പാമ്പിനെ വരെ ഭക്ഷിക്കുന്ന ഭീമൻ പല്ലി!

നന്ദകുമാർ ചേർത്തല

കൊമോഡോ ഡ്രാഗൺ (ഭീമൻ പല്ലി) ആണ് ഇന്ന് ജീവിച്ചിരിക്കുന്ന പല്ലി വർഗങ്ങളിൽ ഏറ്റവും വലുത്. ഇവയെ കണ്ടെത്തിയിട്ട് 100 വർഷങ്ങളേ ആയിട്ടുള്ളു. ഇന്തൊനീഷ്യയിലെ 4 ദ്വീപുകളായ Komodo, Flores, Rinca, Gili Montang എന്നീ സ്ഥലങ്ങളിലാണ് ഇവയുടെ ഉൽപത്തി എന്നു കരുതുന്നു. ആദ്യമായി കൊമോഡോ ദ്വീപിൽ കണ്ടെത്തിയ ഈ പല്ലികൾക്ക് കൊമോഡോ ഡ്രാഗൺ എന്ന പേര് കിട്ടി. അതിനു മുമ്പ് ഭീമൻ പല്ലികളെ കുറച്ചു കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു.

.carnivores അഥവാ മാംസഭുക്കുകളാണ് ഭീമൻ പല്ലികൾ. പിടിക്കുവാൻ പറ്റുന്ന എല്ലാ ജീവികളെയും ഭക്ഷിക്കും. ഭക്ഷണത്തിൽ മുഖ്യമായും പന്നികൾ , പാമ്പുകൾ, മാനുകൾ മത്സ്യങ്ങൾ, പോത്തുകൾ എന്നിവ ഉൾപ്പെടുന്നു. വലിയ പല്ലികൾ ചിലപ്പോൾ ചെറിയ പല്ലികളെയും ഭക്ഷിക്കാറുണ്ട്.

.ഈ പല്ലികളുടെ നാക്ക്, ചില പാമ്പുകളുടെ നാക്ക് പോലെ അറ്റം രണ്ടായി പിളർന്നിരിക്കും. പല്ലികൾ തങ്ങളുടെ നാക്കിന്റെ സഹായത്താലാണ് ഇരകളുടെ സാമീപ്യം മനസ്സിലാക്കുന്നത്. 4 കിലോ മീറ്റർ അകലെയുള്ള ഇരകളെ വരെ ഇവ തിരിച്ചറിയും..വലിയ ഇരകളെ കൊല്ലാൻ ഇവ ഒരു പ്രത്യേക തന്ത്രമാണ് പ്രയോഗിക്കുന്നത്. ഇരയുടെ അടുക്കൽ പതുങ്ങിച്ചെന്നു കാലുകളിലോ മറ്റോ ഒറ്റ കടി കൊടുത്തു തിരിച്ചു പോകുന്നു. ഈ പല്ലികളുടെ ഉമിനീരിൽ ധാരാളം ബാക്റ്റീരിയകൾ അടങ്ങിയിട്ടുണ്ട്..മുറിവേറ്റ ഭാഗത്തു രക്തം കട്ട പിടിക്കാതിരിക്കുന്നതിനുള്ള ഒരുതരം വിഷദ്രവ്യം ഇവയുടെ ഉമിനീരിൽ ഉണ്ടത്രേ. കടിയേറ്റ മൃഗം 24 മണിക്കൂറിനുള്ളിൽ രക്തം വാർന്നു മരിക്കുന്നു. അതോടെ കൊമോഡോ ഡ്രാഗൺ വന്നു തന്റെ വലിയ ഇരയെ ഭക്ഷിച്ചു തീർക്കുന്നു.

.കൊമോഡോ ഡ്രാഗണുകൾ ശീത രക്ത ജീവികളാണ്. കൂടുതൽ സമയവും വെയിൽ കൊണ്ട് ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിനായി ശ്രദ്ധ കാണിക്കുന്നു . മഴക്കാലങ്ങളിൽ ഇവ തങ്ങളുടെ മാളങ്ങളിൽ തന്നെ കഴിഞ്ഞു ശരീര താപനില കാത്തുസൂക്ഷിക്കുന്നു.

.നിലത്തു കുഴികൾ ഉണ്ടാക്കി ഇവ അതിൽ മുട്ടകൾ നിക്ഷേപിക്കുന്നു. ജനിച്ചയുടൻ കുഞ്ഞുങ്ങൾ മരങ്ങളിൽ കയറി അവിടെ താമസം തുടങ്ങുന്നു. വലിയ ഡ്രാഗണുകൾ തങ്ങളെ ഭക്ഷിക്കാതിരിക്കുന്നതിനു വേണ്ടിയാണത്രെ ഈ കുഞ്ഞു ഡ്രാഗണുകൾ മരത്തിൽ കഴിയുന്നത്. വളരുമ്പോൾ മരത്തിൽ കയറുവാനുള്ള കഴിവ് നഷ്ടപ്പെടും. ഇവ ഇരതേടി നടക്കുന്നത് പകൽ സമയങ്ങളിലാണ് . രാത്രി കാഴ്ച ശക്തി നന്നേ കുറവാണ്.. ശ്രവണ ശക്തിയും കുറവാണ്.