കെൻ റോസ്‍വാൽ: പ്രായത്തെ തോൽപിച്ച റെക്കോർഡ്

അനിൽ ഫിലിപ്

ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് കിരീടം നേടിയതിലൂടെ 37–ാം വയസിൽ ഗ്രാൻസ്‌ലാം കിരീടം എന്ന നേട്ടം കൈവരിച്ച റോജർ ഫെഡററുടെ വാർത്ത കായികലോകത്തു നിറഞ്ഞുനിന്നത് കഴിഞ്ഞ ദിവസമായിരുന്നല്ലോ. ടെന്നിസിലെ ഓപ്പൺ യുഗത്തിൽ, 38–ാം വയസിൽ ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കിയ കെൻ റോസ്‍വാൽ കുറിച്ച റെക്കോർഡിന് 45 വർഷങ്ങൾക്കിപ്പറവും മാറ്റമില്ല. (ഓപ്പൺ യുഗത്തിനുമുൻപ് 1909ൽ ആർതർ ഗോർ 41 വയസും ആറു മാസവും പ്രായമുള്ളപ്പോള്‍ നേടിയ വിമ്പിൾഡൻ എക്കാലത്തെയും മികച്ച റെക്കോർഡാണ്)

1960കളിൽ ലോകം കണ്ട ഏറ്റവും മികച്ച ടെന്നിസ് താരമാണ് ഓസ്ട്രേലിയയുടെ കെന്നത്ത് റോബർട്ട് റോസ്‍വാൾ. അക്കാലത്തെ ഒന്നാംനിര താരം. 1951 മുതൽ 78 വരെ നീണ്ട കരിയറിൽ അമച്വർ, പ്രഫഷനൽ താരം എന്നീ നിലകളിൽ അദ്ദേഹം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി. സിംഗിൾസ് കരിയറിൽ ഉടനീളം 1655 ജയങ്ങൾ, 133 കിരീടങ്ങൾ, എട്ടു ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ, 15 പ്രൊ സ്‌ലാം കിരീടങ്ങൾ. ‌ഡബിൾസിൽ ഒൻപത് ഗ്രാൻസ്‌ലാം കിരീടങ്ങളും മിക്സഡ് ഡബിൾസിൽ ഒന്നും. ഇതുകൂടാതെ മൂന്ന് തവണ ഓസ്ട്രേലിയ ഡേവിസ് കപ്പ് നേടുമ്പോൾ ടീമിൽ അംഗം. ശരാശരി പൊക്കവും ഭാരവുംമാത്രമുള്ള റോസ്‍വാൾ തന്റെ വേഗതയേറിയ ശൈലിയും ബാക്ക്ഹാൻഡ് പോരാട്ടവുംകൊണ്ടാണ് ടെന്നിസ് മൈതാനങ്ങളെ കീഴടക്കിയത്.

1972ൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയതോടെയാണ് ഓപ്പൺ യുഗത്തിൽ ഏതെങ്കിലും ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷതാരം എന്ന റെക്കോർഡിനുടമയായത്. അന്ന് തന്റെ തന്നെ നാട്ടുകാരനായ മാൽ ആൻഡേഴ്സനെ 7–6, 6–3, 7–5 ന് തോൽപിക്കുമ്പോൾ റോസ്‍വാളിന് പ്രായം 37 വയസും രണ്ടു മാസവും ഒരു ദിവസവും. (അന്ന് ആൻഡേഴ്സന് പ്രായം 36). 1953ൽ, ഓപ്പൺ യുഗത്തിനുമുൻപ് തന്റെ ആദ്യ ഓസ്ട്രേലിയൻ ചാംപ്യൻഷിപ് നേടുമ്പോൾ അദ്ദേഹം കുറിച്ച റെക്കോർഡ് മാറ്റമില്ലാതെ ഇന്നും തുടരുന്നു – ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയൻ ചാംപ്യൻഷിപ് പുരുഷജേതാവ് (18 വയസ്, രണ്ടു മാസം).

കരിയറിലെ ആദ്യത്തെയും അവസാനത്തെയും ഓസ്ട്രേലിയൻ കിരീടങ്ങൾ നേടുമ്പോൾ 19 വർഷങ്ങളുടെ നീണ്ട കാലാവധി എന്നതും റെക്കോർഡായി തുടരുന്നു. 1974ൽ തന്റെ 39–ാം വയസിൽ റോസ്‍വാള്‍ വിമ്പിൾഡൻ, യുഎസ് ഓപ്പൺ ഫൈനലുകളിൽ കടന്നെങ്കിലും ജിമ്മി കോണേഴ്സിനോട് അടിയറവുപറഞ്ഞു. ടെന്നിസിലെ മികച്ച നേട്ടങ്ങളുടെ പേരിൽ 1980ൽ അദ്ദേഹത്തെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി ആദരിച്ചു. 83–ാം വയസിൽ സി‍ഡ്നിയിൽ താമസം.

‘ഹലോ’ പറഞ്ഞ് കൊലയാളി തിമിംഗലം; അന്തംവിട്ട് ഗവേഷകർ!!