്നുമുള്ള ഏറ്റവും പുതിയ കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്ലാനറ്ററി സയൻസ് അധ്യാപകനായ കോൺസ്റ്റന്റൈൻ ബേറ്റിജിനും സംഘവുമാണു പുതിയ വാദവുമായി രംഗത്തു വന്നിരിക്കുന്നത്.

പ്ലാനറ്റ് 9 എന്നത് ഒരു സൂപ്പർ എർത്ത് ആണെന്നാണ് അദ്ദേഹത്തിന്റെ പഠനം. ഭൂമിയേക്കാൾ വലുപ്പമുള്ള ഗ്രഹസമാന ബഹിരാകാശവസ്തുക്കളെയാണ് സൂപ്പർ എർത്ത് എന്നു വിളിക്കുന്നത്. ഇവയ്ക്കു പക്ഷേ ശനിയുടെയോ വ്യാഴത്തിന്റെയോ അത്രയൊന്നും വലുപ്പമുണ്ടാകില്ല. മാത്രവുമല്ല ഗ്രഹം നിറയെ പാറക്കൂട്ടങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്തുകൊണ്ടാണ് പ്ലാനറ്റ് 9 സത്യമാണെന്നു പറയുന്നത് എന്നതായിരുന്നു കോൺസ്റ്റന്റൈനിന്റെ പഠന വിഷയം. നെപ്റ്റ്യൂൺ ഗ്രഹവും കടന്ന് സൗരയൂഥത്തിനു പുറത്ത് പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കൈപെർ ബെൽറ്റ് എന്നാണു പേര്. സൂര്യനിൽ നിന്ന് ഏറെ ദൂരെയായതിനാൽ മഞ്ഞും മറ്റും നിറഞ്ഞ ചെറു ഗ്രഹങ്ങളാണ് ഇവിടെയുള്ളത്. ഇവയെ ‘പിടിച്ചുവലിക്കുന്ന’ എന്തോ ഒരു ശക്തി ഉണ്ടെന്നാണു ഗവേഷണത്തിൽ തെളിഞ്ഞത്. വിദൂരതയിലുള്ള പ്ലാനറ്റ് 9ന്റെ ഗുരുത്വാകർഷണ ശക്തിയാണിതെന്നാണു പറയപ്പെടുന്നത്.

ഈ ദുരൂഹ ഗ്രഹത്തെപ്പറ്റി ഇതുവരെയിറങ്ങിയ എല്ലാ പഠനങ്ങളും ഗവേഷകർ ക്രോഡീകരിച്ചിരുന്നു. നെപ്റ്റ്യൂണിനു പുറത്തു ചുറ്റിക്കറങ്ങുന്ന പാറകളുടെയും മറ്റും ഭ്രമണപഥത്തിൽ വന്ന മാറ്റവും ശ്രദ്ധിച്ചു. എല്ലാറ്റിലും കാര്യമായ വ്യത്യാസം സംഭവിക്കുന്നതായി മനസ്സിലായി. നേരത്തെ കണ്ടെത്തിയതിൽ നിന്നു മാറി പുതിയ പാറകളും മറ്റു ബഹിരാകാശ വസ്തുക്കളും നെപ്റ്റ്യൂണിനു പുറത്ത് എത്തിച്ചേരുന്നുണ്ട്. ഇതെല്ലാം എങ്ങനെയെത്തി? ഒരുപക്ഷേ പ്ലാനറ്റ് 9ന്റെ സ്വാധീനം കാരണം അല്ലെങ്കിൽ മഞ്ഞ് കൂടിച്ചേർന്ന ബഹിരാകാശ വസ്തുക്കൾ നിറഞ്ഞ ‘ഡിസ്ക്’ പോലുള്ള ഒരു പ്രദേശത്തു നിന്ന്. രണ്ടിലൊന്നാണ് ഇതെല്ലാം ഒപ്പിക്കുന്നതെന്നത് ഉറപ്പ്. എന്നാല്‍ സൂര്യനിൽ നിന്ന് ഏറെ ദൂരെയായതിനാല്‍ പ്ലാനറ്റ് 9 കണ്ടെത്താൻ ബുദ്ധിമുട്ടാണ്. വർഷങ്ങളെടുത്താലും പക്ഷേ കണ്ടെത്താമെന്നാണ് കോൺസ്റ്റന്റൈന്റെ വാദം.

Summary : Kuiper Belt, Planet 9