ആകാശത്തേക്കു കുതിച്ചുയരാം ഈ ജെറ്റ് സ്യൂട്ടുണ്ടെങ്കിൽ!

‘പറക്കാൻ രണ്ടു ചിറകുകളുണ്ടായിരുന്നെങ്കിൽ...’ ഇങ്ങനെ ആഗ്രഹിക്കുന്നവരിൽ കുട്ടികൾ മാത്രമല്ല മുതിർന്നവരുമുണ്ട് ഏറെ. അതുകൊണ്ടു തന്നെ ‘പറക്കുന്ന’ സിനിമാതാരങ്ങളോട് അൽപം ഇഷ്ടവും കൂടുതലുമാണ് നമുക്ക്. സൂപ്പർമാനും സ്പൈഡർമാനും അയൺമാനുമൊക്കെ ഇങ്ങനെ നമ്മുടെ ഇഷ്ടത്തിനു മുകളിലൂടെ ഇപ്പോഴും തലങ്ങും വിലങ്ങും പാറിപ്പറക്കുകയുമാണ്. സൂപ്പർമാന് പ്രത്യേക കഴിവുണ്ട് പറക്കാൻ, ഒന്നാഞ്ഞു ചാടിയാൽ പോലും പറക്കുന്നതു പോലെയാണ്! സ്പൈഡർമാൻ പക്ഷേ ചിലന്തിവല നെയ്താണു ‘പറക്കുന്നത്’. എന്നാൽ അയൺമാനാണ് ഇക്കാര്യത്തിൽ അൽപം മാറിച്ചിന്തിക്കുന്നയാൾ. പുള്ളിക്കാരൻ കയ്യിലും കാലിലും ഓരോ കൊച്ചു റോക്കറ്റും ഘടിപ്പിച്ചാണ് ആകാശത്തേക്ക് പറക്കുന്നത്.

അയണ്‍മാന്റെ നെഞ്ചിലെ ആർക്ക് റിയാക്ടറിൽ നിന്നാണ് അതിന് ആവശ്യമുള്ള ഊർജം ലഭിക്കുന്നതും. പറക്കും സ്യൂട്ടിനു വേണ്ടി അയൺമാൻ തയാറാക്കിയെടുത്ത പ്രത്യേക സാങ്കേതികതയുമുണ്ട്. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ആകാശത്തേക്കു കുതിച്ചുയരാനാകും ആ സ്യൂട്ട് ധരിച്ചാൽ. അത്തരമൊരു സ്യൂട്ടിനു കൊതിക്കാത്ത കുട്ടികളുണ്ടാകില്ല. ഇപ്പോഴിതാ അയൺമാന്റെ പറക്കും സ്യൂട്ടും വിൽപനയ്ക്കെത്തുകയാണ്. പക്ഷേ അത് സിനിമയിൽ ഉപയോഗിക്കുന്നതല്ലെന്നു മാത്രം. സിനിമയിലെപ്പോലെ ആകാശത്തേക്കു കുതിച്ചുയർന്ന് ഏറെ ദൂരം പോകാനും സാധിക്കില്ല. പക്ഷേ ചിറകില്ലാതെ പറക്കാൻ കൊതിക്കുന്നവർക്ക് ഏറ്റവും പറ്റിയതാണ് ഈ സ്യൂട്ട്. ബ്രിട്ടനിലെ റിച്ചാർഡ് ബ്രൗണിങ് എന്ന സംരംഭകനാണ് ഇതിന്റെ നിർമാതാവ്.

ജെറ്റ് സ്യൂട്ടെന്നാണു പേര്. പേരു പോലെത്തന്നെ സംഗതിയുടെ ബലം ‘ജെറ്റ്’ ആണ്. സ്യൂട്ടിന്റെ കയ്യിലും പിറകിലുമായി അഞ്ച് ചെറു ജെറ്റ് എൻജിനുകളുണ്ട്. അവയിൽ പ്രവർത്തിക്കാനാവശ്യമായ റോക്കറ്റ് ഫ്യുവലും. ഡീസലിലും പ്രവർത്തിക്കും. ലണ്ടൻ ആസ്ഥാനമായുള്ള ബ്രൗണിങ്ങിന്റെ ഗ്രാവിറ്റി ഇൻഡസ്ട്രീസ് കമ്പനിയാണ് സ്യൂട്ട് നിർമിച്ചു വിൽക്കുന്നത്. നിലവിൽ ഒൻപത് ജെറ്റ് സ്യൂട്ടുകളാണ് വിൽപനയ്ക്കു തയാറായിരിക്കുന്നത്. ഓർഡർ ചെയ്യുന്ന ഓരോരുത്തരുടെയും ശരീരത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയായിരിക്കും സ്യൂട്ട് നൽകുക. 26.55 കിലോ ഗ്രാം വരും ഭാരം. നിറയെ ഇലക്ട്രോണിക്സ് സംവിധാനങ്ങളുമുണ്ട് സ്യൂട്ടിൽ. ഇതുപയോഗിച്ച് എങ്ങനെ പറക്കണമെന്നതിന്റെ ക്ലാസും നൽകും– ഒരു കോഴ്സ് ആയിട്ടു തന്നെയാണ് അതും പഠിപ്പിക്കുക. അത്രയേറെ ശ്രദ്ധിക്കണം പറക്കുമ്പോൾ.

തന്റെ കണ്ടെത്തൽ പരിചയപ്പെടുത്താൻ പോകുമ്പോൾ റിച്ചാർഡ് ബ്രൗണിങ് പോലും അധികം ഉയരത്തിലേക്കു പറക്കാറില്ല. തറനിരപ്പിൽ നിന്ന് ഏതാനും അടി ഉയരെ, അതും ഏതാനും മിനുറ്റു നേരത്തേക്കു മാത്രം. പക്ഷേ മണിക്കൂറിൽ 32 മൈൽ വരെ വേഗത്തിൽ സഞ്ചരിച്ചതിന്റെ റെക്കോർഡുണ്ട് ഈ സ്യൂട്ടിന്. 12,000 അടി വരെ ഉയരത്തിൽ ഈ സ്യൂട്ട് ധരിച്ച് പറന്നിട്ടുമുണ്ട്. പക്ഷേ കൃത്യമായ പരിശീലനം വേണം, ഏറെ ശ്രദ്ധയും. നിലത്തു വീണാലും പരുക്കേൽക്കാതിരിക്കാൻ സഹായിക്കുന്ന സംവിധാനങ്ങളും ഹെൽമറ്റും ഉൾപ്പെടെയാണ് സ്യൂട്ട്. എന്നാൽ ഇതൊന്നു വാങ്ങിച്ചേക്കാമെന്നു കരുതിയാൽ വിലകേട്ടു ഞെട്ടാൻ തയാറായിക്കോളൂ– ഒരൊറ്റ ജെറ്റ് സ്യൂട്ടിനു നൽകേണ്ടത് ഏകദേശം 2.8 കോടി രൂപയാണ്!!