1300 ഭൂമികളെ ‘വിഴുങ്ങാനുള്ള’ ശേഷി; വരുന്നു ആ വമ്പൻ ഗ്രഹം നമുക്കടുത്തേക്ക്..., NASA, Jupiter, Moon, Mars, Mercury, Padhippura, Manorama Online

1300 ഭൂമികളെ ‘വിഴുങ്ങാനുള്ള’ ശേഷി; വരുന്നു ആ വമ്പൻ ഗ്രഹം നമുക്കടുത്തേക്ക്...

ഏതാണു സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം? കണ്ണുംപൂട്ടി പറയാം വ്യാഴമാണെന്ന്. ഏകദേശം 1300 ഭൂമിയുടെ വലുപ്പമുണ്ട് ഈ ഭീമന്. പറഞ്ഞിട്ടെന്താ കാര്യം ഗ്രഹത്തിനകത്തേക്കു കടക്കാൻ പോലും ആർക്കും സാധിക്കില്ല. പലതരം വാതകങ്ങൾ നിറഞ്ഞതാണ് വ്യാഴം. എല്ലായിപ്പോഴും പല തരം ഡിസൈനായിരിക്കും കാഴ്ചയിൽ. വാതകങ്ങളുടെ നിറം മാറുന്നതിനനുസരിച്ച് വ്യാഴത്തിലെ പാറ്റേണുകളും മാറും. അതിനാൽത്തന്നെ വാനനിരീക്ഷകരുടെ ഇഷ്ടഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഈ ഭീമൻ ഗ്രഹത്തെ ബൈനോക്കുലറോ ടെലിസ്കോപ്പോ ഒന്നുമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാനുള്ള ഒരു അവസരം വന്നിരിക്കുകയാണ്. വ്യാഴത്തെ മാത്രമല്ല, അതിന്റെ നാല് ഉപഗ്രഹങ്ങളായ ഇയോ,ഗാനിമെയ്ഡ്, യൂറോപ്പ, കലിസ്റ്റോ എന്നിവയെയും.

ഒരു ദിവസം മുഴുവൻ രാത്രി ഇവ ഭൂമിയിൽ നിന്നു കാണാവുന്ന ഏറ്റവും വലുപ്പത്തിൽ തിളക്കത്തോടെ അങ്ങനെ നിൽക്കും. ജൂൺ 10നും 12നും ഇടയ്ക്കായിരിക്കും ഇത് സംഭവിക്കുകയെന്നും നാസ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളിൽ സന്ധ്യയോടെ തെക്കൻ ആകാശത്തേക്കു നോക്കിയാൽ മതി. ‘കണ്ണു ചിമ്മാതെ’ തിളങ്ങിത്തന്നെ നിൽക്കുന്ന ഒരു പ്രകാശബിന്ദുവിനെക്കണ്ടാൽ ഉറപ്പിച്ചോ, അത് വ്യാഴമാണ്. ഒന്നുകൂടി ശ്രദ്ധിച്ചാൽ വ്യാഴത്തിനു ചുറ്റും നാല് ഉപഗ്രങ്ങളെയും ‘സ്പോട്ട്’ ചെയ്യാം. എല്ലാ വർഷവും വ്യാഴം ഭൂമിക്ക് ഏറ്റവും അടുത്തെത്താറുണ്ട്. ഇത്തവണ അത് ജൂൺ പത്തിനാണ്. അന്ന് വ്യാഴവും ഭൂമിയും സൂര്യനും ഒരേ നേർരേഖയിൽ വരും. ഭൂമിയായിരിക്കും നടുവിൽ. വ്യാഴത്തിൽ നിറയെ പലതരം വാതകങ്ങളായതിനാലാണ് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് രാത്രി മുഴുവന്‍ തിളക്കത്തോടെ നിൽക്കാൻ സാധിക്കുന്നത്. ജൂൺ 10–12 തീയതികളിൽ തെക്കന്‍ ആകാശത്ത് ഏറ്റവും അടുത്തു കാണാമെന്നേയുള്ളൂ, ഈ മാസം മുഴുവൻ നമുക്ക് തൊട്ടടുത്ത് ഈ ഭീമൻ ‘ഗ്യാസ് ഗ്രഹ’മുണ്ടാകും.

