പറന്നു നടക്കുന്ന മനുഷ്യരുമായി ഒരു മത്സരം സംഘടിപ്പിച്ചാൽ എന്തു സംഭവിക്കും?, Jet Suit, Gravity industries, Manorama Online

പറന്നു നടക്കുന്ന മനുഷ്യരുമായി ഒരു മത്സരം സംഘടിപ്പിച്ചാൽ എന്തു സംഭവിക്കും?

നവീൻ മോഹൻ

ഹാരി പോട്ടർ സിനിമകളിൽ കൂട്ടുകാരെ ഏറ്റവും ഹരം പിടിച്ച രംഗം ഏതായിരിക്കും? ഭൂരിപക്ഷം പേരും പറയുക ഒറ്റ ഉത്തരമായിരിക്കും–ഹാരിയുടെയും കൂട്ടരുടെയും ക്വിഡിച്ച് മത്സരം. പറക്കുംചൂലിൽ കയറി പറക്കും പന്തുകൾക്കു പിന്നാലെ പായുന്ന ആ കളിയിൽ പങ്കെടുക്കുകയെന്നത് ഹാരിയുടെ മാന്ത്രിക സ്കൂളായ ഹോഗ്‌വാർട്സിലെ മാത്രമല്ല ലോകമെമ്പാടുമുള്ള കുട്ടികളുടെയും സ്വപ്നമായിരുന്നു. പക്ഷേ ചൂലിൽ കയറാതെ തന്നെ പറക്കാൻ സാധിച്ചാൽ എങ്ങനെയുണ്ടാകും? അതിപ്പോൾ അയൺ മാന്റെ പറക്കും സ്യൂട്ട് ലഭിച്ചാൽ ഒരുപക്ഷേ സാധിക്കുമായിരിക്കും. യഥാർഥത്തിൽ അയൺമാനും ഹാരിപോട്ടറിന്റെ ക്വിഡിച്ചും ഒരുമിച്ചു ചേരാൻ പോവുകയാണ്. യുകെയിലെ ഗ്രാവിറ്റി എന്ന കമ്പനി അതിന്റെ ആദ്യപടി കടക്കുകയും ചെയ്തു.

അയൺമാനിലെ ടോണി സ്റ്റാർക്ക് ധരിക്കുന്ന അതേ തരം സ്യൂട്ടാണ് ഗ്രാവിറ്റി നിർമിച്ചത്. ഇരുപതിലേറെ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ഈ സ്യൂട്ടിനു കമ്പനി കഴിഞ്ഞ ദിവസം പേറ്റന്റും സ്വന്തമാക്കി. ലോകത്തിലാദ്യമായാണ് മനുഷ്യ ശരീരത്തിൽ ഉപയോഗിക്കാവുന്ന ഒരു ജെറ്റ് സ്യൂട്ടിന് പേറ്റന്റ് ലഭിക്കുന്നത്. ശരിക്കും ശരീരത്തിൽ ഒരു ‘ജെറ്റ്’ ഘടിപ്പിച്ചതാണിത്. ബ്രിട്ടിഷ് ഗവേഷകനും ഗ്രാവിറ്റി ഇൻഡസ്ട്രീസിന്റെ തലവനുമായ റിച്ചാർഡ് ബ്രൗണിങ് ആണ് ഈ സ്യൂട്ടിന്റെ നിർമാണത്തിനു പിന്നിൽ. വെയറബിള്‍ ഫ്ലൈറ്റ് സിസ്റ്റം എന്നാണ് ബ്രൗണിങ് ഇതിനു നൽകിയിരിക്കുന്ന പേര്. അതായത്, ദേഹത്തു ധരിച്ചു പറക്കാൻ സഹായിക്കുന്ന സംവിധാനം.
ടർബൈൻ എൻജിനാണ് ഈ പറക്കുംസൂത്രത്തിനു പിന്നിൽ. ഇന്ധനത്തിനൊപ്പം വായു കംപ്രസ് ചെയ്തുനിറച്ചു കത്തിച്ച് ഒരു ടർബൈന്റെ സഹായത്തോടെ പറക്കാനുള്ള ഊർജം ഉൽപാദിപ്പിക്കുന്നതാണ് സ്യൂട്ടിന്റെ രീതി. രണ്ടു കൈകളിലും പിറകിലുമായിരിക്കും സ്യൂട്ടിന്റെ ഭാഗമായുള്ള ടർബൈൻ എൻജിനുകൾ ഘടിപ്പിക്കുക. ആകെ നാലു ഗ്യാസ് ടർബൈനുകളുണ്ടാകും. അവ ‘കത്തിച്ച്’ മണിക്കൂറിൽ 55 മീറ്റർ വേഗത്തിൽ സഞ്ചരിക്കാനുള്ള ശേഷിയുമുണ്ട് സ്യൂട്ടിന്. ശരീരം കൊണ്ട് നിയന്ത്രിക്കാവുന്ന ഇത്തരമൊരു ജെറ്റ് എൻജിൻ സ്യൂട്ട് ഉപയോഗിച്ച് ഏറ്റവും വേഗത്തിൽ സഞ്ചരിച്ചതിന്റെ റെക്കോർഡും ഇപ്പോൾ ഇതിന്റെ പേരിലാണ്. ബ്രൗണിങ് തന്നെയാണ് ലോകമെമ്പാടും സഞ്ചരിച്ച് തന്റെ സ്യൂട്ട് പരിചയപ്പെടുത്തിയതും.

