അതിർത്തിയില്ലാത്ത രാജ്യസ്നേഹം

ഡോ.കെ.സി. വിജയരാഘവന്‍

ദ്വിരാഷ്ട്ര വാദത്തെ ശക്തമായി എതിർത്ത ദേശീയവാദിയും സ്വാതന്ത്ര്യസമര നേതാവുമാണ് ഖാൻ അബ്ദുൽ ഗഫാർ ഖാൻ. 1890ൽ പെഷാവറിനടുത്തുള്ള ഉത്‌മൻസായ് ഗ്രാമത്തിലാണ് ഖാൻ ജനിച്ചത്. ഹിന്ദു–മുസ്‌ലിം ഐക്യത്തിനുവേണ്ടി നിലകൊണ്ട ഈ ഗാന്ധിശിഷ്യൻ ‘അതിർത്തി ഗാന്ധി’ എന്ന പേരിൽ അനശ്വരനായി. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ നടന്ന ഒട്ടേറെ പോരാട്ടങ്ങൾക്കു ധീരനായ ആ പോരാളി നേതൃത്വം നൽകി. 1924ൽ അതിർത്തി പ്രദേശങ്ങളിൽ മതലഹളകൾ വ്യാപിച്ചപ്പോൾ ശാന്തിസന്ദേശവുമായി ഗഫാർ ഖാൻ രംഗത്തിറങ്ങി.

ബാല്യകാലത്തുതന്നെ ദേശീയപ്രസ്ഥാനം ഗഫാർ ഖാനെ ആകർഷിച്ചു. രാജ്യസേവനത്തിനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. ഗ്രാമീണരെ അറിവില്ലായ്മയിൽനിന്ന് അറിവിന്റെ ലോകത്തെത്തിക്കുവാൻ ഖാൻ ‘ദാറുൽ ഉലും’ എന്ന സംഘടന രൂപീകരിച്ചു. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന പഠാൻ ഗോത്രവർഗക്കാരെ വിദ്യാഭ്യാസത്തിലൂടെ ഉണർത്തുവാൻ ഖാൻ പ്രയത്നിച്ചു. അദ്ദേഹം രൂപംനൽകിയ ‘ഖുദായി ഖിദ്മത്ഗാർ’ എന്ന സംഘടന സ്ത്രീവിദ്യാഭ്യാസത്തിനും അയിത്തോച്ചാടനത്തിനും പ്രാധാന്യം നൽകി. 1919ൽ റൗലറ്റ് വിരുദ്ധ സമരത്തിലൂടെ സ്വാതന്ത്ര്യസമരത്തിനിറങ്ങിയ ഖാൻ 1920ൽ നിസ്സഹകരണ സമരത്തിനു നേതൃത്വം നൽകി.

ഗാന്ധിമാർഗം സ്വീകരിച്ച ഖാൻ അഹിംസയുടെയും സഹിഷ്ണുതയുടെയും പാതയിലൂടെ സഞ്ചരിച്ചു. ബ്രിട്ടിഷ് സാമ്രാജ്യശക്തി ഗഫാർഖാനെ ഭയപ്പെട്ടു. അദ്ദേഹം ആരംഭിച്ച ‘പഖ്തൂൺ’ എന്ന മാസിക ബ്രിട്ടൻ നിരോധിച്ചു.1942ൽ ഗാന്ധിജിയുടെ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനമനുസരിച്ച് അതിർത്തിപ്രദേശങ്ങളിൽ ‘ക്വിറ്റ് ഇന്ത്യ’ സമരം നയിക്കാനും ഗാന്ധിജിയുടെ പ്രിയപ്പെട്ട ശിഷ്യൻ മുൻപന്തിയിലുണ്ടായിരുന്നു. ഇന്ത്യാ വിഭജനവും വർഗീയ കലാപങ്ങളുമെന്നപോലെ മഹാത്മജിയെ അത്യധികം വേദനിപ്പിച്ച മറ്റൊരു കാര്യം പാക്കിസ്ഥാനിൽനിന്നു ഗഫാർഖാൻ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെപ്പറ്റിയുള്ള ചിന്തയായിരുന്നു.

ഹിംസാവാദികളായ പഠാൻകാരെ മാറ്റിയെടുത്ത് അഹിംസയിലധിഷ്ഠിതമായ ദേശീയ പ്രസ്ഥാനത്തിൽ അണിനിരത്തിയ ദേശസ്നേഹിയായിരുന്നു ഗഫാർ ഖാൻ.ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ മഹാത്മജിയുടെ പ്രിയപ്പെട്ട ശിഷ്യൻ ഇന്ത്യയെയും കോൺഗ്രസിനെയും ഗാന്ധിജിയെയും ജീവനുതുല്യം സ്നേഹിച്ചു. ബ്രിട്ടന്റെ ഭരണം അവസാനിക്കുന്നതോടെ അതിർത്തിദേശങ്ങൾ ഇന്ത്യയിൽ ചേരുമെന്നോ, അല്ലെങ്കിൽ പഠാൻകാരുടെ പ്രദേശങ്ങൾക്കു സ്വതന്ത്രഭരണം നൽകുമെന്നോ ഖാൻ പ്രതീക്ഷിച്ചു. എന്നാൽ ആ പ്രതീക്ഷ തകർന്നു. അതിർത്തി പ്രദേശങ്ങൾ പാക്കിസ്ഥാന്റെ കയ്യിലായി. വിഭജനത്തെ തുടർന്നു ഖാന് പാക്കിസ്ഥാനിൽ താമസിക്കേണ്ടിവന്നു. ഗഫാർഖാന് പാക്കിസ്ഥാനിൽ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾ ഗാന്ധിജിക്ക് അറിയാമായിരുന്നു. ആത്മബന്ധുവിനുവേണ്ടി യാതൊന്നും ചെയ്യാൻ കഴിയാത്ത തന്റെ നിസ്സഹായാവസ്ഥ മഹാത്മജിയെ വല്ലാതെ വേദനിപ്പിച്ചു. രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ‘ഭാരത രത്ന’ നൽകി രാഷ്ട്രം ‘അതിർത്തി ഗാന്ധി’യെ ആദരിച്ചു.