ബൈനോക്കുലറോ ടെലിസ്കോപ്പോ ഉണ്ടെങ്കിൽ വ്യാഴത്തിലെ വാതകവലയങ്ങൾ വരെ ഒരുപക്ഷേ കാണാൻ സാധിക്കും. ഏകദേശം 79 ഉപഗ്രഹങ്ങളുണ്ട് വ്യാഴത്തിന്. അതിൽ ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന നാലെണ്ണമാണ് അടുത്തു കാണാനാവുക. 79ൽ ഏറ്റവും വലുതാണ് ഈ നാലും. തന്റെ ചെറു ടെലിസ്കോപ്പിലൂടെ ദിവസവും രാത്രി ഉപഗ്രഹങ്ങളെ നിരീക്ഷിച്ച ജ്യോതിശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലിയാണ് ഈ ഉപഗ്രഹങ്ങളുടെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തിയത്. അതിന്റെ ബഹുമാനാർഥമാണ് ഗലീലിയൻ ഉപഗ്രഹങ്ങളെന്ന പേരും. ഇവയിൽ ഇയോ 1.8 ദിവസം കൊണ്ട് വ്യാഴത്തെ ഒറ്റത്തവണ വലംവയ്ക്കും. സൗരയൂഥത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളുള്ള ഉപഗ്രഹമാണ് ഇയോ. ഏതുനേരവും ഇതിൽ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കും. ബഹിരാകാശത്ത് 300 കി.മീറ്ററിലേക്കു വരെ അഗ്നിപർവതങ്ങളിൽ നിന്നുള്ള സൾഫർ ഡൈ ഓക്സൈഡ് എത്തുന്നുണ്ട്.

എന്നാൽ യൂറോപ്പയിലേറെയും മഞ്ഞാണ്. മൂന്നര ദിവസം കൊണ്ട് ഇത് വ്യാഴത്തെ ഒരു തവണ വലംവയ്ക്കും. ഇതിന്റെ തൂവെള്ള മഞ്ഞുപാളിക്കു താഴെ ഒരു കടലുണ്ടെന്നും അതിൽ പ്രാചീനകാലം മുതൽ ജീവനുണ്ടെന്നുമാണ് ഗവേഷകരുടെ നിഗമനം. 7.2 ദിവസം കൊണ്ട് വ്യാഴത്തെ ഒരു തവണ വലംവയ്ക്കുന്ന ഗാനിമെയ്ഡ് ആണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം. ബുധനേക്കാളും വലുപ്പമുണ്ട് ഇവയ്ക്ക്. ഇതു നിർമിച്ചിരിക്കുന്നതും മഞ്ഞുകൊണ്ടാണ്. കലിസ്റ്റോ ഉപഗ്രഹത്തിന് വ്യാഴത്തെ വലംവയ്ക്കാൻ 16.7 ദിവസം വേണം. മഞ്ഞാണ് നിറയെ, ഒപ്പം പലതരം ബഹിരാകാശ വസ്തുക്കൾ വന്നിടിച്ചുണ്ടായ അടയാളങ്ങളും. ഗാനിമെയ്ഡ്, യൂറോപ്പ, കലിസ്റ്റോ എന്നീ ഉപഗ്രങ്ങളെക്കുറിച്ചു പഠിക്കാൻ ജൂപ്പിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ അഥവാ ജ്യൂസ് എന്ന പേടകത്തെ അടുത്ത വർഷം അയയ്ക്കാനിരിക്കുകയാണ് യൂറോപ്യൻ സ്പെയ്സ് ഏജൻസി.