പേറ്റന്റ് കിട്ടിയ സ്ഥിതിക്ക് ഇനിയാണ് ‘ക്വിഡിച്ചിന്റെ’ വരവ്. ശരിക്കും ഹോഗ്‌വാർട്സിലെ മത്സരമല്ല കേട്ടോ. പക്ഷേ ഈ ജെറ്റ് സ്യൂട്ട് ധരിച്ച് പറന്നുള്ള ഒരു കായികവിനോദമാണ് ഗ്രാവിറ്റി ഇൻഡസ്ട്രീസിന്റെ മനസ്സിൽ. ഇതിൽ മത്സരിക്കുന്ന ടീമുകൾക്കു വേണ്ടി കൂടുതൽ സ്യൂട്ടുകൾ നിർമിക്കാനൊരുങ്ങുകയാണ് കമ്പനി. ഗ്രാവിറ്റി റേസ് സീരീസ് എന്ന പേരിൽ മത്സരം ഈ വർഷം അവസാനത്തോടെ തന്നെ ജനങ്ങൾക്ക് കാണാമെന്നും അദ്ദേഹം പറയുന്നു. ലോകമെമ്പാടും ഇതു സംപ്രേഷണം ചെയ്യാനും പദ്ധതിയുണ്ട്. കടലിനും തടാകത്തിനും മുകളിലൂടെ ജെറ്റ് സ്യൂട്ട് ധരിച്ചു പായുന്ന കായിക താരങ്ങളെ ഉൾപ്പെടുത്തി ഒരു ഷോ അടുത്തിടെ ഗ്രാവിറ്റി നടത്തിയിരുന്നു.
തടാകത്തിലെ പലവിധ പ്രതിബന്ധങ്ങൾക്കിടയിലൂടെ പാഞ്ഞുപോകുന്ന കാഴ്ച കണ്ട് ചുറ്റിലും കൂടിനിന്നവർ അന്തംവിട്ടു പോയെന്നതാണു സത്യം. എന്തായാലും പറക്കുംമനുഷ്യരുടെ ആദ്യത്തെ മത്സരം ഗീഭീര വിജയമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. അതിനിടെ കുട്ടികൾക്കായി യുകെയിലെ സ്കൂളുകളിൽ STEM എന്ന പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട് ഗ്രാവിറ്റി. സയൻസ് (S), ടെക്നോളജി (T), എൻജിനീയറിങ് (E), മാത്തമാറ്റിക്സ് (M) വിഷയങ്ങളിൽ കുട്ടികൾക്കു കൂടുതൽ താൽപര്യം ജനിപ്പിക്കാനാണു പദ്ധതി. അവര്‍ വളർന്നു വലുതാകുമ്പോഴേക്കും ഒരുപക്ഷേ വമ്പൻ സംഭവമായാലോ ഗ്രാവിറ്റി റേസ് സീരീസ്!

Summary : Jet Suit, Gravity industries